Latest News

തെങ്ങ് ഒടിഞ്ഞ് ദേഹത്തു വീണ് തൊഴിലുറപ്പു തൊഴിലാളികളായ രണ്ടു സ്ത്രീകള്‍ മരിച്ചു

Malabarflash
കൊടുങ്ങല്ലൂര്‍:[www.malabarflash.com] തെങ്ങ് ഒടിഞ്ഞ് ദേഹത്തു വീണ് തൊഴിലുറപ്പു തൊഴിലാളികളായ രണ്ടു സ്ത്രീകള്‍ മരിച്ചു. എടവിലങ്ങ് പഞ്ചായത്തിലെ കുഞ്ഞയിനിയില്‍ വ്യാഴാഴ്ച രാവിലെ 10.30ഓടെയാണ് ദാരുണമായ ദുരന്തം. എടവിലങ്ങ് ലക്ഷംവീട് കോളനിയിലെ കാരയില്‍ വീട്ടില്‍ പരേതനായ രാജന്റെ ഭാര്യ പത്മാക്ഷി (70), എടവിലങ്ങ് ചിറ്റേഴത്ത് ധര്‍മദേവി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന തളിയാഴ്ചയില്‍ പരേതനായ വാസുദേവന്റെ ഭാര്യ തങ്കമണി (63) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ കുഞ്ഞയിനി വാട്ടര്‍ ടാങ്കിനു തെക്കുവശമുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലെ തോട് കുഴിയെടുത്തു വൃത്തിയാക്കുന്നതിനിടെയാണ് എടവിലങ്ങ് ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തിയ അപകടമുണ്ടായത്. 42 പേരടങ്ങുന്ന സ്ത്രീതൊഴിലാളികള്‍ രാവിലെ എട്ടോടെയാണു ജോലിക്ക് ഇറങ്ങിയത്. പത്തോടെ ചായ കുടിക്കാന്‍ പണി നിര്‍ത്തി തോടിന്റെ കരയിലേക്കു കയറുമ്പോഴാണു കടയ്ക്കു മുകളിലായി ഒടിഞ്ഞ തെങ്ങ് സ്ത്രീതൊഴിലാളികളുടെ ദേഹത്തു പതിച്ചത്.

തെങ്ങിനടിയില്‍പെട്ട ഇരുവരെയും മറ്റു തൊഴിലാളികളും ബഹളംകേട്ട് എത്തിയ നാട്ടുകാരും ചേര്‍ന്നു പുറത്തെടുക്കുകയായിരുന്നു. ഉടനെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. പത്മാക്ഷിയുടെ കൈപിടിച്ചു നീങ്ങിയിരുന്ന അയല്‍ക്കാരിയായ ഷീന തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. തെങ്ങിന്റെ ഓലത്തലപ്പുകള്‍ ഷീനയുടെ ദേഹത്തു തട്ടിയെങ്കിലും പരിക്കേറ്റില്ല.

തോടിനു സമീപമുള്ള പറമ്പില്‍ നല്ല കായ്ഫലമുള്ള തെങ്ങ് ഒടിയുന്ന ശബ്ദം കേട്ട് ഓടിനീങ്ങുമ്പോഴേക്കും മറ്റൊരു തെങ്ങില്‍ തട്ടി ഇവരുടെ ദേഹത്തു വീഴുകയായിരുന്നു. കേട് ഉണ്ടായിരുന്നതാണു തെങ്ങ് ഒടിഞ്ഞുവീഴാന്‍ കാരണമായത്. എടവിലങ്ങ് ലക്ഷംവീട് കോളനി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു പ്രധാന തോടായ പെരുംതോട്ടിലേക്കുള്ള തോടുകളാണു കുഴിയെടുത്തു വൃത്തിയാക്കിക്കൊണ്ടിരുന്നത്. ബുധനാഴ്ച മുതലാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ ഇവിടെ ജോലി ആരംഭിച്ചത്.

ഷീബ, ഷീജ, ബിന്ദു, രാജീവന്‍ എന്നിവരാണ് പത്മാക്ഷിയുടെ മക്കള്‍. തങ്കമണിയുടെ ഏക മകള്‍ ബിന്ദുകല. ദുരന്തവാര്‍ത്തയറിഞ്ഞ് നാടാകെ കുഞ്ഞയിനി ഗ്രാമത്തിലേക്ക് ഒഴുകിയെത്തി. അലമുറയിട്ട കുടുംബാംഗങ്ങളോടൊപ്പം തൊഴിലുറപ്പ് തൊഴിലാളികളുടെ സങ്കടം കൂടി ആയപ്പോള്‍ ആകെ ദുഃഖസാന്ദ്രമായിമാറി.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.