Latest News

കേരളത്തില്‍ തമ്മിലടി, ബംഗാളില്‍ മോതിരം മാറ്റം: രാജ്‌നാഥ് സിങ്‌

തിരുവനന്തപുരം;[www.malabarflash.com] കേരളത്തില്‍ ഇരു മുന്നണികളും മാറിമാറി ഭരിച്ചു കോടികളുടെ അഴിമതി നടത്തുകയാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.

ജനത്തിനു വേറെ വഴിയില്ലെന്നാണ് അവരുടെ ധാരണ. തിരുവനന്തപുരം കോര്‍പറേഷനില്‍ 35 സീറ്റ് പിടിച്ചു ചരിത്രം സൃഷ്ടിച്ചതു നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ആവര്‍ത്തിക്കും. അടുത്ത നിയമസഭയില്‍ ഭൂരിപക്ഷം നേടുമെന്നും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിച്ച വിമോചനയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പ്രഖ്യാപിച്ചു.

ഹിന്ദിയില്‍ പ്രസംഗിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി ഇരു മുന്നണികളുടെയും നിലപാടിനെ വിമര്‍ശിച്ചതു മലയാളത്തിലാണ്. 'കേരളത്തില്‍ തല്ല് കൂടല്‍; ബംഗാളില്‍ മോതിരം മാറല്‍–' ഇതാണ് ഇവരുടെ നയമെന്നു പറഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ ആവേശത്തിലായി. 

എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം–അതാണു ബിജെപിയുടെ മുദ്രാവാക്യം. നാനാത്വത്തില്‍ ഏകത്വം കേരളത്തിന്റെ സ്വാദിഷ്ടമായ 'അവിയല്‍' പോലെയാണ്. വിവിധങ്ങളായ പച്ചക്കറികള്‍ ഒരുമിച്ചുകൂട്ടി കറിവയ്ക്കുമ്പോള്‍ രുചി കൂടുന്നതു പോലെയാണത്. കേരളത്തില്‍ വളരുന്ന വ്യവസായം അഴിമതി മാത്രമാണ്. മണ്‍സൂണ്‍ ആദ്യമെത്തുന്നത് ഇവിടെ, പക്ഷേ ഭക്ഷ്യവസ്തുക്കള്‍ക്കു മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കണം. ഏറ്റവും കൂടുതല്‍ മനുഷ്യവിഭവശേഷി ഇവിടെ, പക്ഷേ ചെറുപ്പക്കാര്‍ക്കു ജോലി കിട്ടണമെങ്കില്‍ വിദേശത്തു പോകണം. ദൈവത്തിന്റ സ്വന്തം നാടാണു കേരളം. പക്ഷേ ഇരുമുന്നണികളും നാടിനായി ഒന്നും ചെയ്തില്ല. മോദി സര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലും ഇതുവരെ ഇല്ലെന്നു രാജ്‌നാഥ് സിങ് പറഞ്ഞു.

ഇസ്രത് ജഹാന്റെ പേരില്‍ ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ ഹെഡ്‌ലിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ജനങ്ങളോടു മാപ്പു ചോദിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരിലുണ്ടായ എല്ലാ കൊലപാതകങ്ങളിലെയും അന്വേഷണം സിപിഎമ്മിനു നേരെ എത്തുകയാണെന്നു കുമ്മനം രാജശേഖരന്‍ പറഞ്ഞു. കൊന്നത് ആരാണെന്നു വ്യക്തമായിക്കൊണ്ടിരിക്കുന്നു. കൊല്ലിച്ചത് ആരാണെന്നേ അറിയാനുള്ളു. ആ അന്വേഷണം സിപിഎം ഉന്നതര്‍ക്കു നേരെ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സജീവ സാന്നിധ്യമുള്ള നേമം മണ്ഡലത്തിലെ പൂജപ്പുര മൈതാനം നിറഞ്ഞ ശക്തിപ്രകടനമായിരുന്നു യാത്രയുടെ സമാപനത്തോടനുബന്ധിച്ച്.

കേരളത്തില്‍ വേണ്ടതു സംശുദ്ധ രാഷ്ട്രീയമാണെന്നും കുമ്മനം പറഞ്ഞു. കണ്ണൂരില്‍ മാലിന്യം ഭക്ഷിക്കേണ്ടിവന്നവരുടെ ഗ്രാമത്തിനു ബിജെപി യാത്രയ്ക്കിടെ ലഭിച്ച ധനസഹായം വിതരണം ചെയ്തു. 

എറണാകുളത്ത് എസ്എഫ്‌ഐ നേതാക്കളുടെ പീഡനത്തിനിരയായ ദലിത് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ രാജ്‌നാഥ് സിങ്ങിനെ കണ്ടു നിവേദനം നല്‍കി. 

ചലച്ചിത്ര സംവിധായകന്‍ രാജസേനനു ചടങ്ങില്‍ ബിജെപി അംഗത്വം നല്‍കി. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജാഥാനായകന്‍ കുമ്മനം രാജശേഖരന്‍, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ശോഭ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.