Latest News

കരിന്തളം തങ്കമണി വധക്കേസിന്റെ വിചാരണ തുടങ്ങി

കാസര്‍കോട്:[www.malabarflash.com] കരിന്തളം മയ്യങ്ങാനം സ്വദേശിയും കാസര്‍കോട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി മുന്‍ സീനിയര്‍ സൂപ്രണ്ട് കെ ഭാസ്‌കരന്റെ ഭാര്യയുമായ കെ.പി തങ്കമണിയെ(45) കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ സെഷന്‍സ് (രണ്ട്) കോടതിയില്‍  ആരംഭിച്ചു.

കാഞ്ഞങ്ങാട്ടെ ഫര്‍ണിച്ചര്‍ ഷോപ്പുടമയായിരുന്ന കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി അബ്ദുള്ള ഹിതാസാ(27)ണ് പ്രതി. 2010 ആഗസ്റ്റ് 17ന് രാവിലെയാണ് മയ്യങ്ങാനത്തെ വീട്ടില്‍ തങ്കമണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തങ്കമണിയും ഒന്നരവയസ്സുള്ള കൊച്ചുമകനും മാത്രം വീട്ടിലുള്ളപ്പോഴാണ് അബ്ദുള്ള ഹിതാസി മയ്യങ്ങാനത്തെ വീട്ടിലെത്തി കഴുത്ത് ഞെരിച്ച് തങ്കമണിയെ കൊന്നശേഷം വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് 35 തവണ ശരീരമാസകലം കുത്തിയത്. തുടര്‍ന്ന് പന്ത്രണ്ടര പവന്റെ സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു. എന്നാല്‍ കവര്‍ച്ച ആയിരുന്നില്ല പ്രതിയുടെ ലക്ഷ്യം. 

അബ്ദുള്ള ഹിതാസി നടത്തിവന്ന കാഞ്ഞങ്ങാട്ടെ ഫര്‍ണിച്ചര്‍ കടയില്‍നിന്ന് തങ്കമണി ഫര്‍ണിച്ചര്‍ വാങ്ങിയിരുന്നു. ഇത് ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് വഴിവെച്ചു. തുടര്‍ന്ന് ഫോണ്‍ സംഭാഷണത്തിലേക്ക് സൗഹൃദം വളര്‍ന്നു. ഈ കാലത്ത് 2.16 ലക്ഷം രൂപ അബ്ദുള്ള ഹിതാസി തങ്കമണിക്ക് നല്‍കി.തുടര്‍ന്നും തങ്കമണി പണം ആവശ്യപ്പെട്ടു. എന്നാല്‍ താസി പണം നല്‍കാന്‍ തയ്യാറായില്ല. അതിനിടെ ഇവരുടെ വഴിവിട്ട ഫോണ്‍ സംഭാഷണം തങ്കമണി തന്റെ സെല്‍ഫോണില്‍ റെക്കോഡ് ചെയ്തിരുന്നു. തുടര്‍ന്നും പണം നല്‍കാതായപ്പോള്‍ തങ്കമണി താസിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തന്റെ കുടുംബജീവിതം തകര്‍ക്കുമെന്നതടക്കമുള്ള ഭീഷണി ഉയര്‍ന്നപ്പോഴാണ് താസി തങ്കമണിയെ വകവരുത്തിയത്. 

ഏറ്റവും ഒടുവില്‍ തങ്കമണി അഞ്ചുലക്ഷം രൂപ നല്‍കണമെന്ന് താസിയോട് ആവശ്യപ്പെട്ടു. ഇത് നല്‍കാമെന്ന് പറഞ്ഞാണ് ഭര്‍ത്താവ് ഭാസ് ക്കരന്‍ വീട്ടിലില്ലാത്ത സമയത്ത് താസി തങ്കമണിയുടെ വീട്ടിലെത്തിയത്. 25,000 രൂപയും കൊണ്ടുപോയിരുന്നു. അഞ്ചുലക്ഷം രൂപയില്ലാതെയെത്തിയ താസിയുമായി തങ്കമണി വഴക്കിട്ടു. വഴക്ക് മൂത്തപ്പോള്‍ താസി തങ്കമണിയെ തോര്‍ത്തുമുണ്ടുകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയും മരണം ഉറപ്പ് വരുത്താനായി 35തവണ വയറ്റിലും നെഞ്ചിലും തുരുതുരാ കുത്തുകയുമായിരുന്നു.
കളവ് ചെയ്യപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ വിവിധ പണമിടപാട് സ്ഥാപനങ്ങളില്‍ പണയംവെച്ചിരുന്നു. ഇത് പിന്നീട് പോലീസ് കണ്ടെടുത്തു. പ്രതി കെഎല്‍ 14 യു 7732 നമ്പര്‍ കാറിലാണ് മയ്യങ്ങാനത്തെത്തിയത്. ഈ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തെളിവുകള്‍ അവശേഷിപ്പിക്കാതെ ആസൂത്രിതമായി ചെയ്ത കുറ്റകൃത്യമായതിനാല്‍ വളരെ പണിപ്പെട്ടാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.