Latest News

രണ്ടു വര്‍ഷം മുമ്പ് ഖബറടക്കിയ യുവതി ടിവി പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു

കാസബ്ലാന്‍ക:[www.malabarflash.com] രണ്ടുവര്‍ഷം മുമ്പ് ഖബറടക്കിയെന്നു കരുതിയ യുവതി ടിവി ഷോയില്‍ പ്രത്യക്ഷപ്പെട്ടു. മൊറോക്കോയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.

മൊറോക്കോയിലെ അസിലാല്‍ സ്വദേശി അബ്രാഖ് മുഹമ്മദിന്റെ ജീവിതത്തിലാണ് സിനിമയെ വെല്ലുന്ന ഈ വിചിത്ര അനുഭവം. വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ശേഷം ഖബറടക്കിയ ഭാര്യയാണ് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ടിവി പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത്. കാണാതായ ബന്ധുക്കളെ കണ്ടെത്തുന്നതിന് സഹായിക്കുന്ന മൊറോക്കന്‍ ടിവി പരിപാടിയിലാണ് ഇയാളുടെ ഭാര്യ പ്രത്യക്ഷപ്പെട്ടത്. വെറുതെ, പ്രത്യക്ഷപ്പെടലല്ല, താന്‍ അബ്രാഖ് മുഹമ്മദിന്റെ ഭാര്യയാണെന്നതടക്കമുള്ള മുഴുവന്‍ വിവരങ്ങളും അവര്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തിലാണ് സംഭവങ്ങളുടെ തുടക്കം. മുഹമ്മദും ഭാര്യയും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഗുരുതര പരിക്കേറ്റ ഭാര്യയെ കസാബ്ലാന്‍കയിലെ ഒരു ആശുപത്രിയിലാക്കി. എന്നാല്‍ പരിക്ക് മാരകമാണെന്നും, അവര്‍ ജീവിക്കാനിടയില്ലെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്തായാലും ചികിത്സയുടെ പണമടയ്ക്കാന്‍ അധികൃതര്‍ മുഹമ്മദിനോട് ആവശ്യപ്പെട്ടു. പണം കൊണ്ടുവരാനായി, മുഹമ്മദ് നാല് മണിക്കൂര്‍ യാത്രാദൂരമുള്ള സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു.

പത്ത് മണിക്കൂറിന് ശേഷം പണവുമായെത്തിയ മുഹമ്മദിന്, ആശുപത്രിക്കാര്‍ കൈമാറിയത് ഭാര്യയുടെ മൃതദേഹമാണ്. സംസ്‌കാരത്തിനുള്ള വസ്ത്രങ്ങള്‍ ധരിപ്പിച്ച്, ശവപ്പെട്ടിയിലാക്കി കൈമാറിയ മൃതദേഹം മുഹമ്മദ് ഏറ്റുവാങ്ങി, ഖബറടക്കി.

അത് കഴിഞ്ഞിട്ടിപ്പോള്‍ രണ്ടു വര്‍ഷം. മരിച്ചെന്ന് കരുതിയ യുവതി ഒരു ടെലിവിഷന്‍ പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു. വേര്‍പെട്ടുപോയ കുടുംബങ്ങളെ കൂട്ടി യോജിപ്പിക്കുന്ന അല്‍ മുഖ്താഫുന്‍ എന്ന പ്രശസ്തമായ ടിവി ഷോയിലൂടെയാണ് തിരിച്ചു വരവ്. പരിപാടി കണ്ട ചില സുഹൃത്തുക്കള്‍ മുഹമ്മദിന്റെ ഭാര്യയുടെ ശബ്ദം തിരിച്ചറിഞ്ഞു. രണ്ട് വര്‍ഷം മുമ്പ് വേര്‍പെട്ട ഭര്‍ത്താവിന്റെ പേരും വിലാസവുമെല്ലാം അവര്‍ ടിവിയിലൂടെ പങ്കുവച്ചു. സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

എന്നാല്‍ ചോദ്യങ്ങള്‍ ബാക്കിയാണ്. മുഹമ്മദിന്റെ ഭാര്യ, രണ്ടുവര്‍ഷം എവിടെയായിരുന്നു, ഖബറടക്കിയത് ആരുടെ മൃതദേഹമാണ്? ആശുപത്രി അധികൃതര്‍ അടക്കം ആര്‍ക്കും ഉത്തരമില്ല.

അപകടത്തില്‍ യുവതിയുടെ ഓര്‍മ്മ നഷ്ടപ്പെട്ടിരിക്കാമെന്നാണ് ഒരു നിഗമനം.
മുഹമ്മദിന്റെ ഭാര്യയ്ക്ക് പകരം, സംസ്‌കരിച്ച മൃതദേഹം മറ്റാരുടെയോ ആയിരിക്കാമെന്നും കരുതുന്നു.






Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.