Latest News

റബ്ബര്‍തോട്ടത്തിന് അജ്ഞാതസംഘം തീയിട്ടു

കരിന്തളം:[www.malabarflash.com] കിനാനൂര്‍ കരിന്തളം പുതുക്കുന്നില്‍ റബ്ബര്‍ തോട്ടത്തിന് അജ്ഞാതസംഘം തീയിട്ടു. ആളിപ്പടര്‍ന്ന തീയില്‍ ഏക്കറുകണക്കിന് പ്രദേശത്ത് വന്‍തോതില്‍ കൃഷി നശിച്ചു. പുതുക്കുന്നിലെ ടി.കെ രഘു, പാലങ്കി ശശിധരന്‍, പി.തമ്പായി എന്നിവരുടെ റബ്ബര്‍തോട്ടങ്ങളാണ് കത്തിനശിച്ചത്.

ടി.കെ രഘുവിന്റെ നാല് വര്‍ഷം പ്രായമായ 200 ഓളം റബ്ബര്‍മരങ്ങള്‍ പാടെ കത്തിനശിച്ചു. പാലങ്കി ശശിധരന്റെ 30 ഓളം റബ്ബര്‍ മരങ്ങളും പി.തമ്പായിയുടെ മുപ്പതോളം ടാപ്പിംഗ് ചെയ്തുകൊണ്ടിരിക്കുന്ന റബ്ബറും കത്തിനശിച്ചു. ടി.കെ രഘുവിന്റെ പറമ്പിലാണ് സംഘം തീവച്ചതെന്ന് കരുതപ്പെടുന്നു.സംഭവസ്ഥലത്ത് നിന്ന് നിരവധി തീപ്പെട്ടികമ്പുകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്തമായ മൂന്ന് ഭാഗങ്ങളിലായാണ് തീവെപ്പ് നടന്നതെന്നത് ആസൂത്രിതമായ അക്രമമാണിതെന്ന സംശയത്തിനിട നല്‍കുന്നു.

തൊട്ടടുത്ത കിളിയളത്ത് സുബ്രഹ്മണ്യകോവിലില്‍ ആണ്ടിയൂട്ട് മഹോത്സവം നടക്കുന്ന സമയമായതിനാല്‍ പ്രദേശത്ത് ആളുകളുണ്ടാകില്ലെന്ന് നിശ്ചയമുള്ളവരാണ് തീവെപ്പിന് പിന്നിലെന്ന് കരുതപ്പെടുന്നു.

റബ്ബര്‍തോട്ടത്തില്‍ കാട് ഉണങ്ങിക്കിടക്കുന്ന സമയമായതിനാല്‍ തീ ആളിപ്പടരുകയായിരുന്നു. ഒറ്റപ്പെട്ട കുന്നിന്‍ പ്രദേശത്ത് നിന്ന് പുകയും തീയും ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത് കണ്ടവര്‍ ആളുകളെ വിളിച്ചുകൂട്ടിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാഞ്ഞങ്ങാട് നിന്ന് ഫയര്‍ഫോഴ്‌സും നീലേശ്വരത്ത് നിന്ന് പൊലിസും സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാര്‍ തീകെടുത്തുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് കൂടുതല്‍ ഭാഗങ്ങളിലേക്ക് തീപടരാതിരുന്നതിന് പിന്നില്‍.

സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൂര്‍വവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ നല്‍കുന്ന സൂചന. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് മൂന്ന് കുടുംബങ്ങള്‍ക്കും നേരിട്ടത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹ്യദ്രോഹികളെ കണ്ടെത്തി ഉചിതമായ ശിക്ഷ നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.