Latest News

യുവാവിനെ തള്ളിയിട്ട എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കാഞ്ഞങ്ങാട്:[www.malabarflash.com] കോട്ടച്ചേരി ബസ്സ്റ്റാന്റിന് മുന്‍വശമുള്ള പോലീസ് എയ്ഡ് പോസ്റ്റിന് മുന്നില്‍ മത്സ്യത്തൊഴിലാളി പുഞ്ചാവി കടപ്പുറത്തെ സുരേഷിനെ തള്ളിയിട്ട് പരിക്കേല്‍പിച്ച ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഎസ്‌ഐ മുഹമ്മദ് ഹനീഫയെ അന്വേഷണ വിധേയമായി ജില്ലാ പോലീസ് മേധാവി ഡോ.എസ്. ശ്രീനിവാസന്‍ സസ്‌പെന്റ് ചെയ്തു. സുരേഷിന്റെ മൊഴിയനുസരിച്ച് ഹനീക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.


തള്ളിയതിനെത്തുടര്‍ന്ന് തെന്നി പോലീസ് ജീപ്പിന്റെ പിറക് വശത്ത് തലയടിച്ച് സാരമായി പരിക്കേറ്റ് മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സുരേഷ്. വകുപ്പ് തല അന്വേഷണം നടത്തിയാണ് ഹനീഫയെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു.പ്രേമന്‍ ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 

ബുധനാഴ്ച വൈകീട്ടാണ് നഗരവാസികളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തിന് തുടക്കം. റോഡില്‍ വീണ് തലപൊട്ടി ചോരയില്‍ കുതിര്‍ന്ന സുരേഷിനെ ആദ്യം അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. ഇതോടെ അഭ്യൂഹങ്ങള്‍ പരന്നു. തീരദേശത്ത് നിന്നും മറ്റുമായി നിരവധി പേര്‍ കോട്ടച്ചേരി ടൗണിലെത്തി എയ്ഡ് പോസ്റ്റിന് മുന്നില്‍ ബഹളം വെച്ചു. 

ഇതിനിടയില്‍ ഏഎസ്‌ഐ ബസ്സ്റ്റാന്റ് യാര്‍ഡിനടുത്തുള്ള പോലീസുകാരുടെ വിശ്രമ കേന്ദ്രത്തില്‍ അഭയം തേടി. ഹനീഫ ഈ മുറിയിലുണ്ടെന്ന് മനസ്സിലാക്കിയ യുവാക്കള്‍ മണിക്കൂറുകളോളം ഇവിടെ തമ്പടിക്കുകയും ഏഎസ്‌ഐയെ പുറത്ത് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.സുനില്‍ ബാബു, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു.പ്രേമന്‍, ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ബിജുലാല്‍, ട്രാഫിക് കണ്‍ട്രോള്‍ റൂം എസ്‌ഐ രവീന്ദ്രന്‍, നീലേശ്വരം പ്രിന്‍സിപ്പല്‍ എസ്‌ഐ പി.നാരായണന്‍, ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ആദംഖാന്‍, അമ്പലത്തറ എസ്‌ഐ ശശി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ബസ്സ്റ്റാന്റ് പരിസരത്ത് തമ്പടിച്ചിരുന്നു. 

പ്രതിഷേധക്കാരെ പിന്‍തിരിപ്പിക്കാനും അനുനയിപ്പിക്കാനുമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ശ്രമം മണിക്കൂറുകളോളം നീണ്ടു. പോലീസും പ്രതിഷേധക്കാരും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുന്ന അവസ്ഥയായിരുന്നു പിന്നീട്. ഒടുവില്‍ പോലീസിന്റെ അനുനയ ശ്രമം വിജയിച്ചു. ഏഎസ്‌ഐയെ പരസ്യമായി കാണണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാരോട് രണ്ട് പ്രതിനിധികള്‍ക്ക് അതിനുള്ള അവസരം നല്‍കാമെന്ന് എസ്‌ഐ കെ.ബിജുലാല്‍ സമ്മതിച്ചതോടെ ബഹളം തെല്ലൊന്ന് ശമിച്ചു. 

പ്രതിഷേധക്കാരുടെ രണ്ട് പ്രതിനിധികളെ വിശ്രമ കേന്ദ്രത്തിനകത്ത് കയറ്റി ഏഎസ്‌ഐയെ കാട്ടിക്കൊടുത്തതോടെ പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകുകയായിരുന്നു.
സംഭവമറിഞ്ഞ് ചന്തേരയിലായിരുന്ന ജില്ലാ പോലീസ് മേധാവി ഡോ.എസ്.ശ്രീനിവാസ് സ്ഥലത്തെത്തുകയും പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അദ്ദേഹം കീഴുദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. സംഘര്‍ഷം മുതലെടുക്കാന്‍ അപരിചിതരായ പലരും ബുധനാഴ്ച ബസ്സ്റ്റാന്റ് പരിസരത്തെത്തിയിരുന്നു. ഇരുട്ട് പരന്ന ബസ്സ്റ്റാന്റ് യാര്‍ഡില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ വാക്ക് തര്‍ക്കം നടക്കുമ്പോള്‍ അപ്രതീക്ഷിതമായി ജനക്കൂട്ടത്തിന് നേരെ കല്ലേറുണ്ടായി.
കല്ലേറില്‍ അജാനൂര്‍ കടപ്പുറത്തെ സന്തോഷ് എന്ന യുവാവിന് തലക്ക് പരിക്കേറ്റു. ഇതില്‍ പ്രകോപിതനായ ഒരു വിഭാഗം സമീപത്തെ പല കടകളും നിര്‍ബന്ധപൂര്‍വ്വം അടപ്പിച്ചു. സംഘര്‍ഷാവസ്ഥ മൂന്നര മണിക്കൂറോളം നീണ്ടുനിന്നു. സംഭവം ക്യാമറയില്‍ പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകരെ അനുവദിച്ചിരുന്നില്ല. മൊബൈല്‍ ഫോണിലും മറ്റും ദൃശ്യം പകര്‍ത്തിയവരെ പ്രതിഷേധക്കാര്‍ വിരട്ടിയോടിക്കുകയും ചെയ്തു.Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.