Latest News

ഓണ്‍ലൈന്‍ പെണ്‍വാണിഭം: രാഹുലിനും ഭാര്യക്കും ജാമ്യം

കൊച്ചി:[www.malabarflash.com] ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ചുംബനസമര സംഘാടകന്‍ രാഹുല്‍ പശുപാലനും ഭാര്യ രശ്മിക്കും ഹൈകോടതി ജാമ്യം അനുവദിച്ചു. ഹരജിക്കാര്‍ അറസ്റ്റിലായി 90 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നത് കണക്കിലെടുത്താണ് ജസ്റ്റിസ് സുനില്‍ തോമസ് ഇരുവര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

2015 നവംബര്‍ 18നാണ് ഇരുവരും പൊലീസ് പിടിയിലായത്. നിയമപരമായി ജാമ്യം അനുവദിക്കാവുന്ന ജുഡീഷ്യല്‍ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാവുകയും കുറ്റപത്രം സമര്‍പ്പിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിയമപരമായി ജാമ്യത്തിന് ഹരജിക്കാര്‍ക്ക് അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. 

10,000 രൂപ വീതമുള്ള സ്വന്തവും സമാന തുകക്കുള്ള മറ്റ് രണ്ടുപേരുടെ വീതവും ബോണ്ട് കെട്ടിവെക്കണമെന്നതാണ് ഒരു ജാമ്യഉപാധി. സാമൂഹിക മാധ്യമങ്ങളിലൂടെയും ഇന്‍റര്‍നെറ്റിലൂടെയും ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ പാടില്ലെന്നും ബംഗളൂരുവിലും മറ്റും ഇവര്‍ക്കെതിരെ കേസുകളുള്ള സാഹചര്യത്തില്‍ കോടതിയും കേസുകളുമായി ബന്ധപ്പെട്ടല്ലാതെ കേരളംവിട്ട് പോകരുതെന്ന ഉപാധിയും പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാസ്പോര്‍ട്ട് കോടതിയെ ഏല്‍പിക്കുക, എല്ലാ ശനിയാഴ്ചയും തിങ്കളാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകുക, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക, സാക്ഷികളെയോ കേസുമായി ബന്ധപ്പെട്ടവരെയോ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികള്‍.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.