Latest News

പെണ്‍മക്കളെ കെട്ടിച്ചയച്ച് കടം കയറിയ റബ്ബര്‍ കര്‍ഷകന്‍ ആസിഡ് കഴിച്ച് മരിച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] മൂന്ന് പെണ്‍മക്കളെ കെട്ടിച്ചയച്ചതിന്റെ കട ബാധ്യതയെത്തുടര്‍ന്ന് റബ്ബര്‍കര്‍ഷകന്‍ ആസിഡ് കഴിച്ച് ജീവനൊടുക്കി.
തായന്നൂര്‍ വരഞ്ഞൂരിലെ വാഴവളപ്പില്‍ കുഞ്ഞിരാമ(65)നാണ് ആത്മഹത്യ ചെയ്തത്.

ചൊവ്വാഴ്ച രാത്രി 10 മണിയൊടെയാണ് കുഞ്ഞിരാമനെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ ആസിഡ് അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ജില്ലാശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഭക്ഷണത്തിന് ശേഷം കിടപ്പുമുറിയിലേക്ക് പോയ കുഞ്ഞിരാമനെ പിന്നീട് ആസിഡ് കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

മക്കളെ കെട്ടിച്ചയച്ച് ബാധ്യതക്ക് പുറമേ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് നടത്തിയ റബ്ബര്‍ കൃഷിയും തകര്‍ന്നതാണ് ആത്മഹത്യക്ക് കാരണമെന്ന് പറയപ്പെടുന്നു. തുടക്കത്തില്‍ നല്ല വില കിട്ടിയിരുന്നതിനാല്‍ റബ്ബര്‍ കൃഷി ലാഭത്തിലായിരുന്നു.
സമീപകാലത്തായി റബ്ബറിന് വന്‍തോതില്‍ വിലയിടിഞ്ഞതോടെ ബാങ്ക് വായ്പ കൃത്യമായി അടക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. കുഞ്ഞിരാമന് ബാങ്കില്‍ നിന്ന് നോട്ടീസുംവന്നിരുന്നു. ഇതോടെ കടുത്ത മനോവിഷമത്തിലായ കുഞ്ഞിരാമന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.ഭാര്യ;അംബിക. മക്കള്‍: അനിത, സുനിത,അജിത. അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

കാസര്‍കോട് ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ റബ്ബര്‍ വിലയിടിവുകാരണം നിരവധി കര്‍ഷകര്‍ കടുത്ത ദുരിതത്തിലാണ്. റബ്ബര്‍ മേഖലയിലെ പ്രതിസന്ധിക്ക് ഇനിയും പരിഹാരം കാണാത്തതിനാല്‍ പല കര്‍ഷകരും ആത്മഹത്യയുടെ വക്കിലാണ്.
ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്താണ് പല കര്‍ഷകരും റബ്ബര്‍ കൃഷി നടത്തിവരുന്നത്. റബ്ബര്‍ കര്‍ഷകര്‍ക്ക് കടാശ്വാസപദ്ധതികളും ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.