Latest News

അതിഞ്ഞാല്‍ ദര്‍ഗാശരീഫ് ഉറൂസ് തുടങ്ങി

കാഞ്ഞങ്ങാട്:[www.malabarflash.com] ഉത്തര കേരളത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ അതിഞ്ഞാല്‍ ദര്‍ഗാശരീഫിലെ ഉറൂസ് പരിപാടികള്‍ തുടങ്ങി

പരിശുദ്ധ ഇസ്ലാമിന്റെ സന്ദേശം ലോക സമക്ഷം എത്തിക്കുന്നതിന് സര്‍വ്വവും ത്യജിച്ച് അഷ്ടദിക്കുകളിലും ദുര്‍ഗ്ഗമപാതകള്‍ താണ്ടി ദീനിന്റെ പ്രചരണം നിര്‍വ്വഹിച്ച അതിവിശുദ്ധരായ മഹാത്മാക്കള്‍ ചരിത്രത്തില്‍ എമ്പാടുമുണ്ടായിട്ടുണ്ട്. ഇവരില്‍ ആറേഴു നൂറ്റാണ്ടുകള്‍ക്കു മുമ്പ് റഷ്യയിലെ സമര്‍ഖന്തില്‍ നിന്നും ദീനിന്റെ കൈത്തിരിയുമായി കടന്നു വന്ന് അതിഞ്ഞാലില്‍ അന്ത്യം പൂകിയ മഹാചരിതരാണ് സയ്യിദ് ഉമര്‍ സമര്‍ഖന്തി വലിയുല്ലാഹി (നഃമ). ഇസ്ലാമിന്റെ വിധി വിലക്കുകള്‍ അന്യൂനമായും പാലിച്ചു കൊണ്ട് സര്‍വ്വതും അല്ലാഹുവിന് സമര്‍പ്പിച്ച് സമസൃഷ്ടി സ്‌നേഹവും കാരുണ്യവും സത്യനിഷ്ഠയും മുറുകെ പിടിച്ച് സര്‍വരെയും ആകര്‍ഷിച്ചു. ജീവിതം തന്നെ സന്ദേശമാക്കിയ വലിയുല്ലാഹി ജാതിമതഭേദമെന്യെ മുഴുവനാളുകളുടെയും പ്രീതിസമ്പാദിപ്പിച്ചു. മടിയന്‍ ക്ഷേത്രപാലകനുമായുള്ള ഉറ്റ ബന്ധം നിലനിര്‍ത്തിയ വലിയുല്ലാഹി മതത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് മാതൃകയായി വര്‍ത്തിച്ചിരുന്നു. മാനസികവും ശാരീരികവുമായ രോഗപീഡകള്‍ പേറുന്ന നാനാജാതി മതസ്ഥര്‍ ആശ്വാസം തേടി ദര്‍ഗയില്‍ പതിവായി എത്തിച്ചേരാറുണ്ട്.

ബുധനാഴ്ച രാത്രി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രിമുത്തുകോയ തങ്ങള്‍ ഉറൂസ് ഉല്‍ഘാടനം ചെയ്തു. തെരുവത്ത് മുസ്സഹാജി അദ്ധ്യക്ഷത വഹിച്ചു. അതിഞ്ഞാല്‍ ഖത്തീബ് ഹാഫിള് അനസ് അല്‍ അസ്ഹരി, മെട്രോ മുഹമ്മദ്ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, പി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, സി.കുഞ്ഞാമദ് ഹാജി പാലക്കി, പാലാട്ട് ഹുസൈന്‍ ഹാജി എന്നിവര്‍ സംസാരിച്ചു അബ്ദുള്‍ കരീം ഫൈസി കുന്തൂര്‍ (കര്‍ണ്ണാടക) പ്രഭാഷണം നടത്തി. ഉറൂസ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഖാലിദ് അറബിക്കാടത്ത് സ്വാഗതവും തെരുവത്ത് മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു

24ന് വ്യാഴാഴ്ച രാത്രി സമീര്‍ മന്നാനി കൊല്ലം പ്രഭാഷണം നടത്തും. 25ന് വെള്ളിയാഴ്ച 1.30ന് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.അബ്ദുള്ള ഹാജി പതാക ഉയര്‍ത്തും. രാത്രി 8 മണിക്ക് പ്രഗല്‍ഭ വാഗ്മി സിംസാറുല്‍ ഹഖ് ഹുദവി അബുദാബി), 26ന് ശനിയാഴ്ച 4.30ന് രക്ഷിതാക്കള്‍ക്കുള്ള പ്രാക്ടിക്കല്‍ കോഴ്‌സ് പ്രമുഖ കൗണ്‍സിലര്‍ അസീസ് അശ്‌റഫ് ക്ലാസ്സ് എടുക്കും. രാത്രി 8 മണിക്ക് മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 27ന് ഞായറാഴ്ച 7 മണിക്ക് കണ്ണൂരിലെ പ്രമുഖ ടീമായ അല്‍മിര്‍ഫായുടെ ദഫ് സംഘത്തിന്റെ ദഫ് പ്രദര്‍ശനവും രാത്രി 10മണിക്ക് ശൈഖുനാ വലിയുല്ലാഹി ഉമര്‍ മുസ്ല്യാര്‍ കിഴിശ്ശേരി മലപ്പുറം അവര്‍കളുടെ കൂട്ടുപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. 28ന് രാവിലെ മൗലീദ് പാരായണം, വൈകുന്നേരം 4.30ന് ഭക്ഷണ വിതരണത്തോട് ഉറൂസിന് സമാപനമാകും.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.