Latest News

കണ്ണൂര്‍ വിമാനത്താവള നിയമനത്തില്‍ അഴിമതി ആരോപിച്ച സിപിഐ(എം) നേതാക്കളുടെ മക്കള്‍ക്ക് ജോലിയായി

കണ്ണൂര്‍:[www.malabarflash.com] കണ്ണൂര്‍ വിമാനത്താവള കമ്പനിയായ കിയാലില്‍ നിയമനം നടത്തുന്നതില്‍ സിപിഐ.(എം) ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ അവര്‍ക്കു നേരെ തിരിഞ്ഞുകുത്തുന്നു. മുസ്ലിം ലീഗും യു.ഡി.എഫും പരമാവധി പ്രവര്‍ത്തകരെ വിമാനത്താവളനിയമനത്തില്‍ തിരുകിക്കയറ്റുന്നു എന്നാണ് സിപിഐ.(എം). ആരോപിച്ചിരുന്നത്.

എന്നാല്‍ സിപിഐ.(എം) നേതാക്കളുടെ മക്കള്‍ക്ക് കിയാലില്‍ ജോലി ലഭിച്ചത് എങ്ങനെയെന്ന് യു.ഡി.എഫ്. തിരിച്ചടിച്ചപ്പോള്‍ ജോലി ലഭിച്ച സിപിഐ.(എം) നേതാവിന്റെ മകള്‍ രാജിവയ്ക്കുകയും ചെയ്തു. ഫസല്‍ വധക്കേസില്‍ എറണാകുളത്ത് കഴിയുന്ന കാരായി രാജന്റെ മകള്‍ക്ക് കിയാലില്‍ ജോലി ലഭിച്ചിരുന്നു. അഡ്മിനിസ്ട്രറ്റീവ് വിഭാഗത്തിലായിരുന്നു ജോലി. വിവാദങ്ങള്‍ ഉയര്‍ന്നതോടെ കാരായി രാജന്റെ മകള്‍ ജോലിയില്‍ നിന്നും രാജി വച്ചിരിക്കയാണ്.

മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനും പ്രമുഖ സിപിഐ.(എം) നേതാവുമായ കെ.ഭാസ്‌ക്കരന്റേയും മുന്‍ എം.എല്‍. എ, കെ.കെ ശൈലജയുടേയും മകന്‍ കെ.കെ. ലസിതിനും കിയാലില്‍ ജോലി ലഭിച്ചിട്ടുണ്ട്. കിയാലില്‍ ഇലക്ട്രോണിക്ക് എഞ്ചിനീയറാണ് ലസിത്. യു.ഡി.എഫിനു നേരെ നിയമന അഴിമതി ആരോപണം ഉയര്‍ന്നതോടെയാണ് സിപിഐ.(എം) നേതാക്കളുടെ മക്കള്‍ക്ക് ജോലി ലഭിച്ചതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. അതുവരെ കോണ്‍ഗ്രസ്സും യു.ഡി.എഫും ഇക്കാര്യം പുറത്തു വിട്ടിരുന്നില്ല

കഴിവും യോഗ്യതയും ഉള്ളതു കൊണ്ടാണ് തന്റെ മകന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി ലഭിച്ചതെന്നും നിയമനം സുതാര്യമാണെന്നും അദ്ദേഹം പ്രസ്താവന ഇറക്കുകയും ചെയ്തു. ഇത് സിപിഐ.(എം) നെ അങ്കലാപ്പിലാക്കിയിരിക്കയാണ്. അഴിമതി ആരോപണം ഉന്നയിച്ച പാര്‍ട്ടിയിലെ പ്രമുഖ നേതാവു തന്നെ നിയമനം സുതാര്യമാണെന്ന് പ്രസ്താവന ഇറക്കിയത് പാര്‍ട്ടിയുടെ കഴിഞ്ഞ ദിവസംവരെയുള്ള നിലപാടില്‍ നിന്നും പിറകോട്ടു പോകലാണെന്ന് ആരോപിക്കപ്പെടുന്നു.. വിമാനത്താവള നിയമനത്തില്‍ അഴിമതി ആരോപിച്ച സിപിഐ.(എം). നേതൃത്വം മാപ്പു പറയണമെന്ന് യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കയാണ്.

വിമാനത്താവള നിയമനത്തില്‍ പരമാവധി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അപേക്ഷ നല്‍കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അന്‍സാരി തില്ലങ്കേരി അണികള്‍ക്കയച്ച കത്തിനെത്തുടര്‍ന്നാണ് വിവാദങ്ങള്‍ ഉടലെടുത്തത്. ഈ കത്തിനെ അഴിമതി എന്ന് വ്യാഖ്യാനിക്കുകയായിരുന്നു സിപിഐ.(എം).

അതേസമയം കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള 109 തസ്തികകളിലേക്ക് 1,58,128 പേരാണ് അപേക്ഷിച്ചിട്ടുള്ളത് നിയമനം നടത്തുന്നതിന് കിറ്റ് കോയെയാണ് കിയാല്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. എഴുത്തു പരീക്ഷയും അഭിമുഖവും നടത്തിയ ശേഷം റാങ്ക് ലിസ്റ്റ് പ്രകാരം നിയമനം നടത്തുമെന്ന് അധികൃതര്‍ പറയുന്നു. ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ അറ്റന്‍ഡര്‍ എന്നീ തസ്തികകളിലേക്കാണ് ഏറെയും അപേക്ഷകര്‍. വിമാനത്താവളത്തിനു വേണ്ടി കുടിയൊഴിഞ്ഞ കുടുംബങ്ങള്‍ക്ക് ജൂനിയര്‍ അസിസ്റ്റന്റ് തസ്തിക സംവരണം ചെയ്തിട്ടുണ്ട്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.