Latest News

ഭരണസ്തംഭനമെന്ന് ആരോപണം; കാരായിമാര്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ നീക്കം

കണ്ണൂര്‍:[www.malabarflash.com]കോടതി വിധി പ്രതികൂലമായ സാഹചര്യത്തില്‍ കാരായിമാരെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയേക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലും തലശ്ശേരി നഗരസഭയിലും ഭരണസ്തംഭനം നിലനില്‍ക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശക്തമാകുന്ന സാഹചര്യത്തിലാണ് സി പി എമ്മിനകത്തും പുറത്തും പുനര്‍വിചിന്തനം നടക്കുന്നത്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ ബജറ്റ് അവതരണത്തിന് പോലും പ്രസിഡണ്ടിന് എത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. തലശ്ശേരിയിലും സമാനമായ സാഹചര്യം നിലനില്‍ക്കുന്നു.
കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പ്രത്യേക അനുമതി തേടിക്കൊണ്ട് കാരായി രാജനും ചന്ദ്രശേഖരനും കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക ഹരജി കോടതി തള്ളിയതോടെയാണ് ഇരുവരെയും കണ്ണൂരിലെത്തിക്കാനുള്ള അവസാന തന്ത്രവും പാളിയത്. ഇതോടെയാണ് സി പി എം നേതൃത്വം വെട്ടിലായത്.

കണ്ണൂരിലെ ചില നേതാക്കളുടെ പിടിവാശി മൂലമാണ് കാരായി രാജനെ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലും കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭയിലും അധ്യക്ഷപദങ്ങളില്‍ എത്തിച്ചത്. അന്ന് തന്നെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് ഈ തീരുമാനങ്ങളോട് വിയോജിച്ചിരുന്നു. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായങ്ങള്‍ക്ക് വഴങ്ങിയാണ് അന്ന് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്.

പ്രതിപക്ഷത്തിന് അടിക്കാനുള്ള വടി കയ്യില്‍ കൊടുത്തുവെന്ന ആരോപണം ചില നേതാക്കള്‍ ഇപ്പോള്‍ ഉയര്‍ത്തുന്നുണ്ട്. കണ്ണൂര്‍ ലോബിയുടെ തന്ത്രങ്ങള്‍ക്ക് ഏറ്റ തിരിച്ചടിയായും രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നു. പ്രശ്നങ്ങള്‍ നീട്ടിക്കൊണ്ടുപോയാല്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്ന് സി പി എമ്മിന് നന്നായറിയാം. അതിന് മുമ്പ് കാര്യങ്ങള്‍ മാറ്റിമറിക്കാനാണ് സി പി എം ശ്രമം. ഇതിന്‍റെ ഭാഗമായി കാരായിമാരെ അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റിയേക്കുമെന്നാണ് സൂചന.

കോടതി വിധി വന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളന്നതെന്ന് അണികളെ ബോധ്യപ്പെടുത്താനും ഇതുകൊണ്ട് സാധിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ ഇരുവരെയും മാറ്റി പുതിയ അധ്യക്ഷന്മാരെ കണ്ടെത്താനാണ് സാധ്യത. അതേസമയം കാരായിമാരുടെ തദ്ദേശ സ്ഥാപന അംഗത്വം നിലനിര്‍ത്താന്‍ തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനമെന്നുമറിയുന്നു.

അതിനിടെ ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായിമാര്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിക്കാന്‍ വീണ്ടും കോടതിയെ സമീപിച്ചേക്കും. അതേസമയം ജില്ലാ പഞ്ചായത്തിലും തലശ്ശേരി നഗരസഭയിലും ഭരണസ്തംഭനം ഇല്ലെന്നാണ് കാരായിമാര്‍ പറയുന്നത്. പ്രതിപക്ഷ ആരോപണം വെറുതെയാണ്. പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്ത് കണ്ണൂര്‍ മൂന്നാംസ്ഥാനത്താണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാരായി രാജന്‍ പറഞ്ഞു.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.