Latest News

ഉത്തരമലബാറിന്റെ വികസനക്കുതിപ്പ്; കണ്ണൂരില്‍ ആദ്യവിമാനം ഇറങ്ങി

കണ്ണൂര്‍:[www.malabarflash.com]  ഉത്തരമലബാറിന്റെ വികസനക്കുതിപ്പിനു വഴിതുറക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യവിമാനം ഇറങ്ങി. രാവിലെ 9.06 ഓടെയാണ് വിമാനം റണ്‍വേ തൊട്ടത്.

വ്യോമസേനയുടെ ബെംഗളൂരുവില്‍ നിന്നുള്ള ഡോണിയര്‍! 228 എന്ന വിമാനമാണ് പരീക്ഷണപ്പറക്കലിന് എത്തിയത്. മലയാളിയായ എയര്‍മാര്‍ഷല്‍ ആര്‍. നമ്പ്യാരാണ് വിമാനം പറത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നമ്പ്യാരെ ആദരിച്ചു.

യാത്രാ ആവശ്യങ്ങള്‍ക്കുള്ള കേരളത്തിലെ നാലാമത്തെ വിമാനത്താവളമായിരിക്കും കണ്ണൂര്‍. സംസ്ഥാനത്തെ ഏറ്റവും ആധുനികവും വലുപ്പമേറിയതുമായ വിമാനത്താവളമാണ് മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ 2,200 ഏക്കറില്‍ നിര്‍മിക്കുന്നത്. 3,050 മീറ്റര്‍ റണ്‍വേയില്‍ പ്രവര്‍ത്തനം തുടങ്ങിയശേഷം ഭാവിയില്‍ റണ്‍വേ 4,000 മീറ്റര്‍ ആക്കും. 2,400 മീറ്റര്‍ റണ്‍വേ ഇതിനകം പൂര്‍ത്തിയായി. 

ആദ്യഘട്ടത്തില്‍ 1,892 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. ടെര്‍മിനല്‍ കെട്ടിടം 65 ശതമാനവും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ 80 ശതമാനവും പൂര്‍ത്തീകരിച്ചു. ഇന്ത്യയിലെതന്നെ വിമാനത്താവള നിര്‍മാണ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ണുനീക്കലാണു മൂര്‍ഖന്‍പറമ്പില്‍ നടന്നത്. ഭൂമി നിരപ്പാക്കുന്നതിനായി രണ്ടുകോടി ഘനമീറ്റര്‍ മണ്ണാണു നീക്കേണ്ടത്. ഇതിന്റെ 82% പൂര്‍ത്തിയായി.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും വടകര, മാഹി, കര്‍ണാടകയിലെ കുടക് മേഖലകളിലെയും പ്രവാസികളും അവരുടെ ബന്ധുക്കളും ഹജ് – ഉംറ തീര്‍ഥാടകരും ഉള്‍പ്പെടെ ലക്ഷക്കണക്കിനു യാത്രക്കാര്‍ക്കു കണ്ണൂര്‍ വിമാനത്താവളം പ്രയോജനപ്രദമാകും. ബേക്കല്‍, മുഴപ്പിലങ്ങാട്, പയ്യാമ്പലം കടല്‍ത്തീര വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നിവിടങ്ങളിലെ ഇക്കോ – പൈതൃക – തീര്‍ഥാടന ടൂറിസം മേഖലകളുടെയും അഭിവൃദ്ധിക്കും കൈത്തറി ഉല്‍പന്നങ്ങള്‍ അടക്കമുള്ളവയുടെ കയറ്റുമതിയിലെ വളര്‍ച്ചയ്ക്കും വിമാനത്താവളം വഴിയൊരുക്കും. കൈത്തറി വ്യവസായവും വിനോദസഞ്ചാരവും ചേര്‍ത്തുള്ള പാക്കേജ് ടൂറിസമാണു വളര്‍ച്ച പ്രതീക്ഷിക്കുന്ന മറ്റൊരു മേഖല.

പദ്ധതി റിപ്പോര്‍ട്ട് പ്രകാരം പ്രതിവര്‍ഷം 14.4 ലക്ഷം രാജ്യാന്തര യാത്രക്കാരെയും 6.7 ലക്ഷം ആഭ്യന്തര യാത്രക്കാരെയും പ്രതീക്ഷിക്കുന്നു. 300 കോടി രൂപയുടെ കൈത്തറിയുടെയും 400 കോടി രൂപയുടെ കാര്‍ഷികോല്‍പന്നങ്ങളുടെയും 300 കോടി രൂപയുടെ ചെറുകിട വ്യാവസായിക ഉല്‍പന്നങ്ങളുടെയും കയറ്റുമതിയുണ്ടാകുമെന്നും പ്രതിവര്‍ഷ ചരക്കുനീക്കം 15,684 ടണ്‍ ആകുമെന്നും പദ്ധതി റിപ്പോര്‍ട്ടിലുണ്ട്.

സ്വതന്ത്ര വ്യാപാര മേഖലയും തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ഉപകേന്ദ്രവും നാവിക, വ്യോമസേനാ കേന്ദ്രങ്ങളും വിമാനത്താവളത്തിലുണ്ടാകും. ഏപ്രണില്‍ 20 വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള സൗകര്യമുണ്ടെന്നതും കണ്ണൂരിനു ഗുണകരമാകും.

നാലായിരം മീറ്റര്‍ റണ്‍വേ യാഥാര്‍ഥ്യമായാല്‍, ഹബ് എയര്‍ പോര്‍ട്ട് പദവിക്ക് അവകാശവാദമുന്നയിക്കാന്‍ കണ്ണൂരിനു സാധിക്കും. ഇപ്പോള്‍ ഡല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു വിമാനത്താവളങ്ങള്‍ക്കു 4,000 മീറ്റര്‍ റണ്‍വേയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 35%, സര്‍ക്കാര്‍ – പൊതുമേഖലാ സ്ഥാപനങ്ങള്‍ 25%, എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ 10%, സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും 30% എന്നിങ്ങനെയാണ് ഓഹരി ഘടന.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.