Latest News

സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ വ്യാജ ആരോപണങ്ങളാല്‍ മറയ്ക്കാന്‍ പറ്റില്ലെന്നു ഹൈദരലി ശിഹാബ് തങ്ങള്‍

തിരുവനന്തപുരം:[www.malabarflash.com] യുഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചെയ്ത നല്ല കാര്യങ്ങള്‍ നാട് മുഴുവന്‍ അംഗീകരിക്കുന്നുണ്ടെന്നും അതു വ്യാജ ആരോപണങ്ങളിലൂടെ മൂടിവയ്ക്കാനാകില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.

വര്‍ഗീയത വളര്‍ത്താനും ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുമുള്ള ശ്രമം ലീഗ് എന്തു വിലകൊടുത്തും ചെറുക്കുമെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നയിച്ച കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു.

ശംഖുമുഖത്തു തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ ആവേശം പങ്കിട്ടു. മതമൈത്രിക്കായുള്ള ലീഗിന്റെ ശ്രമങ്ങള്‍ക്കു വലിയ വില നല്‍കേണ്ടിവന്നിട്ടുണ്ട്. സംഘപരിവാറിന്റെ അസഹിഷ്ണുത ന്യൂനപക്ഷങ്ങള്‍ക്കെതിരെ മാത്രമല്ല, ദലിത് സമൂഹത്തിനെതിരെയും പടരുകയാണ്. ഇതിനെതിരെ ദേശീയതലത്തില്‍ ലീഗ് പോരാടും. പാര്‍ട്ടിയുടെ കരുത്ത് കേരളയാത്രയില്‍ തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. ഖാദര്‍ മൊയ്തീന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കഴിവുള്ളവന്‍ കഴിവില്ലാത്തവനെ സഹായിക്കണമെന്ന ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിലെ ഉപദേശമാണു ലീഗ് വീടുകള്‍ പണിതു നല്‍കിയും രോഗികളെ സഹായിച്ചും നിറവേറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ലീഗ് കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും മാതൃകയാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. അധികാരം മാത്രമല്ല, ജനസേവനവും രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യമാകണം. മതസൗഹാര്‍ദം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള കേരളയാത്ര പൊതുസമൂഹത്തില്‍ ലീഗിനെക്കുറിച്ചുള്ള മതിപ്പും ബഹുമാനവും വര്‍ധിപ്പിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതിച്ഛായ ഒരു ഗ്രേഡ് കൂടിയെന്നും ആന്റണി പറഞ്ഞു.

കേരളത്തിലെ ജനാധിപത്യചേരിക്ക് ആവേശം നല്‍കാന്‍ യാത്രയ്ക്കു കഴിഞ്ഞുവെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അക്രമരാഷ്ട്രീയത്തിനെതിരായ കോടതിവിധികള്‍ സിപിഎമ്മിന്റെ കണ്ണ് തുറപ്പിക്കണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. യുഡിഎഫില്‍ പ്രശ്‌നങ്ങളുണ്ടായപ്പോഴൊക്കെ പരിഹരിക്കാന്‍ മുന്നില്‍ നിന്നതു ലീഗും കുഞ്ഞാലിക്കുട്ടിയുമാണെന്നു മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലീഗ് ദേശീയതലത്തില്‍ പിന്നാക്ക മുന്നേറ്റത്തിന്റെ ഭാഗമാവുകയാണെന്നു മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിലെ ഭാവിനേതൃത്വത്തിന്റെ ഉദയമാണു കേരളയാത്രയിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ അമ്മ രാധിക, സഹോദരന്‍ രാജു വെമുല, സഹപാഠികള്‍ എന്നിവരും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.എ. മജീദ്, എം.പി. അബ്ദുസമദ് സമദാനി, കെ.എം. ഷാജി, ബീമാപള്ളി റഷീദ് എന്നിവര്‍ പ്രസംഗിച്ചു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.