Latest News

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഗള്‍ഫ് നാടുകള്‍ മനുഷ്യവാസയോഗ്യമല്ലാതാകുമെന്ന് പഠനം

ദുബൈ:[www.malabarflash.com] കാലാവസ്ഥാ വ്യതിയാനം ചില്ലറ ദുരിതങ്ങളൊന്നുമല്ല ഉണ്ടാക്കുകയാണെന്നു പുതിയ പഠനം. ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത് അറേബ്യന്‍ ഗള്‍ഫില്‍ ജീവിക്കുന്നവര്‍. കാര്യങ്ങള്‍ ഇക്കണക്കിനു പോയാല്‍ ഈ നൂറ്റാണ്ടു കഴിയും മുമ്പ് മനുഷ്യവാസത്തിന് യോഗ്യമല്ലാതായി ഗള്‍ഫിലെ പല പ്രദേശങ്ങളും മാറുമെന്നാണ് നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് എന്ന ജേണല്‍ മുന്നറിയിപ്പു നല്‍കുന്നത്.

അറേബ്യന്‍ ഗള്‍ഫിലെയും ചെങ്കടലിന്റെയും പരിസരപ്രദേശങ്ങളിലുള്ള ചില പ്രദേശങ്ങളിലെ സ്ഥിതി അതീവ പ്രശ്‌നഭരിതമാണ്. പല വന്‍ നഗരങ്ങളും ഈ അപായമേഖലയിലുണ്ട്. ഇവിടങ്ങള്‍ ചൂടുകൊണ്ട് നില്‍ക്കാന്‍ പറ്റാത്തവിധവും മനുഷ്യന് ജീവിക്കാന്‍ കഴിയാത്ത വണ്ണമാകുമെന്നും ജേണല്‍ മുന്നറിയിപ്പു നല്‍കുന്നു. ചൂടും, ആര്‍ദ്രതയും ഈ പ്രദേശങ്ങളില്‍ വര്‍ധിച്ചുവരികയാണെന്നും ശ്രദ്ധിച്ചില്ലെങ്കില്‍ ഇവിടങ്ങളിലെ മനുഷ്യവാസം വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ ഭീഷണി നേരിടുമെന്നും പഠനം പറയുന്നു.

ഇപ്പോഴത്തെ നിലയില്‍ പോയാല്‍ ചൂട് വളരെ വേഗം വര്‍ധിച്ചുവരികയാണെന്നും ഈ താപനില ജീവന്‍ നിലനിര്‍ത്താന്‍ കഴിയാത്തവണ്ണമാവുകയാണെന്നും പഠനസംഘം മുന്നറിയിപ്പു നല്‍കുന്നു. 95 ഡിഗ്രി ഫാരന്‍ഹീറ്റ് ഇപ്പോള്‍തന്നെ ഇവിടെ ചൂടുണ്ട്. ചൂട് ഇതിനേക്കാള്‍ കൂടിയാല്‍ ആറു മണിക്കൂറില്‍ കൂടുതല്‍ ഹൈപോ തെര്‍മിയ ബാധിക്കാതെ മനുഷ്യന് കഴിയാനാവില്ല.


ഗള്‍ഫിലും ചെങ്കടലിന്റെ തീരത്തും എപ്പോഴും തെളിഞ്ഞ ആകാശമായിരിക്കും. സൂര്യതാപം നേരിട്ടാണ് എത്തുന്നത്. അതുകൊണ്ടുതന്നെ ബാഷ്പീകരണത്തോട് കൂടുതലാണ്. അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ധിക്കാന്‍ ഇതു കാരണമാകും.

ദുബായ്, അബുദാബി, ദോഹ, ദഹരന്‍, ബന്ദര്‍ എന്നീ നഗരങ്ങളാണ് ഈ അപായത്തിന്റെ വക്കത്തുള്ളത്. ഗള്‍ഫിലെ പ്രധാനനഗരങ്ങളാണ് ഇവ. ഈ നഗരങ്ങളില്‍ ഇപ്പോള്‍ തന്നെ ഹൈപ്പോ തെര്‍മിക് സാഹചര്യങ്ങളാണുള്ളത്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ചൂട് ഇപ്പോള്‍തന്നെ അപായകരമാണ്. കുവൈറ്റ് സിറ്റിയും അല്‍ ഐനും അത്ര ഭീഷണിയിലല്ല. അതേസമയം, ഇവിടങ്ങളില്‍ സൂര്യാഘാതം പതിവാണ്. ഇതും അപായ സൂചനയാണ്.

പാരിസില്‍ ചേര്‍ന്ന കാലാവസ്ഥാ ഉച്ചകോടിയിലെടുത്ത കാര്‍ബണ്‍ നിര്‍ഗമനത്തോത് കുറയ്ക്കാനുള്ള തീരുമാനം നടപ്പാക്കാത്ത പക്ഷം വരും വര്‍ഷങ്ങളില്‍ ഗള്‍ഫ് മനുഷ്യരുടെ ശവപ്പറമ്പാകുമെന്നാണ് മുന്നറിയിപ്പ്. വ്യാവസായിക മുന്നേറ്റത്തില്‍ വളരുന്ന ഈ നാടുകളിലെ ഭീതി അത്ര ചില്ലറയായി തള്ളിക്കളയേണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.



Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.