Latest News

മണിയുടെ മരണത്തിലെ ദുരൂഹത; നടന്‍ ഉള്‍പ്പെടെ അഞ്ചുപേരെ ചോദ്യം ചെയ്യുന്നു

ചാലക്കുടി:[www.malabarflash.com] കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടു രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാനായി അഞ്ചു പേരെ വിളിച്ചുവരുത്തി. മണിയുടെ ഒപ്പം സംഭവ ദിവസം ഉണ്ടായിരുന്ന ഇടുക്കിയില്‍ നിന്നുള്ള ഒരു നടനും പൊലീസ് വിളിച്ചുവരുത്തിയവരില്‍ പെടുന്നു. ഡിവൈഎസ്പി കെ.എസ്. സുദര്‍ശനാണ് അന്വേഷണ ചുമതല. ചാലക്കുടി സ്‌റ്റേഷനിലാണു ചോദ്യം ചെയ്യല്‍ നടക്കുന്നത്. ചാലക്കുടി പുഴയോരത്തെ മണിയുടെ 'പാഡി'യെന്ന താല്‍ക്കാലിക വസതി പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്.

കലാഭവന്‍ മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഔട്ട്ഹൗസില്‍ ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധിച്ചു. മരണത്തിലെ ദുരൂഹതയെക്കുറിച്ച് പൊലീസിന്റെ പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്. ശരീരത്തിനുള്ളില്‍ വിഷമായ മെഥനോള്‍ അടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ കണ്ടതായി ഡോക്ടര്‍മാര്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. ആത്മഹത്യാ സാധ്യതയടക്കം പരിശോധിക്കുന്നതായി തൃശൂര്‍ റൂറല്‍ പോലീസ് എസ്പി കെ.കാര്‍ത്തിക് പറഞ്ഞു.

കരള്‍രോഗബാധയെ തുടര്‍ന്നാണ് കലാഭവന്‍ മണിയുടെ മരണമെങ്കിലും ശരീരത്തിനുള്ളില്‍ മെഥനോളിന്റെ അംശമുള്ളതായി ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. വ്യാജമദ്യത്തിലും മറ്റും കാണുന്ന വിഷമാണ് മെഥനോള്‍. ഇതിനുപുറമെ ആരോഗ്യത്തിനു ദോഷകരമാവുന്ന മറ്റു ചില ലഹരി പദാര്‍ത്ഥങ്ങളുടെ സാന്നിധ്യവും ശരീരത്തില്‍ കണ്ടെത്തിയതായും മൊഴിയുണ്ട്. ഈ സാഹചര്യത്തിലാണ് അസ്വാഭാവിക മരണത്തിന് ചാലക്കുടി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. മെഥനോള്‍ എങ്ങനെ ശരീരത്തില്‍ കലര്‍ന്നുവെന്നതാണു പ്രധാന സംശയം. ഇതടക്കമുള്ള ദുരൂഹതകള്‍ നീക്കുന്നതിനായാണ് തൃശൂര്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ അന്വേഷണത്തിനു നിയോഗിച്ചത്.

ശനിയാഴ്ചയാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനു മുന്‍പു മദ്യപിച്ചിരുന്നതായി പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. മദ്യപിച്ച സ്ഥലത്തെത്തി ഞായറാഴ്ച രാത്രി തന്നെ പൊലീസ് പരിശോധന നടത്തി. ആ പ്രദേശം പ്രത്യേക നിരീക്ഷണ മേഖലയായി മാറ്റുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണത്തിന്റെ കാരണം കൂടുതല്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.