Latest News

കാസര്‍കോട്ടെ ലീഗ് സ്ഥാനാര്‍ത്ഥി: ഉയരുന്നത് പുതുമുഖത്തിന് വേണ്ടിയുള്ള ആരവം

കാസര്‍കോട്:[www.malabarflash.com] നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുമുഖ സ്ഥാനാര്‍ത്ഥിയായി വന്ന് നിയമസഭാംഗമായി ചരിത്രം കുറിച്ച് സിടി അഹമ്മദലിയുടെ കാസര്‍കോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി ഒരു പുതുമുഖമായിരിക്കും രംഗത്തുണ്ടായിരിക്കുയെന്ന ചര്‍ച്ച ശക്തമായി.

എന്‍.എ നെല്ലിക്കുന്ന് മഞ്ചേശ്വരം മണ്ഡലത്തിലേക്ക് പിബി അബ്ദുല്‍ റസാഖ് പാര്‍ട്ടി നേതൃത്വത്തിലേക്കും മാറുമെന്ന് അഭ്യൂഹങ്ങള്‍ക്കിടയിലാണ് കാസര്‍കോട് മണ്ഡലത്തിലെ പുതുമുഖ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന് ലീഗ് അണികള്‍ ഉറ്റുനോക്കുന്നത്.

പാര്‍ട്ടിക്ക് കാസര്‍കോട് മണ്ഡലം ഒരു മലപ്പുറം തന്നെയാണ്. ബി.ജെ.പി വിജയപ്രതീക്ഷ പുലര്‍ത്തുന്നുണ്ടെങ്കിലും എല്‍.ഡി.എഫ് അക്കാര്യത്തെ കുറിച്ച് ചിന്തിക്കുന്നേയില്ല. മണ്ഡലത്തില്‍ ലീഗിനാണെങ്കില്‍ സ്ഥാനാര്‍ത്ഥികളാകാന്‍ ഒട്ടേറെ പേരുണ്ട്. അത്തരക്കാര്‍ സംഘടനാ രംഗത്തും പാര്‍ലമെന്ററി രംഗത്തും കൃതഹസ്തരായവരുമാണ്. 

അതിനിടെ പിഎംഎ സലാമിന് ഇക്കുറി നിയമസഭയിലേക്കുള്ള ടിക്കറ്റ് കിട്ടുകയാണെങ്കില്‍ എന്‍.എ നെല്ലിക്കുന്നിന് ടിക്കറ്റുണ്ടാവില്ലെന്നും ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇരുവരും ഐഎന്‍എല്‍വിട്ട് മുസ്ലിംലീഗില്‍ ചേര്‍ന്നവരാണ്.

കാസര്‍കോട്ട് എം.സി ഖമറുദ്ദീന്റെ പേര് ഉയര്‍ത്തിക്കാട്ടുന്നവരുണ്ടെങ്കിലും ഇവിടെയും മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുന്‍ഗണന നല്‍കണമെന്നാണ് ശക്തിപ്പെടുന്ന വാദങ്ങള്‍. നഗരസഭ ചെയര്‍മാനായിരുന്ന ടി.ഇ അബ്ദുല്ലയുടെയും എസ്.ടി.യു നേതാവ് എ അബ്ദുല്‍ റഹ്മാന്റെയും ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മാഹിന്‍ കേളോട്ടിന്റെയും പേരുകളാണ് പുതുമുഖ സ്ഥാനാര്‍ത്ഥി നിരയില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. 

തദ്ദേശതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പഞ്ചായത്തുകളായ ബദിയടുക്കയിലും കുമ്പഡാജെയിലും ബെള്ളൂരിലും മാഹിന്‍ മുസ്ലിംലീഗ് എം.എല്‍.എമാര്‍ക്ക് കിട്ടിയ വോട്ടുകളെക്കാള്‍ കൂടുതല്‍ പെട്ടിയിലാക്കിയിരുന്നു. ഈ നേട്ടം പാര്‍ട്ടി തലത്തിലും മുന്നണി തലത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടതുമാണ്. ഇത് ഉയര്‍ത്തിക്കാട്ടിയാണ് മാഹിന് വേണ്ടിയുള്ള നീക്കങ്ങള്‍ ശക്തമാകുന്നത്.

മഞ്ചേശ്വരത്തും പുതുമുഖ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള മുറവിളി പാര്‍ട്ടിക്കുള്ളിലുണ്ട്. ഖത്തര്‍ കെഎംസിസി നേതാവ് എസ്.എ.എം ബഷീറിന്റെയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും യൂത്ത് ലീഗ് നേതാവുമായ എ.കെ.എം അഷ്‌റഫിന്റെയും പേരുകളാണ് മണ്ഡലത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. 

പ്രാദേശിക വാദം കത്തിനില്‍ക്കുന്ന മുസ്ലിംലീഗ് പ്രബല ശക്തിയായ ഈ തുളുനാടന്‍ മണ്ഡലവും പുതുമുഖങ്ങളെ വരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.