Latest News

തെയ്യംകെട്ടിന്‌ കലവറവിഭവങ്ങളുമായി ജമാഅത്ത് കമ്മിറ്റി

പെരിയ:[www.malabarflash.com] അന്നദാനപ്പുരയിലേക്കുള്ള കലവറവിഭവങ്ങളുമായി പെരിയ ഇല്യാസ് മസ്ജിദില്‍നിന്ന് മുസ്ലിം സഹോദരങ്ങള്‍ കരോടി തറവാട്ടിലെത്തി. പെരിയ കരോടി തറവാട്ടില്‍ ആദ്യമായി നടക്കുന്ന വയനാട്ടുകുലവന്‍ ദൈവംകെട്ട് ഉത്സവത്തിന് അന്നദാനം ഒരുക്കാനാണ് പെരിയ ജമാഅത്ത് കമ്മിറ്റി അംഗങ്ങള്‍ കലവറവിഭവങ്ങള്‍ എത്തിച്ചത്.

പെരിയ ബസാറിലെ ഇല്യാസ് മസ്ജിദില്‍നിന്ന് പുറപ്പെട്ട സംഘത്തിന്റെ നേതൃത്വത്തില്‍ തേങ്ങയും അരിയും ഉള്‍പ്പെടെ ഉപ്പുവരെ കലവറയിലെത്തിച്ചു.

കരോടി തറവാട്ടില്‍ എത്തിയ ജമാഅത്ത് കമ്മിറ്റി അംഗങ്ങളെ ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ കരിക്കിന്‍വെള്ളവും പഴവും നല്കി സ്വീകരിച്ചു. സ്വീകരണത്തിനുശേഷം ഞായറാഴ്ച നടക്കുന്ന വയനാട്ടുകുലവന്‍ ദൈവംകെട്ട് സമാപനത്തിലും പങ്കെടുക്കുമെന്ന് ഉറപ്പുനല്കിയാണ് അവര്‍ മടങ്ങിയത്.

ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍സത്താര്‍, അബ്ദുള്ള ഷാഫി, അബ്ദുള്‍ സലാം, അബ്ദുള്‍റഹിമാന്‍, ഹുസൈനാര്‍, അബൂബക്കര്‍, സുലൈമാന്‍, ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് കലവറയിലേക്ക് ഉത്പന്നങ്ങള്‍ എത്തിച്ചത്.

സ്വീകരണത്തിന് ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ സി.രാജന്‍ പെരിയ, ജനറല്‍ കണ്‍വീനര്‍ ടി.രാമകൃഷ്ണന്‍, പുലിഭൂത ദേവസ്ഥാനം പ്രധാന കര്‍മി കോരന്‍ കാരണവര്‍, എം.കരുണാകരന്‍ നായര്‍, വി.കണ്ണന്‍, എം.ചാത്തുക്കുട്ടി നായര്‍, എ.എം.ദിവാകരന്‍ നായര്‍, സി.ബാലകൃഷ്ണന്‍ പെരിയ തുടങ്ങിയവര്‍ നേതൃത്വംനല്കി.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.