Latest News

ചെര്‍ക്കളയിലെ സംഘര്‍ഷം; ഗൂഡാലോചന അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്

കാസര്‍കോട്:[www.malabarflash.com] ചെര്‍ക്കളയിലെ ഉപതെരഞ്ഞെടുപ്പിനിടയിലെ നിസാരസംഭവത്തെ പ്രശ്‌നകലുഷിതമാക്കിയതിനെ കുറിച്ചും പൊലീസ് നടത്തിയ തേര്‍വാഴ്ചക്ക് പിന്നിലെ ജില്ലാ പൊലീസ് മേധാവിയുടെയും സി.പി.എമ്മിന്റെയും ഗൂഡാലോചനയെ സംബന്ധിച്ചും സ്‌പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ് ആവശ്യപ്പെട്ടു.

എസ്.ഡി.പി.ഐ ഭാരവാഹികളെ സി.പി.എം ബൂത്ത് ഏജന്റാക്കി യഥാര്‍ത്ഥ വോട്ടുകള്‍ ചെയ്യുന്നതിനെ തടസ്സപ്പെടുത്താനും സ്ത്രീകളെ അപമാനിക്കാനും ഭീതിപ്പെടുത്താനും നടത്തിയ ശ്രമങ്ങളെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയെന്നത് തെരഞ്ഞെടുപ്പ് വേളയിലെ സ്വാഭാവികത മാത്രമാണ്. ഈ വേളയില്‍ ഞൊടിയിടയില്‍ ജില്ലാ പൊലീസ് മേധാവിയും ചക്കിക്കൊത്ത ചങ്കരന്മാരായി ഒരു സംഘം പൊലീസും സംഭവസ്ഥലത്തെത്തി നടത്തിയ പേക്കൂത്തും നരനായാട്ടും സംശയാസ്പദമാണ്.

തെരഞ്ഞെടുപ്പ് നടന്നവാര്‍ഡിലെ സിപിഎം സാന്നിധ്യം ഫലംപ്രഖ്യാപിച്ചതോടെ വ്യക്തമായതാണ്. അനാവശ്യമായി പ്രകോപനവും സംഘര്‍ഷവും സൃഷ്ടിക്കാന്‍ മാത്രം മൗഢ്യരല്ല മുസ്്‌ലിം ലീഗ് പ്രവര്‍ത്തകര്‍ എന്നിരിക്കെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വോട്ടു തടസപ്പെടുത്തുകയെന്ന സി.പി.എമ്മിന്റെ ജനാധിപത്യ ധ്വംസനത്തെയാണ് പൊലീസ് മേധാവിയും ഒരു വിഭാഗം പൊലീസും പിന്തുണച്ചത്.

പ്രശ്‌നങ്ങളെ രമ്യമായി പരിഹരിക്കുന്നതിന് പകരം കണ്ണില്‍ കണ്ടവരെ തല്ലിയും വിരട്ടിയോടിച്ചു ടിയര്‍ഗ്യാസ് പ്രയോഗിച്ചും ഭീകരതാണ്ഡവമാടിയ പൊലീസ് ഒരു വിഭാഗത്തിന് നേരെ മര്‍ദ്ദനങ്ങള്‍ അഴിച്ചുവിടുക വഴി തീര്‍ത്തത് ഉള്ളില്‍ വിങ്ങിനിന്ന വര്‍ഗീയതയെയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. തൊട്ടടുത്ത ആരാധനാലയത്തിന് നേരെ ഗ്രനേഡ് പ്രയോഗിച്ച നടപടി ഈ സംശയത്തെ ബലപ്പെടുത്തുന്നതാണെന്നും പ്രസ്താവനയില്‍ നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

ഗുണ്ടാപോരും കൊലപാതകവും മദ്യമയക്കുമരുന്ന് കടത്തും വ്യാപകമായ ജില്ലയില്‍ ചെര്‍ക്കളയില്‍ കാട്ടിയ ആവേശത്തിന്റെ ഒരംശമെങ്കിലും കാട്ടിയിരുന്നെങ്കില്‍ തടയാന്‍ പൊലീസിന് കഴിയുമായിരുന്നു. അതിനുപകരം ഏജന്റുമാരെ നിയോഗിച്ച് മാഫിയക്കാരില്‍ നിന്നും മാസപ്പടി വാങ്ങുകയാണ് ജില്ലാ പൊലീസ് മേധാവിയും എസ്.ഐയും എന്നും നേതാക്കള്‍ ആരോപിച്ചു.

ക്രൂരമായി മര്‍ദ്ദിച്ച് കസ്റ്റഡിയിലെടുത്ത അബ്ദുല്‍ ഖാദര്‍ എന്ന മുസ്്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെ മൂന്നാം മുറ ഉപയോഗിച്ചാണ് പൊലീസ് സ്റ്റേഷനില്‍ കൈകാര്യം ചെയ്തത്. അകാരണമായിട്ടാണ് യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ദീഖ് സന്തോഷ് നഗറിനെ അറസ്റ്റു ചെയ്തത്്. ഏറെ പ്രതിഷേധാര്‍ഹവും ധിക്കാരപരവുമാണ് പൊലീസിന്റെ നടപടികളെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

പൊലീസിന്റെ താന്തോന്നിത്തപരമായ അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ സമരമുറകള്‍ക്ക് സംഘടന നേതൃത്വം നല്‍കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമിക്കപ്പെട്ടതിലും മണ്ഡലം സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ അറസ്റ്റുചെയ്തതിലും യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ് പ്രതിഷേധിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.