Latest News

നന്‍മ വിതച്ച് ഗ്രീനി പരിസ്ഥിതി ക്ലബ്ബ്

നീലേശ്വരം:[www.malabarflash.com] ഒഴിഞ്ഞവളപ്പ് ഗ്രീനി പരിസ്ഥിതി ക്ലബ്ബിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മറ്റൊരു ദൗത്യം കൂടി. പരിസ്ഥിതി സംരക്ഷിക്കുന്നതിന് പ്രവര്‍ത്തിച്ച് ശ്രദ്ധ നേടിയ ഇവര്‍ പാടത്ത് ജൈവ പച്ചക്കറി കൃഷിയിറക്കുകയാണ്.

പ്രദേശത്തെ മണല്‍ക്കടത്തുന്നതിനെതിരെ ശബ്ദിക്കുകയും അധികാരികളെ കൊണ്ട് അത് തടയിക്കുകയും ചെയ്തു കൊണ്ടാണ് ഗ്രീനി ക്ലബ്ബ് എന്ന പരിസ്ഥിതി കൂട്ടായ്മ വളര്‍ന്നു വന്നത്. ഇന്ന് ജില്ലയിലും ജില്ലയ്ക്ക് പുറത്തും ശ്രദ്ധേയമാണ് ഈ കുട്ടികൂട്ടായ്മ.

പ്ലാസ്റ്റിക് വിപത്തിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും പ്ലാസ്റ്റിക് പ്രദേശത്തെ 100വീടുകളിലെ മാലിന്യങ്ങള്‍ ശേഖരിച്ച് പുനരുല്പാദന കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു. ക്ലീന്‍ വില്ലേജ് എന്ന പദ്ധതിയും പ്രദേശത്തെ പാതയോരങ്ങളില്‍ മരതൈക്കള്‍ വച്ച് പിടിപ്പിക്കുകയും ചെയ്യുന്നു. ഒരു വീട്ടില്‍ ഒരു മരം പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ 100വീടുകളിലും മരതൈകള്‍ ഇവര്‍ തന്നെ നട്ടു കൊടുത്തു. ഒരു വീട്ടില്‍ ഒരു ഔഷധസസ്യം പദ്ധതിയുടെ ഭാഗമായി ഓണനാളില്‍ മാവേലി വേഷമണിഞ്ഞ് വേപ്പിന്‍ തൈകള്‍ വിതരണം ചെയ്തു. കൂടാതെ നിരവധി പരിസ്ഥിതി പഠന, ബോധവല്‍ക്കരണ പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായി ഇവര്‍ ഉണ്ടാകാറുണ്ട്.

പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സംക്രിയരാണെങ്കിലും പ്രദേശത്തെ ചില മദ്യപാനികളുടെ ശല്യം ഇവരുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. സന്ധ്യകഴിഞ്ഞാല്‍ ഒഴിഞ്ഞ വളപ്പ് ജംഗ്ഷനില്‍ മദ്യപാനികളുടെയും ചീട്ടുകളി സംഘങ്ങളുടെയും വിഹാര കേന്ദ്രമാകുന്നു. പാതയോരത്ത് നട്ട മരതൈകള്‍ നശിപ്പിക്കുക ഇത്തരം സാമൂഹ്യദ്രോഹികള്‍ പതിവാക്കിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ടെന്ന് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ കെ.കെ.ഷാജി പറഞ്ഞു.

ഇപ്പോള്‍ പാടത്ത് 50 സെന്‍റിലാണ് പച്ചക്കറി വിത്തെറിഞ്ഞത്. പയര്‍, ചീര, വെണ്ട, വെള്ളരി, മത്തന്‍ കുമ്പളങ്ങ, ചോളം എന്നിവയാണ് കൃഷി ചെയ്യുന്നത്. പൂര്‍ണ്ണമായും ജൈവളം ഉപയോഗിച്ചുള്ളതാണ് കഷി. ക്ലബ്ബ് കോഡിനേറ്റര്‍ കെ.കെ.ഷാജി, പ്രസിഡണ്ട് സൂരജ്, സെക്രട്ടറി അഖില്‍, ശ്യം, മനോജ്, മിഥുന്‍, വിഷ്ണു, അക്ഷയ് എന്നിവര്‍ നേതൃത്വം നല്കുന്നു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.