Latest News

കരിവെള്ളൂരിലെ സ്റ്റുഡിയോ കവര്‍ച്ച: പ്രതി പിടിയില്‍

പയ്യന്നൂര്‍:[www.malabarflash.com] കരിവെള്ളൂരിലെ റെയിന്‍ സ്റ്റുഡിയോയില്‍ കവര്‍ച്ച നടത്തിയ മലപ്പുറം ജില്ലയിലെ തിരൂര്‍ പനങ്ങാട്ടൂരിലെ അലി അക്ബര്‍ എന്ന മുഹമ്മദലിയെ (29) പയ്യന്നൂര്‍ പോലീസ് പിടികൂടി.

കഴിഞ്ഞ മാസം 14ന് രാത്രിയിലാണ് പ്രദീപ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഓണക്കുന്നിലെ സ്റ്റുഡിയോയില്‍ കവര്‍ച്ച നടന്നത്. രണ്ട് ക്യാമറകളും കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്‌കുകളുമാണ് കവര്‍ന്നത്. കവര്‍ച്ച നടത്തിയ ക്യാമറ തിരൂരിലെ കടയില്‍ വില്‍പ്പന നടത്താന്‍ ശ്രമം നടന്നിരുന്നു.

ക്യാമറയുടെ ബാറ്ററിയില്‍ റെയിന്‍ സ്റ്റുഡിയോയുടെ സ്റ്റിക്കര്‍ കണ്ട് സംശയം തോന്നിയ കടയുടമ ക്യാമറയുടെ ഫോട്ടോയെടുത്ത് ക്യാമറ തിരിച്ചു നല്‍കി. തുടര്‍ന്ന് ഈ ഫോട്ടോ ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്റെ വാട്‌സ് അപ് ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇതുവഴിയാണ് കരിവെള്ളൂരില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ട ക്യാമറ തിരിച്ചറിഞ്ഞത്.

പയ്യന്നൂര്‍ എസ്‌ഐ എം.വി.ദിനേശന്റെ നേതൃത്വത്തില്‍ കളവ് നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച വിരലടയാളവുമായി മലപ്പുറത്തെ വിരലടയാള വിദഗ്ദ്ധരുമായി ബന്ധപ്പെടുകയും ഈ അടയാളം മുഹമ്മദലിയുടെതാണെന്ന് തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദലി മാനന്തവാടി പനമരത്ത് പോലീസിന്റെ പിടിയിലായത്. പനമരത്തെ ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് യുവാവിനെ പോലീസ് കുടുക്കിയത്. 

മലപ്പുറം തിരൂര്‍, തിരൂരങ്ങാടി പ്രദേശങ്ങളിലെ നിരവധി പിടിച്ചുപറി-കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ഈ യുവാവ്.
എസ്‌ഐക്ക് പുറമേ ചെറുപുഴ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.പി.ശശിധരന്‍, പെരിങ്ങോം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി.രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കൂട്ടുപ്രതികള്‍ക്കും തൊണ്ടി മുതലിനുമായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയെ സമീപിക്കും. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.