Latest News

അന്‍വറിന് 200ഓളം സ്ത്രീകളുമായി ബന്ധം; കൊലപാതകം മാലപൊട്ടിക്കുന്നതിനിടെ

കൊച്ചി:[www.malabarflash.com] യുവതിയെ കൊലപ്പെടുത്തി ലോറിക്കടിയില്‍ തള്ളിയകേസില്‍ പിടിയിലായ അന്‍വറിന് ഇരുനൂറോളം സ്ത്രീകളും വിദ്യാര്‍ഥിനികളുമായി അടുപ്പമുണ്ടായിരുന്നതായി സംശയിക്കുന്നെന്ന് പോലീസ്.

ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നുമാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ബസില്‍ വച്ചുള്ള പരിചയം മുതലെടുത്താണ് ഇവരുമായി സൗഹൃദത്തിലാകുന്നത്. ഈ നമ്പറുകളില്‍ നിന്നും നിരവധി കോളുകള്‍ ഇയാളുടെ ഫോണിലേക്ക് വന്നിരുന്നതായി പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട സന്ധ്യ എന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമം ചെറുത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് വിവരമുണ്ട്. പോലീസിന്റെ വിശദമായ ചോദ്യംചെയ്യലില്‍ പ്രതിയായ അന്‍വര്‍ മോഷണശ്രമം വെളിപ്പെടുത്തി.

തമിഴ്‌നാട് ഗൂഢല്ലൂര്‍ സ്വദേശിനിയായ ഒരു യുവതിയുമായി തനിക്ക് അവിഹിതബന്ധമുണ്ടായിരുന്നതായും ഇവരുടെ സ്വര്‍ണാഭരണം താന്‍ വാങ്ങി വിറ്റിരുന്നതായും ബസ് കണ്ടക്ടറായ അന്‍വര്‍ പോലീസിനോടു പറഞ്ഞു. കൊച്ചിയിലെ ഒരു മൊബൈല്‍ നെറ്റ്‌വര്‍ക്കിങ് കമ്പനിയുടെ ഓഫീസിലാണ് തമിഴ്‌നാട് സ്വദേശിനി ജോലി ചെയ്യുന്നത്.

കൊലപാതകം നടന്ന ദിവസം സന്ധ്യയെ ചേര്‍ത്തലയിലെ ഓഫീസില്‍നിന്നു കൂട്ടിക്കൊണ്ടുവരുന്നതിനിടെ ഗൂഢല്ലൂര്‍ സ്വദേശിനിക്കു നല്‍കാനായി 30000 രൂപ അന്‍വര്‍ ആവശ്യപ്പെട്ടു.

പണം നല്‍കാനാകില്ലെന്ന് സന്ധ്യ പറഞ്ഞതോടെ കഴുത്തിലുള്ള സ്വര്‍ണമാല കൊടുക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍, മാലയില്‍ തൊട്ടുകളിക്കരുതെന്ന് പറഞ്ഞ് സന്ധ്യ എതിര്‍ത്തു.

ഇതോടെ കഴുത്തിലുള്ള മാല വലിച്ചുപൊട്ടിക്കാന്‍ അന്‍വര്‍ ശ്രമിച്ചു. ഈ സമയം ഇരുവരും കാറിന്റെ സീറ്റ് താഴ്ത്തിവച്ച് ചാരിക്കിടക്കുകയായിരുന്നു. മാലയില്‍ അന്‍വര്‍ പിടിത്തമിട്ടതോടെ സീറ്റില്‍നിന്നു കുതറിയെണീറ്റ് കാറിന്റെ ഡോര്‍ തുറന്ന് പുറത്തുചാടാന്‍ സന്ധ്യ ശ്രമിച്ചു. എന്നാല്‍, അന്‍വര്‍ കാറിന്റെ സെന്‍ട്രല്‍ ലോക്ക് ഇട്ടതോടെ സന്ധ്യക്ക് ഇറങ്ങാനായില്ല. തുടര്‍ന്ന്, കോപാകുലനായ അന്‍വര്‍, സന്ധ്യയെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. വിവാഹാഭ്യര്‍ഥന നടത്തിയതിനാണ് കൊലപാതകമെന്നായിരുന്നു പ്രതിയുടെ ആദ്യ മൊഴി. അന്‍വറിനെ കോടതിയില്‍ ഹാജരാക്കി മട്ടാഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.

സന്ധ്യയുടെ മരണ വാര്‍ത്തയോടൊപ്പം പത്രത്തില്‍ അച്ചടിച്ചു വന്ന ഫോട്ടോയാണ് കേസ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ചില ബസ് ജീവനക്കാര്‍ സ്ത്രീയെ തിരിച്ചറിയുകയും കണ്ടക്ടറുമായി ബന്ധമുണ്ടെന്ന് പോലീസിനെ അറിയിക്കുകയുമായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മണിക്കൂറുകള്‍ കൊണ്ട് പ്രതി പിടിയിലായത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.