Latest News

അമ്മ രണ്ടുക്ലാസുകാരിയെ വീട്ടുവേലക്ക് വിട്ടു; കൊടിയ മര്‍ദ്ദനത്തെതുടര്‍ന്ന് ഇറങ്ങിയോടിയ കുട്ടിയെ നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചു

കാസര്‍കോട്:[www.malabarflash.com] വീട്ടുജോലിക്കു നിന്ന രണ്ടാം ക്ലാസുകാരിയെ വീട്ടുടമ ക്രൂരമായി മര്‍ദിച്ചു. ഭക്ഷണത്തില്‍ മുടി വീഴാതിരിക്കാന്‍ കുട്ടിയുടെ തലയും മൊട്ടയടിച്ചു. രാത്രിയില്‍ ഒറ്റയ്ക്കു മുറ്റത്തു നിര്‍ത്തുകയും ചെയ്തു. നേരം വെളുത്തപ്പോള്‍ മര്‍ദനമേല്‍ക്കാതിരിക്കാന്‍ ഭയന്നോടിയ കുട്ടിയെ രക്ഷിച്ച് പൊലീസില്‍ വിവരം അറിയിച്ചത് നാട്ടുകാരാണ്.

കുമ്പള ആരിക്കാടിയിലാണ് വീട്ടുടമയുടെ ക്രൂരമര്‍ദനത്തിന് പിഞ്ചു ബാലിക ഇരയായത്. മുഹമ്മദ് എന്നയാളുടെ വീട്ടില്‍ ജോലിക്കുനിന്നിരുന്ന ഏഴുവയസുകാരിയാണ് അക്രമങ്ങള്‍ക്ക് ഇരയായത്.

നാലു മക്കളുള്ള പെരിയ സ്വദേശിനി അനിതയാണ് മകളെ വീട്ടുജോലിക്കായി മുഹമ്മദിന്റെ വീട്ടിലെത്തിച്ചത്. കുട്ടിയുടെ സംരക്ഷണം കരുതിയായിരുന്നു ഇതെന്നും കുട്ടിയെക്കൊണ്ട് വലിയ ജോലികള്‍ ചെയ്യിക്കില്ലെന്ന് വീട്ടുകാര്‍ ഉറപ്പ് നല്‍കിയിരുന്നതായും ഇവര്‍ പറയുന്നു. കുട്ടിക്ക് കൃത്യമായി ഭക്ഷണവും വസ്ത്രവും നല്‍കാമെന്നും വീട്ടുടമ ഉറപ്പ് നല്‍കിയിരുന്നു.

അതേസമയം, ക്രൂരമായ ശിക്ഷകളാണ് പെണ്‍കുട്ടിക്ക് മുഹമ്മദില്‍നിന്നും ഏല്‍ക്കേണ്ടിവന്നത്. തെറ്റുകള്‍ ചൂണ്ടിക്കാട്ടി വീട്ടുടമ സ്ഥിരമായി പെണ്‍കുട്ടിയെ പട്ടിണിക്കിട്ട് മര്‍ദിച്ചിരുന്നു. ഭക്ഷണത്തില്‍ മുടി വീഴാതിരിക്കാന്‍ പെണ്‍കുട്ടിയുടെ തലയും മൊട്ടയടിച്ചു. കൂടാതെ വ്യാഴാഴ്ച മറ്റുള്ളവര്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ മുഹമ്മദ് കുട്ടിയെ രാത്രിയില്‍ മുറ്റത്ത് നിര്‍ത്തി. മുറ്റത്ത് കിടന്നുറങ്ങിയ പെണ്‍കുട്ടി നേരം വെളുത്തപ്പോള്‍ മര്‍ദനം ഭയന്ന് വീട്ടില്‍നിന്നും ഇറങ്ങി ഓടുകയായിരുന്നു.

അടുത്ത ജംഗ്ഷനില്‍ എത്തി കരഞ്ഞ കുട്ടിയെ നാട്ടുകാര്‍ ശ്രദ്ധിച്ചതാണ് രക്ഷയായത്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പ്രദേശവാസികള്‍ പൊലീസിനെ വിളിച്ചുവരുത്തി കുട്ടിയെ കൈമാറി. വനിത പൊലീസെത്തി സംരക്ഷണം ഏറ്റെടുക്കുമ്പോള്‍ കുട്ടിയുടെ വസ്ത്രങ്ങള്‍ കീറി മുഷിഞ്ഞ നിലയിലും ഭക്ഷണം കഴിക്കാതെ ക്ഷീണിച്ച നിലയിലുമായിരുന്നു. ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിക്ക് പുതിയ വസ്ത്രങ്ങള്‍ വാങ്ങിനല്‍കുകയും ആഹാരം നല്‍കുകയും ചെയ്തു.

വിവരമറിഞ്ഞ് കുട്ടിയുടെ അമ്മ അനിത സ്‌റ്റേഷനിലെത്തിയെങ്കിലും അമ്മയ്‌ക്കൊപ്പം പോകാന്‍ മകള്‍ തയ്യാറായില്ല. പൊലീസ് സ്‌റ്റേഷനില്‍തന്നെ കഴിഞ്ഞാല്‍ മതിയെന്നായിരുന്നു പെണ്‍കുട്ടിയുടെ നിലപാട്. സംഭവത്തില്‍ വീട്ടുടമ മുഹമ്മദിന് എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടി നിലവില്‍ വനിതാ സെല്ലിന്റെ സംരക്ഷണയിലാണ്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.