Latest News

കവി ഒ.എന്‍.വി കുറുപ്പ് വിടവാങ്ങി

തിരുവനന്തപുരം:[www.malabarflash.com] പ്രശസ്ത കവിയും ജ്ഞാനപീഠ ജേതാവുമായ ഒ.എന്‍.വി കുറുപ്പ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 4.35നായിരുന്നു അന്ത്യം. 85 വയസായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഭൗതിക ശരീരം ഞായറാഴ്ച രാവിലെ 11 മുതല്‍ 3 മണി വരെ തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഭാര്യ: പി.പി സരോജിനി മക്കള്‍: രാജീവന്‍, ഡോ. മായാദോവി

ആറ് പതിറ്റാണ്ട് കാലം മലയാള സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. കവി, അധ്യാപകന്‍, ഭാഷാ പണ്ഡിതന്‍ വാഗ്മി എന്നീ നിലകളില്‍ നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിച്ചു. 2007ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവാണ്. കവിതകള്‍, സിനിമനാടക ഗാനങ്ങള്‍, പഠനങ്ങള്‍, ലേഖനങ്ങള്‍, ഗദ്യ കൃതികള്‍, ബൃഹദ് സമാഹാരങ്ങള്‍, ബാലസാഹിത്യ കൃതികള്‍ എന്നിവ രചിച്ചിട്ടുണ്ട്. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും ഒ.എന്‍.വി വഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളായ പത്മവിഭൂഷണും (2011) പത്മശ്രീയും (1998) ലഭിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ ചവറയില്‍  ഒറ്റപ്ലാക്കല്‍ എന്‍. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി 1931 ലാണ് ഒ.എന്‍ വേലുക്കുറുപ്പ് എന്ന ഒ.എന്‍.വി കുറുപ്പിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസായി. കൊല്ലം എസ്.എന്‍.കോളേജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

1957 മുതല്‍ വിവിധ സര്‍ക്കാര്‍ കോളജുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജ്, കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളജ്, തിരുവനന്തപുരം ഗവ: വിമന്‍സ് കോളജ് എന്നിവിടങ്ങളില്‍ മലയാളം അധ്യാപകനായിരുന്നു. 1986 മേയ് 31ന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു.

കേന്ദ്രസാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം, കലാമണ്ഡലം ചെയര്‍മാന്‍, കേരള സാഹിത്യ അക്കാദമി, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ്, കേരള സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ലളിതകലാ അക്കാദമി എന്നിവിടങ്ങളില്‍ അംഗമായിരുന്നു. 1949ല്‍ പുറത്തിറങ്ങിയ 'പൊരുതുന്ന സൗന്ദര്യം' ആണ് ആദ്യത്തെ കവിതാ സമാഹാരം. 1991ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ എ. ചാള്‍സിനെതിരെ ഇടത് സ്വതന്ത്രനായി മത്സരിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1971 അഗ്‌നിശലഭങ്ങള്‍), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1975 അക്ഷരം), എഴുത്തച്ഛന്‍ പുരസ്‌കാരം (2007), ചങ്ങമ്പുഴ പുരസ്‌കാരം, സോവിയറ്റ്‌ലാന്‍ഡ് നെഹ്‌റു പുരസ്‌കാരം (1981 ഉപ്പ്), വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് (1982 ഉപ്പ്), വിശ്വദീപം അവാര്‍ഡ് (1986 ഭൂമിക്കൊരു ചരമഗീതം), ഭാരതീയ ഭാഷാ പരിഷത്തിന്റെ ഭില്‍വാര അവാര്‍ഡ് (1989 മൃഗയ), മഹാകവി ഉള്ളൂര്‍ അവാര്‍ഡ് (ശാര്‍ങ്ഗക പക്ഷികള്‍), ഓടക്കുഴല്‍ പുരസ്‌കാരം (മൃഗയ), ആശാന്‍ െ്രെപസ് (1991 ശാര്‍ങ്ഗക പക്ഷികള്‍), ആശാന്‍ മെമ്മോറിയല്‍ അവാര്‍ഡ് (1993 അപരാഹ്നം), മഹാകവി ഖുറം ജോഷ്വാ ജന്മശതാബ്ദി അവാര്‍ഡ് (1995 ഉജ്ജയിനി), 2007ല്‍ സംസ്ഥാന സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം, തര്‍ജമകളിലൂടെയും ലേഖനങ്ങളിലൂടെയും റഷ്യന്‍ സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ക്ക് 2009ല്‍ യെസിനിന്‍ പുരസ്‌കാരം എന്നിവ ഒ.എന്‍.വിക്ക് ലഭിച്ചിട്ടുണ്ട്.

1973 (സ്വപ്നാടനം), 1976 (ആലിംഗനം), 1977 (മദനോത്സവം), 1979 (ഉള്‍ക്കടല്‍), 1980 (യാഗം, അമ്മയും മകളും), 1983 (ആദാമിന്റെ വാരിയെല്ല്), ഇത്തിരിപ്പൂവേ ചുവന്നപൂവേ), 1984 (അക്ഷരങ്ങള്‍, 1986 (നഖക്ഷതങ്ങള്‍), 1987 (മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍), 1988 (വൈശാലി), പുറപ്പാട്), 1989 (ഒരു സായാഹ്നത്തിന്റെ സ്വപ്നത്തില്‍, 1990 (രാധാമാധവം), 2008 (ഗുല്‍മോഹര്‍) എന്നീ സിനിമകളിലെ ഗാനങ്ങള്‍ക്ക് മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1989ല്‍ വൈശാലിയിലെ ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരവും നേടി.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.