Latest News

ഫാത്തിമത്ത് സുഹറ വധം: പ്രതി ഉമ്മര്‍ ബ്യാരിക്ക് ജീവപര്യന്തവും അരലക്ഷം പിഴയും

കാസര്‍കോട്:[www.malabarflash.com] പ്രണയാഭ്യാര്‍ത്ഥന നിരസിച്ച വൈരാഗ്യത്തില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷ.

തിങ്കളാഴ്ച രാവിലെയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി (രണ്ട്) ജി. ഗോപകുമാര്‍ ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴത്തുക കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കള്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കുമ്പള ഉജാര്‍ ഉളുവാറിലെ അബൂബക്കറിന്റെ മകള്‍ ഫാത്തിമത്ത് സുഹറ (18) യെ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയ കേസിലെ പ്രതി കര്‍ണ്ണാടക ബണ്ട്വാള്‍ താലൂക്കിലെ ഉജിരക്കര ബളാല വില്ലേജിലെ മുണ്ടത്തിയാര്‍ ഹൗസിലെ ബി.എം. ഉമ്മര്‍ എന്ന ഉമ്മര്‍ബ്യാരി (33)യെയാണ് ജീപര്യന്തം തടവിന് ശിക്ഷിച്ചത്. ഉമ്മര്‍ ബ്യാരിയെ ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകും.
സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നും അതിനാല്‍ വധശിക്ഷ നല്‍കണമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.എന്‍ ഇബ്രാഹിം കഴിഞ്ഞ ദിവസം കോടതി മുമ്പാകെ വാദിച്ചിരുന്നു. എന്നാല്‍ തനിക്ക് ഭാര്യയും അഞ്ചു വയസ്സുള്ള മകളും 70 കഴിഞ്ഞ ഉമ്മയുമുണ്ടെന്നും അവര്‍ തന്റെ സംരക്ഷണയിലാണെന്നും അതിനാല്‍ ശിക്ഷ പരമാവധി ഇളവ് ചെയ്യണമെന്നും കേസിലെ പ്രതി കോടതിയില്‍ അഭ്യര്‍ത്ഥിച്ചു.
2006 ഡിസംബര്‍ 28ന് രാത്രിയാണ് സംഭവം. പള്ളിത്തോട്ടത്തില്‍ ജോലിക്കാരനായി എത്തിയ പ്രതി സ്ഥലവാസിയായ ഫാത്തിമത്ത് സുഹറയെ പരിചയപ്പെടുകയും പ്രണയാഭ്യര്‍ത്ഥന നടത്തുകയുമായിരുന്നു. എന്നാല്‍ പ്രണയാഭ്യര്‍ത്ഥന യുവതി നിരസിച്ചു. ഇതിന്റെ പ്രതികാരമായാണ് കൊല നടത്തിയതെന്നാണ് കേസ്. കുമ്പള പൊലീസ് കേസ് രജിസ്റ്റര്‍ചെയ്ത കേസാണിത്.
സംഭവ ദിവസം രാത്രി ഫാത്തിമത്ത് സുഹ്‌റയുടെ വീട്ടിലെത്തിയ പ്രതി വീടിനോടു ചേര്‍ന്ന തെങ്ങിലൂടെ വീടിന്റെ മേല്‍ക്കൂരയില്‍ കയറുകയുംതുടര്‍ന്ന് ഓടിളക്കി ഫാത്തിമത്ത് സുഹ്‌റ കിടന്നുറങ്ങിയിരുന്ന മുറിയിലിറങ്ങി കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. പിറ്റേന്ന് രാവിലെയാണ് കൊലപാതകം പുറംലോകമറിഞ്ഞത്.
കുമ്പള സി.ഐ ആയിരുന്ന ടി.പി രഞ്ജിത്താണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് കേസിന്റെ വിചാരണ തുടങ്ങാനിരിക്കേ മുങ്ങിയ പ്രതിയെ കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് അതിര്‍ത്തിയില്‍ ഒളിവില്‍ കഴിഞ്ഞപ്പോഴും പ്രതിയെ പിടികൂടിയത് ടി.പി.രഞ്ജിത്ത് തന്നെയാണ്. കേസില്‍ ഇരുപത്തി രണ്ട് സാക്ഷികളെ വിസ്തരിച്ചു. യൂത്ത് ലീഗ് നേതാവ് യൂസുഫ് ഉളുവാര്, സുഹറയുടെ മാതാപിതാക്കളായ അബൂബക്കര്, നഫീസ, സഹോദരി ഹവ്വമ്മ എന്നിവരാണ് കേസിലെ മുഖ്യസാക്ഷികള്‍.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.