Latest News

വന്‍ വാഹന മോഷണ സംഘം ഇരിട്ടിയില്‍ പിടിയിലായി

കണ്ണൂര്‍:[www.malabarflash.com] വാഹനങ്ങള്‍ ഉടമകളില്‍ നിന്നും വാങ്ങി പൊളിച്ചുവില്‍ക്കുകയും വാഹനങ്ങള്‍ മോഷണം നടത്തുകയും ചെയ്യുന്ന നാലംഗ സംഘത്തെ ഇരിട്ടി ഡി വൈ എസ് പി കെ സുദര്‍ശനന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

പടിയൂര്‍ പുലിക്കാട്ടെ അമ്പാട്ട് ഹൗസില്‍ ടി സി രമേശന്‍ (45) ശ്രീകണ്ഠാപുരം പഴയങ്ങാടിയിലെ ഉപ്പാപ്പക്കണ്ടി ഹൗസില്‍ അബ്ദുള്ള (48) ശ്രീകണ്ഠാപുരം ഐച്ചേരിയിലെ പുലാഞ്ഞി ഹൗസില്‍ മനോജ് (45) പടിയൂര്‍ പൂവ്വത്തെ ബാബോലില്‍ ഹൗസില്‍ സജി തോമസ് (39) എന്നിവരാണ് അറസ്റ്റിലായത്. ഈ കേസില്‍ മറ്റൊരു പ്രതിയായ എടൂരെ ജയ്‌മോന്‍ തടത്തില്‍ (37) പോലീസിനെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. 

മൂന്നുപേരെയും അവരുടെ വീടുകളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രമേശനും സജി തോമസുമാണ് വാഹനമോഷണകേസില്‍ ഉള്‍പ്പെട്ടവര്‍.
കഴിഞ്ഞ ദിവസം പെരുമ്പറമ്പ് സ്വദേശിനിയായ പാറമ്മല്‍ ശോഭന, ഇന്‍ഡിക കാര്‍ വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് തന്നെ വഞ്ചിച്ചതായി കാണിച്ച് ഇപ്പോള്‍ അറസ്റ്റിലായ രമേശനെതിരെ ഇരിട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകളുടേയും മോഷണത്തിന്റേയും ചുരുള്‍ നിവര്‍ന്നത്. 

രമേശന്‍, അബ്ദുള്ള, മനോജ് എന്നിവര്‍ ലോണ്‍ അടക്കാമെന്ന് വ്യവസ്ഥയില്‍ വാഹനങ്ങള്‍ വിലക്കെടുക്കുകയും പിന്നീടത് പൊളിച്ചുവില്‍ക്കുകയുമാണെന്ന് പോലീസ് കണ്ടെത്തി. ഇത്തരം പ്രവര്‍ത്തികളിലൂടെ വാഹന ഉടമകളെ ഇവര്‍ വഞ്ചിക്കുകയുമായിരുന്നു. ലോറികള്‍ അടക്കമുള്ള നൂറുകണക്കിന് വാഹനങ്ങള്‍ ഇവര്‍ വിലക്കെടുത്ത് അന്യസംസ്ഥാനങ്ങളില്‍ കൊണ്ടുപോയി പൊളിച്ചുവിറ്റതായി ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. 

അന്തര്‍ സംസ്ഥാന ബന്ധമുള്ള റാക്കറ്റുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ചോദ്യംചെയ്യലില്‍ നിന്ന് പോലീസിന് ബോധ്യപ്പെട്ടു. കന്യാകുമാരി സ്വദേശിയായ നാഗരാജനാണ് ഇവര്‍ കൂടുതല്‍ വാഹനങ്ങള്‍ വില്‍പ്പന നടത്തിയത്.
സംഘത്തലവന്‍ രമേശന്റെ പേരില്‍ വാഹനങ്ങള്‍ വിലക്കെടുത്ത് വഞ്ചിച്ചതായുള്ള കേസുകള്‍ പേരാമ്പ്ര, പെരിങ്ങോം, തിരൂര്‍, ചന്തേര സ്റ്റേഷനുകളില്‍ നേരത്തെ തന്നെ നിലവിലുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്കൊപ്പമാണ് ഇവര്‍ വാഹനമോഷണത്തിലേക്കും തിരിഞ്ഞത്. ഇരിക്കൂര്‍ സ്വദേശിയുടെ ലോറി മോഷ്ടിച്ചത് രമേശനും സജിതോമസും പിടിയിലാവാനുള്ള ജെയ്‌മോനുമാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. 

അന്തര്‍സംസ്ഥാന വാഹനതട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും.
ഡി വൈ എസ് പിയെ കൂടാതെ ഇരിക്കൂര്‍ എസ് ഐ കെ വി മഹേഷ്, എസ് പി സ്‌ക്വാഡ് അംഗങ്ങളായ റാഫി അഹമ്മദ്, റജീസ്‌കറിയ, ജയരാജന്‍, പ്രമോദ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.