Latest News

ഭാരം കുറഞ്ഞ സ്‌കൂള്‍ ബാഗുകള്‍ രംഗത്തിറക്കി ഹാബിറ്റാറ്റ് സ്‌കൂളുകള്‍

അജ്മാന്‍:[www.malabarflash.com] സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറച്ച് വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ഹാബിറ്റാറ്റ് സ്‌കൂളുകള്‍. അജ്മാനിലും ഉമ്മുല്‍ഖുവൈനിലുമായി ഹാബിറ്റാറ്റ് ഗ്രൂപ് ഓഫ് സ്‌കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളിലാണ് ഭാരം കുറഞ്ഞതും കൂടുതല്‍ സൗകര്യപ്രദവുമായ ബാഗുകള്‍ പരിചയപ്പെടുത്തുന്നത്. കുട്ടികള്‍ക്ക് താങ്ങാവുന്ന വിധത്തില്‍, ആവശ്യമായ പുസ്തകങ്ങളും ചോറ്റുപാത്രവും ഉള്‍പ്പെടുത്തിത്തന്നെ ഭാരം കുറയ്ക്കാമെന്നതാണ് ബാഗുകളുടെ സവിശേഷത.

ബാഗുകളുടെ പ്രത്യേകതരത്തിലുള്ള സ്ട്രാപ് കുട്ടികളുടെ തോളിന് അമിതഭാരം നല്‍കാതെ താങ്ങാകും. മാത്രമല്ല, അരക്കെട്ടില്‍ കെട്ടാവുന്ന ഒരു ബെല്‍റ്റും പിറകില്‍ അധികഭാരം വരാത്ത വിധത്തിലുള്ള 'ഫോം റെസ്റ്റും' പുസ്തകക്കെട്ടിന്റെ ഭാരം കുറയ്ക്കുന്നു. സ്‌കൂളിന്റെ ലോഗോയ്‌ക്കൊപ്പം തന്നെ, ക്ലാസും പേരുവിവരങ്ങളും രേഖപ്പെടുത്താനുള്ള സംവിധാനവുമുള്ളതും കെ.ജി., പ്രൈമറി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് നിറങ്ങളില്‍ നല്‍കുന്നതും കുട്ടികളെ പെട്ടന്നു തിരിച്ചറിയാന്‍ സഹായിക്കും.
ഹാബിറ്റാറ്റ് ഗ്രൂപ് ഓഫ് സ്‌കൂള്‍സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അജ്മാനിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍, അജ്മാനിലെയും ഉമ്മുല്‍ഖുവൈനിലെയും ഹാബിറ്റാറ്റ് സ്‌കൂളുകള്‍ എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അദ്ധ്യയന വര്‍ഷത്തില്‍ ഈ ബാഗുകള്‍ വിതരണം ചെയ്യുമെന്ന് മാനേജിംഗ് ഡയരക്ടര്‍ ശംസു സമാന്‍ സി.ടി. അറിയിച്ചു. പുസ്തകക്കെട്ടുകളുടെ ഭാരം കുട്ടികളുടെ ആരോഗ്യത്തെ തന്നെ ബാധിക്കുന്നുവെന്ന കണ്ടെത്തലില്‍ തന്നെ ശംസു സമാന്‍ തന്നെയാണ് ഭാരം കുറഞ്ഞ ബാഗുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍കൈയ്യെയുടുത്തത്. 

ആരോഗ്യ വിദഗ്ദ്ധരുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും നിര്‍ദ്ദേശപ്രകാരം, അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ മാതൃകകള്‍ തയ്യാറാക്കിയത്. ശരീരഭാരത്തേക്കാള്‍ 15 മുതല്‍ 20 ശതമാനംവരെ കൂടുതല്‍ തൂക്കംവരുന്ന ബാഗുകള്‍ ചുമക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഈയൊരു പ്രശ്‌നത്തിന് പരിഹാരമാകുന്ന തരത്തിലുള്ള ബാഗുകള്‍ വിപണിയില്‍ വിരളമാണ്-അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാഗിന്റെ ഭാരം തോളില്‍ മാത്രമായി തൂങ്ങാതെ, പിറകില്‍ ഒരേപോലെ വ്യാപിച്ച് ലഘുവായി നിര്‍ത്തുന്നതിന് 'ഹിപ് ബെല്‍റ്റ്' സഹായകമാകുമെന്ന് പ്രമുഖ ശിശുരോഗ വിദഗ്ദ്ധനും മെട്രോ മെഡിക്കല്‍ സെന്റര്‍ ഡയരക്ടറുമായ ഡോ. ജമാലൂദ്ദീന്‍ അബൂബക്കര്‍ പറഞ്ഞു. അല്ലാത്തപക്ഷം, നട്ടെല്ല് പിറകോട്ട് വളയുന്നതിന് വരെ അമിതഭാരമുള്ള ബാഗുകള്‍ കാരണമാകും.
ടെക്‌സ്റ്റ് ബുക്കുകളുടെ എണ്ണം കുറയ്ക്കുന്നതിനും സ്‌കൂള്‍ പാഠ്യപുസ്തക കമ്മിറ്റി പദ്ധതി ആവിഷ്‌കരിച്ചതായി സ്‌കൂള്‍ അക്കാദമിക് ഡയരക്ടര്‍ സി.ടി. ആദില്‍ പറഞ്ഞു. ഗ്രേഡ് 1, 2 ക്ലാസുകളിലേക്ക് ഓരോ വിഷയത്തെ ആസ്പദമാക്കിയിലുള്ള ടെക്സ്റ്റ് ബുക്കുകള്‍ക്ക് പകരം, ഓരോ ടേമിലേക്കായാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. സപ്ലിമെന്ററി പുസ്തകങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ നാല് പുസ്തകങ്ങള്‍ക്ക് ഒരു പുസ്തകം കൊണ്ടുവന്നാല്‍ മതിയാകും-ആദില്‍ ചൂണ്ടിക്കാട്ടി.
പാഠ്യ പാഠ്യേതര വിഷയങ്ങള്‍ക്കും പ്രായോഗിക പരിജ്ഞാനത്തിനും പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസ രീതിയാണ് ഹാബിറ്റാറ്റ് സ്‌കൂളുകളില്‍ അനുവര്‍ത്തിക്കുന്നത്. 'എല്ലാത്തില്‍ നിന്നും പാഠമുള്‍ക്കൊള്ളുക'യെന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ നുഐമിയുടെ അദ്ധ്യക്ഷതയിലാണ് പ്രവര്‍ത്തിക്കുന്നത്. 





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.