Latest News

പരിയാരം കവര്‍ച്ച : കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

കണ്ണൂര്‍:[www.malabarflash.com] പരിയാരം വിളയാങ്കോട് ദേശിയപാതയില്‍ സദാശിവപുരം ക്ഷേത്രത്തിന് സമീപത്തെ വീട്ടിലും കടയിലും നടന്ന കവര്‍ച്ചയിലെ പ്രതികള്‍ പിടിയില്‍. എ വി തമ്പാന്റെ വീട്ടിലും കടന്നപ്പള്ളി സ്വദേശി പി പി രാജേഷിന്റെ ഉടമസ്ഥതയിലുള്ള കടയിലുമാണ് കവര്‍ച്ച നടന്നത്. തമ്പാന്റെ വീട്ടില്‍ നിന്നും 28 പവനും 54000 രൂപയും കടയില്‍ നിന്ന് 6000 രൂപയുടെ സിഗരറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങളുമാണ് കവര്‍ന്നത്.

കാസര്‍കോട് പള്ളിക്കരയിലെ കല്ലിങ്കാല്‍ തോട്ടീക്കള്‍ ഇംത്യാസ് (26), പെരിയടുക്കം ബിസ്മില്ല മന്‍സിലില്‍ മുഹമ്മദ് യാസിന്‍ (25), പെരിയടുക്കം തായംമൊട്ടമ്മലില്‍ അബ്ദുല്‍ഖാദര്‍ (25) പള്ളിക്കര ബിലാല്‍ നഗറിലെ സാദിഖ് (22) എന്നിവരാണ് പിടിയിലായത്. കവര്‍ച്ചക്ക് ഇവര്‍ ഉപയോഗിച്ച കെ.എല്‍. 60 കെ. 3073 മാരുതി കാറും സി.ഐ. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കാസര്‍കോട് നിന്നും വാടകയ്‌ക്കെടുത്തതാണ് കാര്‍. കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ മൈസൂര്‍ മടിക്കേരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ 21 നാണ് വിളയാങ്കോട്ടെ വ്യാപാരി കെ.വി.തമ്പാന്റെ വീട്ടില്‍നിന്നും 28 പവന്‍ സ്വര്‍ണവും 54,000 രൂപയും കവര്‍ച്ച ചെയ്തത്. തംമ്പാനും ഭാര്യ അനിതയും ക്ഷേത്രത്തില്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്. ഇംത്യാസാണ് സംഘത്തലവന്‍. ഇയാള്‍ ആറുകേസുകളില്‍ പ്രതിയാണ്. മുഹമ്മദ് യാസിന്‍ ഒരു കളവുകേസിലും നാല് അടിപിടിക്കേസിലും പ്രതിയാണ്.

ഗള്‍ഫില്‍ ഒന്നരലക്ഷം ശമ്പളത്തില്‍ ജോലിചെയ്യുകയായിരുന്ന അബ്ദുല്‍ഖാദര്‍ അവിടെയുണ്ടായ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ശമ്പളം വെട്ടിക്കുറച്ചതിനാല്‍ നാട്ടില്‍ തിരിച്ചെത്തിയതാണ്. കാര്‍ വാടകയ്‌ക്കെടുത്തത് അബ്ദുള്‍ഖാദറാണ്.

കവര്‍ച്ച നടത്താന്‍ തീരുമാനിച്ച് കാറില്‍ നാലുപേരും ദേശീയ പാതയിലൂടെ വരുമ്പോള്‍ തമ്പാനും ഭാര്യയും വീടുപൂട്ടി പുറത്തിറങ്ങുന്നത് കണ്ടു. ഇതോടെ തമ്പാന്റെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

കവര്‍ച്ചയ്ക്ക് ശേഷം മടിക്കേരിയിലേക്ക് പോയ സംഘം പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ അടിച്ചു പൊളിച്ച് ജീവിച്ചു. നാലുപേരും മയക്കു മരുന്നിന് അടിമകളും സ്ത്രീ വിഷയത്തില്‍ അതീവ തല്‍പരരുമാണെന്ന് പോലീസ് അറിയിച്ചു. കവര്‍ച്ചക്ക് ശേഷം തമ്പാന്റെ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് തളിപ്പറമ്പ് ചിറവക്കിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ എടിഎം കൗണ്ടറില്‍നിന്ന് രണ്ട് തവണയായി 5000രൂപ പിന്‍വലിച്ചിരുന്നു. സാദിഖാണ് പണം പിന്‍വലിച്ചത്. ഇയാളുടെ ചിത്രം ബാങ്കിന്റെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞത് കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി.

ഇംത്യാസിനെയും മുഹമ്മദ് യാസിനെയും മംഗലാപുരത്ത് വച്ചും മാറ്റ് രണ്ടുപേരെ തളിപ്പറമ്പില്‍ വച്ചുമാണ് കസ്റ്റഡിയില്‍ എടുത്തത്. കണ്ണൂര്‍ എസ്.പി. പി. ഹരിശങ്കറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.