Latest News

നാരായണഗുരുവിന്റെ നാട്ടില്‍ രാഷ്ട്രീയ തൊട്ടുകൂടായ്മയെന്ന് മോദി

തൃശൂര്‍:[www.malabarflash.com] നാരായണഗുരു ജീവിച്ചിരുന്ന നാട്ടില്‍ രാഷ്ട്രീയ തൊട്ടുകൂടായ്മയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊട്ടുകൂടായ്മയ്‌ക്കെതിരെ നവോത്ഥാനനായകര്‍ പ്രവര്‍ത്തിച്ച നാടാണ് കേരളമെന്ന് പറഞ്ഞുകൊണ്ടാണ് വിവാദങ്ങളെ പരാമര്‍ശിക്കാതെ മോദി ഇത് പറഞ്ഞത്. രാഷ് ട്രീയ തൊട്ടുകൂടായ്മ ഏറ്റവും കൂടുതല്‍ കാണുന്നത് കേരളത്തിലാണെന്ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ബി.ജെ.പി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു.

പ്രധാനമന്ത്രിയായ ശേഷം കേരളത്തില്‍ എത്താന്‍ ഇത്രയും വൈകിയതില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. ഇനി അങ്ങനെയുണ്ടാകില്ലെന്നും മോദി സദസ്സിനോടായി പറഞ്ഞു. ശബരിമല സന്ദര്‍ശനത്തോടെ കേരളത്തില്‍ തുടങ്ങണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ തീര്‍ഥാടകരുടെ സന്ദര്‍ശനത്തിന് തടസ്സമുണ്ടാകാതെ ദര്‍ശനം വേണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് അത് മാറ്റിവെച്ചത്.

രാഷ്ട്രീയകൊലപാതകങ്ങളെ പരാമര്‍ശിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്ന അവസ്ഥയാണ് കേരളത്തിലെന്ന് മോദി പറഞ്ഞു. ഇന്ത്യയില്‍ തന്നെ കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കാണ് ഏറ്റവും വെല്ലുവിളി നേരിടേണ്ടിവരുന്നത്.

അരനൂറ്റാണ്ടിനിടെ 200 ഓളം പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടപ്പെട്ടു. കേരളത്തിലെ പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യം അനുകരണീയമാണ്. കൊലപാതക രാഷ്ട്രീയം കേരളത്തിലെ പോലെ മറ്റെവിടെയുമില്ല.

കേരളത്തിലെ ജനം ബി.ജെ.പിയെ അംഗീകരിച്ചു തുടങ്ങി. കേരളത്തില്‍ ബി.ജെ.പി എത്ര വോട്ടിന് തോറ്റു എന്നതായിരുന്നു ഇതുവരെയുള്ള ചര്‍ച്ച. ജനങ്ങള്‍ മുഴുവന്‍ മാറിചിന്തിക്കുന്നതിന്റെ സൂചനകളാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടത്.

പ്രവാസിക്ഷേമത്തിന് തന്റെ സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കി. ഭീകരരുടെ കൈയില്‍ അകപ്പെട്ട മലയാളി നഴ്‌സുമാരെ രക്ഷിക്കാന്‍ കഴിഞ്ഞത് നേട്ടമായി. മെയ്ക് ഇന്‍ ഇന്ത്യ യുവാക്കളെ ലക്ഷ്യമിട്ടാണ്. വ്യവസായിക വളര്‍ച്ച വലിയ തോതില്‍ വര്‍ധിച്ചു. ഉത്പാദനമേഖലയില്‍ 15 ശതമാനം വളര്‍ച്ചനേടായി. 

കേരളത്തിലെ യുവാക്കള്‍ ഭാഷയുടെ കാര്യത്തിലും കഴിവിന്റെ കാര്യത്തിലും മുമ്പിലാണ്. സ്റ്റാര്‍ട്ട്പ്പ് പദ്ധതികള്‍ യുവാക്കള്‍ക്ക് വേണ്ടിയാണ്. സ്റ്റാര്‍ട്ടപ്പ് പദ്ധതികളില്‍ വനിതകള്‍ക്കും ദളിതര്‍ക്കും പ്രാമുഖ്യം നല്‍കും. അതിനായി പദ്ധതികള്‍ കൊണ്ടുവരും. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആദ്യം നടപ്പിലാക്കിയത് കേരളത്തിലാണ്.

മത്സ്യബന്ധനതൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. തൊഴിലാളികള്‍ക്ക് നേരിട്ട് മത്സ്യം കയറ്റുമതി ചെയ്യാവുന്ന സാഹചര്യമുണ്ടാക്കും. പ്രതിസന്ധി നേരിടുന്ന റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി റബറിന്റെ ഇറക്കുമുതി ചുങ്കം വര്‍ധിപ്പിച്ചു. റബര്‍ ഇറക്കുമതിക്ക് നിയന്ത്രണവും പ്രത്യേക നികുതിയും ഏര്‍പ്പെടുത്തി. കര്‍ഷകരെ സഹായിക്കാനായി റബറിനെ മേക്കിങ് ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലാണ്. ജോലിക്കായി മറ്റ് നാടുകളിലേക്ക് പോകുന്നത് ഒഴിവാക്കാനാണ് മേക്ക് ഇന്‍ ഇന്ത്യ.

2100 കോടി രൂപ പ്രധാനമന്ത്രി മുദ്രയോജനയിലൂടെ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. പിന്നാക്കക്കാര്‍ക്ക് പ്രധാനമന്ത്രിയുടെ മുദ്രബാങ്ക് പദ്ധതി ഗുണം ചെയ്തു. കേരളത്തില്‍ മൂന്നാമത്തെ ശക്തി ഉദയം ചെയ്തതുവെന്ന പ്രഖ്യാപനത്തോടെയാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.

മൂന്നാം ശക്തിയുടെ ഉദയം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. മാറിമാറി ഭരിക്കുന്ന രണ്ട് മുന്നണികളും ഒത്തുകളിക്കുകയാണ്. രണ്ടുമുന്നണികളും മാറിമാറി ഭരിച്ച് കേരളത്തെ കട്ടുമുടിക്കുകയാണ്. മൂന്നാംമുന്നണി കേരളത്തില്‍ ശിവന്റെ തൃക്കണ്ണാകും അത് സംസ്ഥാനത്തിന്റെ ഭാവിമാറ്റിമറിക്കുമെന്ന് മോദി പറഞ്ഞു. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ക്രിസ്മസ് നവവത്സര ആശംസകള്‍ നേരുന്നുവെന്ന് പറഞ്ഞുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു.

രാഷ്ട്രീയ വിവാദത്തെ നേരിട്ട് പരാമര്‍ശിക്കാതെ എന്നാല്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ മൂന്നാമത്തെ ശക്തി ഉദയം ചെയ്തുവെന്ന് പ്രസംഗത്തിലൂടെ ഫലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കേരളത്തിലെ ബി.ജെ.പിയുടെ പ്രചാരണത്തിന്റെ കാഹളംമുഴക്കുന്നതായി പ്രധാനമന്ത്രിയുടെ പ്രസംഗം.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.