Latest News

ബൈക്ക് മോഷണം; അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പിടിയില്‍

പയ്യന്നൂര്‍:[www.malabarflash.com] എസ്.എസ്.എല്‍.സി.ക്കും പ്‌ളസ്വണ്ണിനും പഠിക്കുന്ന ബൈക്ക് മോഷ്ടാക്കളായ അഞ്ചുപേരെ പയ്യന്നൂര്‍ പോലീസ് പിടികൂടി. രണ്ട് പ്‌ളസ് വണ്‍ വിദ്യാര്‍ഥികളും മൂന്ന് എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളുമാണിവര്‍.

വെള്ളിക്കോത്ത് മഡിയന്‍ സ്വദേശിയും എസ്.എസ്.എല്‍.സി. വിദ്യാര്‍ഥിയുമാണ് ഇവരില്‍ 18 വയസ്സ് പൂര്‍ത്തിയായ ഒരാള്‍. ബാക്കി നാലുപേരും 18-ന് താഴെ പ്രായമുള്ളവരാണ്.
ഇവര്‍ മോഷ്ടിച്ച ഒമ്പത് ബൈക്കുകളും ഒരു സ്‌കൂട്ടറും പയ്യന്നൂര്‍ പോലീസ് കണ്ടെത്തി.
സ്വന്തം വീട്ടിലും ബന്ധുക്കളുടെ വീട്ടിലുമായി വെച്ചിരിക്കുകയായിരുന്നു ഈ ഇരുചക്രവാഹനങ്ങള്‍. ഏഴ് ബൈക്കുകള്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്നാണ് മോഷ്ടിച്ചത്. കണ്ടോത്തുനിന്നും വെള്ളൂര്‍ ആലിന്‍കീഴില്‍നിന്നും രണ്ടെണ്ണംവീതവും പയ്യന്നൂര്‍ പഴയ സ്റ്റാന്‍ഡ്, പയ്യന്നൂരിലെ ദൃശ്യ ഫെസ്റ്റ് നഗരി, ചന്തേര, നീലേശ്വരം, കാഞ്ഞങ്ങാട്, കരിവെള്ളൂര്‍ എന്നിവിടങ്ങളില്‍നിന്ന് ഓരോ ബൈക്ക് വീതവും മോഷ്ടിച്ചു.

തിരക്കേറിയ സ്ഥലങ്ങള്‍, കരിവെള്ളൂരിലെ കല്യാണവീട്, കണ്ടോത്ത് വോളിബോള്‍ ടൂര്‍ണമെന്റ് നടന്ന സ്ഥലം എന്നിവിടങ്ങളില്‍നിന്നാണ് ഇവര്‍ മോഷണം നടത്തിയത്. കഴിഞ്ഞ നവംബര്‍ മുതലാണ് മോഷണം തുടങ്ങിയത്. വെള്ളിക്കോത്ത് മഡിയനില്‍ ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്നവരാണ് ഇവരെല്ലാം. ബൈക്കുകള്‍ മോഷ്ടിച്ചതല്ലാതെ ഇവര്‍ക്ക് വില്ക്കാന്‍ സാധിച്ചില്ല. മോഷ്ടിച്ച ബൈക്കുകളില്‍ ഒന്ന് ഇവരുടെ കൂട്ടത്തിലൊരാള്‍ തന്നെ 3000 രൂപയ്ക്ക് സ്വന്തമാക്കിയെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസം കണ്ടോത്തെ ഹിന്ദുസ്ഥാന്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഉടമ സുധാകരന്‍ കൂട്ടുകാരുമായി സംസാരിച്ചു നില്ക്കുമ്പോള്‍ സുധാകരന്റെ ബൈക്കുമായി ഒരാള്‍ കടന്നുകളഞ്ഞു. വൈകിട്ട് ഏഴരയോടെയാണ് സംഭവം. മോഷ്ടാവിനെ പിടിക്കാന്‍ വാഹനത്തില്‍ പിന്തുടര്‍ന്നു. പിന്തുടരുന്നതറിഞ്ഞ് കരിവെള്ളൂര്‍ ഭാഗത്തേക്ക് ബൈക്കുമായി കടന്നയാള്‍ കോത്തായിമുക്കിലെത്തി തിരിച്ച് കണ്ടോത്തേക്കുതന്നെ വന്നു. നാട്ടുകാര്‍ പിടികൂടി പോലീസിനെ വിവരമറിയിച്ചു.

കുട്ടിക്കുറ്റവാളികളില്‍ ഒരാളായിരുന്നു ഇയാള്‍. പിടിയിലായ പ്രായപൂര്‍ത്തിയായ വിദ്യാര്‍ഥിയെ പയ്യന്നൂര്‍ കോടതിയിലും മറ്റുള്ളവരെ ജുവനൈല്‍ കോടതിയിലും ഹാജരാക്കും. പയ്യന്നൂര്‍ എസ്.ഐ. എ.വി.ദിനേശ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എച്ച്.ഷറഫുദ്ദീന്‍, അബ്ദുള്‍ജബ്ബാര്‍, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ബൈക്ക് മോഷ്ടാക്കളെ പിടികൂടിയത്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.