Latest News

ബേക്കലില്‍ കെ.ടി.ഡി.സി റിസോര്‍ട്ട് തുറന്നു

ഉദുമ[www.malabarflash.com]: ബേക്കല്‍ കടല്‍ തീരത്ത് ബേക്കല്‍ കോട്ടയ്ക്കഭിമുഖമായി നിര്‍മ്മിച്ച കെ.ടി.ഡി.സി ബേക്കല്‍ ബീച്ച് ക്യാമ്പ് കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടര്‍ അലി അസ്ഗര്‍ തുറന്നു കൊടുത്തു. ചടങ്ങില്‍ ഡയറക്ടര്‍മാരായ കെ.സി കടമ്പൂരാന്‍, സി.വി.എം വാണിമേല്‍, റീജിയണല്‍ ഡയറക്ടര്‍ രാജഗോപാല്‍ സംബന്ധിച്ചു.

ബേക്കല്‍ ബീച്ചില്‍ നിന്നും 500 മീറ്ററിനകത്താണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്നും 25 വര്‍ഷത്തെ പാട്ടത്തിനെടുത്ത 45 ഏക്കര്‍ സ്ഥലത്ത് ആറു കബാനകളുമായാണ് ബേക്കല്‍ ബീച്ച് ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചത്.
5.7 കോടി രൂപ മുതല്‍ മുടക്കില്‍ 20 കബാനകള്‍ ഉണ്ടാക്കുന്ന പദ്ധതിയിലെ ആദ്യ ചുവടായിട്ടാണ് ആറു കബാനകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. റിസോര്‍ട്ടിന് ചുറ്റും പൂര്‍ണ്ണമായും ലാന്റ് സ്‌കെപ്‌സ് ചെയ്തിട്ടുണ്ട്. ആധുനിക സംവിധാനങ്ങളുള്ള മുറികളും അനുബന്ധ ടോയ്‌ലറ്റുകള്‍ക്കും പുറമെ റസ്റ്റോറന്റ്, വിശാലമായ കാര്‍ പാര്‍ക്കിംഗ് എന്നീ സൗകര്യവുമുണ്ട്. എല്ലാ മുറികളിലും ടെലിവിഷന്‍, എയര്‍ കണ്ടീഷന്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.


ബേക്കലില്‍ കുട്ടികള്‍ക്കായുള്ള വിശാലമായ പാര്‍ക്കിനോട് ചേര്‍ന്നാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ബീച്ചിലൂടെയുള്ള പ്രഭാത സവാരിക്കും സായാഹ്ന സവാരിക്കും വളരെ സൗകര്യമുള്ള പ്രദേശത്താണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 50 കി.മീറ്റര്‍ റാണിപുരം ഹില്‍സ്റ്റേഷന്‍. തിരുവനന്തപുരത്തെ കോവളത്തു നിന്നും പൊന്‍മുടിയിലേക്ക് രാവിലെ പോയി വൈകുന്നേരം തിരിച്ച് വരുന്നതു പോലെ ബേക്കലില്‍ നിന്ന് റാണിപുരത്തേക്ക് പോയി വരാം. 

കാസര്‍കോട് റയില്‍വേ സ്റ്റേഷനില്‍ നിന്നും 18 കി.മീറ്ററും കണ്ണൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് 50 കി.മീറ്ററും ബേക്കല്‍ ഫോര്‍ട്ട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഒരു കി.മീറ്ററും അകലെയാണ് റിസോര്‍ട്ട്. മംഗലാപുരം വിമാനത്താവളം 60 കി. മീറ്റര്‍ അകലെയാണ്.

മലബാറിന്റെ തനിമയാര്‍ന്നതും ഉത്കൃഷ്ടവുമായ പാരമ്പ്യര്യവും പ്രകൃതി രമണീയതയും കടലിന്റെ സാമീപ്യവും പ്രശാന്തതയും ഒന്നിച്ചനുഭവിക്കാന്‍ പര്യപ്തമാണ് കെ.ടി.ഡി.സി ബേക്കല്‍ ബീച്ച് ക്യാമ്പ്. റിസോര്‍ട്ടിന്റെ കബാനയ്ക്ക് ഒരു ദിവസത്തേക്ക് പ്രഭാത ഭക്ഷണം ഉള്‍പ്പെടെ 2500 രൂപയും നികുതിയുമാണ് താരീഫ് നിരക്ക്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.