Latest News

ആരോഗ്യത്തിനൊപ്പം സൗഹൃദവും; ആവേശമായി കാസര്‍കോട് മാരത്തോണ്‍

കാസര്‍കോട്:[www.malabarflash.com] ആരോഗ്യത്തിനൊപ്പം സൗഹൃദവും സന്ദേശവുമായി കാസര്‍കോട് ഞായറാഴ്ച പ്രഭാതത്തില്‍ ഓടിയത് ദീര്‍ഘദൂരം. ഗുഡ്‌മോണിങ് കാസര്‍കോട് സംഘടിപ്പിച്ച കാസര്‍കോട് മാരത്തോണ്‍- 16 ല്‍ ഓടിയത് അഞ്ഞൂറോളം പേര്‍.

താളിപ്പടുപ്പ് മൈതാനിയില്‍നിന്ന് വിദ്യാനഗറിലെ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലേക്കാണ് ഞായറാഴ്ച രാവിലെ 7.30ന് മാരത്തോണ്‍ സംഘടിപ്പിച്ചത്. ജില്ലാ പൊലീസ് മേധാവി ഡോ. എസ് ശ്രീനിവാസ് ഫഌഗ് ഓഫ് ചെയ്തു. മുഹമ്മദ് ഹാഷിം സ്വാഗതം പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയും ഓടി.
മത്സരാര്‍ഥികളും അല്ലാത്തവരുമായ സ്ത്രീ, പുരുഷന്മാരും കുട്ടികളും ഓടി.

കറന്തക്കാട്- പുതിയബസ്റ്റാന്‍ഡ്- നുള്ളിപ്പാടി- അണങ്കൂര്‍- വിദ്യാനഗര്‍ വഴി മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലേക്ക് 5.1 കി. മീ. ദൂരമായിരുന്നു ഓട്ടം. ഓട്ടകാര്‍ക്ക് അഭിവാദ്യവുമായി ദേശീയപാതക്കിരുവശവും ജനങ്ങള്‍ നിന്നു. കാസര്‍കോട് ആദ്യമായി നടക്കുന്ന മാരത്തോണില്‍ പങ്കെടുക്കാനും കാണാനും ആവേശത്തോടെയാണ് ആളുകളെത്തിയത്.
ഇതര ജില്ലകള്‍ക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്ത മാരത്തോണ്‍ അതിരുകളില്ലാത്ത സ്‌നേഹ സംഗമമായി. ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെയായിരുന്നു മാരത്തോണ്‍.

പുരുഷന്മാരില്‍ കോതമംഗലത്തെ ഇന്ത്യാ സ്‌പോര്‍ട്‌സിലെ സി ഷിജു ഒന്നും ബിനു പീറ്റര്‍ രണ്ടും കാസര്‍കോട് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ എം പി അഗസ്റ്റിന്‍ മൂന്നും സ്ഥാനം നേടി. സ്ത്രീകളില്‍ കാസര്‍കോട് കൂഡ്‌ലു ഭഗവതിനഗറിലെ ദുര്‍ഗാശ്രീ ഒന്നും ബേക്കല്‍ ലളിത് റിസോര്‍ട്ടിലെ പ്രിയങ്ക രണ്ടും കാസര്‍കോട് വിദ്യാനഗറിലെ അഞ്ജലി എസ് റാവു മൂന്നും സ്ഥാനം നേടി.

വിജയികള്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപയും ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കി. മാരത്തോണില്‍ പങ്കെടുത്തവര്‍ക്കല്ലാം മെഡല്‍ സമ്മാനിച്ചു.


എംഎല്‍എമാരായ ഇ ചന്ദ്രശേഖരന്‍, എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുള്‍ റസാഖ്, ജില്ലാ പഞ്ചായത്തംഗം കെ ശ്രീകാന്ത്, പ്രസ്‌ക്ലബ് പ്രസിഡന്റ് സണ്ണിജോസഫ്, ജനമൈത്രി പൊലീസ് നോഡല്‍ ഓഫീസര്‍ ഡിവൈഎസ്പി കെ ദാമോദരന്‍, ലളിത് റിസോര്‍ട്ട് ജനറല്‍ മാനേജര്‍ ദേബാഷിസ് ചന്ദ്ര, കേണല്‍ ദിവാന്‍ എന്നിവര്‍ സമ്മാനം നല്‍കി.

സംഘാടക സമിതി ചെയര്‍മാന്‍ ഹാരിസ് ചൂരി അധ്യക്ഷനായി. എന്‍ കെ പവിത്രന്‍ സ്വാഗതവും ബാലന്‍ ചെന്നിക്കര നന്ദിയും പറഞ്ഞു. കാസര്‍കോട് മാരത്തണ്‍ വരും വര്‍ഷങ്ങളിലും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.