Latest News

ഈജിപ്തില്‍ റഷ്യന്‍വിമാനം തകര്‍ന്ന് 224 യാത്രക്കാര്‍ മരിച്ചു

കയ്‌റോ:[www.malabarflash.com] റഷ്യന്‍ യാത്രാവിമാനം ഈജിപ്തിലെ സിനായില്‍ തകര്‍ന്നു വീണു വിമാനത്തിലുണ്ടായിരുന്ന 224 പേരും കൊല്ലപ്പെട്ടു. വിമാനം തങ്ങള്‍ തകര്‍ത്തതാണെന്ന് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ട്വിറ്ററിലൂടെ അവകാശവാദമുന്നയിച്ചു. എന്നാല്‍, ഐഎസ് ആക്രമണമാണോ അപകടകാരണമെന്ന് വിശദമായ അന്വേഷണത്തിനു ശേഷമല്ലാതെ ഉറപ്പിക്കാനാവില്ലെന്നു റഷ്യന്‍ ഗതാഗതമന്ത്രിയും വ്യക്തമാക്കി.

ചെങ്കടലിലെ റിസോര്‍ട്ട് നഗരമായ ഷറം അല്‍ ഷെയ്ഖില്‍നിന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്കു പുറപ്പെട്ട വിമാനത്തില്‍ 217 വിനോദസഞ്ചാരികളും ഏഴു ജീവനക്കാരുമാണുണ്ടായിരുന്നത്. വിനോദ സഞ്ചാരികള്‍ക്കായി ചാര്‍ട്ടര്‍ ചെയ്ത വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരില്‍ മൂന്നു യുക്രെയ്ന്‍കാരൊഴികെ എല്ലാവരും റഷ്യക്കാരാണ്. 138 സ്ത്രീകളും 62 പുരുഷന്മാരും 17 കുട്ടികളും. പൂര്‍ണമായും തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തിട്ടുണ്ട്.

വടക്കന്‍ സിനായിലെ അല്‍ അറിഷ് നഗരത്തിനടുത്തുള്ള മലമ്പ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കു സ്വാധീനമുള്ള മേഖലയാണിത്. നൂറുകണക്കിനു ഈജിപ്ഷ്യന്‍ സൈനികരെ ഇവിടെ സമീപകാലത്ത് ഐഎസ് കൊലപ്പെടുത്തിയിട്ടുണ്ട്. ഭീകരര്‍ക്കെതിരെ റഷ്യ കഴിഞ്ഞ മാസം ഇവിടെ വ്യോമാക്രമണം നടത്തിയിരുന്നു. സിറിയയിലും ഐഎസ് ഭീകരര്‍ക്കെതിരെ റഷ്യന്‍ ഇടപെടല്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഈജിപ്ത് പ്രധാനമന്ത്രി ഷരീഫ് ഇസ്മായിലിന്റെ നേതൃത്വത്തില്‍ മന്ത്രിമാരടങ്ങിയ ഉന്നതതല സംഘം സംഭവസ്ഥലത്തെത്തി. റഷ്യയുടെ അടിയന്തര സുരക്ഷാ വിഭാഗവും അന്വേഷണ സംഘവും സിനായിലെത്തി. രണ്ടു മന്ത്രിമാരും സംഘത്തോടൊപ്പമുണ്ട്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പുല്‍കോവോ വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബന്ധുക്കള്‍ വിവരങ്ങള്‍ക്കായി കാത്തുനില്‍ക്കുകയാണ്. റഷ്യയില്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഞായറാഴ്ച ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ യാത്രപുറപ്പെട്ട വിമാനം സിനായി പ്രദേശത്തിനു മുകളില്‍ 9400 മീറ്റര്‍ ഉയരത്തില്‍ പറക്കുമ്പോഴാണ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. അല്‍പനിമിഷത്തിനുശേഷം തുര്‍ക്കിയിലെ എയര്‍കണ്‍ട്രോള്‍ റൂമില്‍ വിമാനത്തില്‍നിന്നുള്ള സിഗ്‌നല്‍ ലഭിച്ചു. പിന്നീട് ബന്ധം പൂര്‍ണമായും നഷ്ടപ്പെട്ടു. വിമാനം രണ്ടായി പിളര്‍ന്നുവെന്ന് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു. വാല്‍ഭാഗത്തു തീ പിടിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയപ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു നിലവിളി കേട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും പിന്നീട് എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചു.

അതേസമയം, സംഭവത്തെത്തുടര്‍ന്ന് യൂറോപ്പിലെ മുന്‍നിര വിമാനക്കമ്പനികളായ ജര്‍മനിയിലെ ലുഫ്താന്‍സയും ഫ്രാന്‍സിലെ എയര്‍ ഫ്രാന്‍സും സുരക്ഷാകാരണങ്ങളാല്‍ വടക്കന്‍ സിനായ് മേഖലയിലൂടെ പറക്കുന്നത് ഒഴിവാക്കിയതായി പ്രഖ്യാപിച്ചു.




Keywords: world News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.