Latest News

സ്വകാര്യ ബാങ്കിലേക്കെത്തിച്ച പണം കുരുമുളക് സ്‌പ്രേ തളിച്ചു കവര്‍ന്നു

കോട്ടയം:[www.malabarflash.com] കുറവിലങ്ങാട് വെമ്പള്ളിയിലെ സ്വകാര്യബാങ്കിലേക്ക് എത്തിച്ച പണം ബാങ്ക് ഉടമയുടെ മക്കളുടെ കണ്ണില്‍ കുരുമുളക് സ്‌പ്രേ ഉപയോഗിച്ചും മര്‍ദിച്ചും കവര്‍ന്നു.

ശനിയാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. വെമ്പള്ളി തെക്കേക്കവലയില്‍ തവളക്കുഴി കുരിശുംമൂട്ടില്‍ റോബിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കുരിശുംമൂട്ടില്‍ ബാങ്കേഴ്‌സിലേക്കെത്തിച്ച 60,000ത്തോളം രൂപയാണു കാറിലെത്തിയ അജ്ഞാതസംഘം കവര്‍ന്നത്. റോബിന്റെ മക്കളായ റെയ്ജിനും ജെറിനുമാണു പണവുമായി രാവിലെ ബാങ്കിലേക്കെത്തിയത്.

പതിവുപോലെ ഇവരെത്തിയ കാര്‍ ബാങ്കിന്റെ സമീപത്തുള്ള വീട്ടില്‍ പാര്‍ക്കു ചെയ്യാന്‍ തുടങ്ങുന്നതിനിടയിലാണു കവര്‍ച്ച. സഹോദരങ്ങളിലൊരാള്‍ വാഹനത്തില്‍ ഇരുന്ന ശേഷം മറ്റെയാള്‍ വീടിന്റെ ഗേറ്റ് തുറക്കുകയായിരുന്നു. ഈ സമയം കറുത്ത ഇന്നോവ കാറിലെത്തിയ സംഘം ഇവരുടെ വാഹനത്തിനടുത്തെത്തി സീറ്റില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന പണവും താക്കോലുകളും രേഖകളും കവര്‍ന്നെടുക്കുകയായിരുന്നു. ഇതു ചെറുത്തുതോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ റെയ്ജിനും ജെറിനും ആക്രമണത്തിനിരയായി.

പണം കൈക്കലാക്കിയ സംഘം രക്ഷപ്പെട്ട കാറിനെ പിന്തുടര്‍ന്ന ഇവര്‍ കാറിന്റെ വാതിലില്‍ പിടിച്ചെങ്കിലും വീഴുകയായിരുന്നു. എന്നാല്‍, വാതില്‍പ്പിടി ഇവരുടെ കൈയില്‍ ലഭിച്ചു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്തുരുത്തി സിഐ, കുറവിലങ്ങാട് എസ്‌ഐ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
അതേ സമയം കവര്‍ച്ചാസംഘമെത്തിയ വാഹനത്തിന്റെ നമ്പര്‍ വ്യാജമെന്നു പോലീസ് പറഞ്ഞു. കറുത്ത ഇന്നോവ കാറിലാണ് ആറു പേരെന്നു കരുതുന്ന സംഘം എത്തിയത്. വാഹനത്തിന്റെ നമ്പര്‍ ബാങ്കുടമയുടെ മക്കള്‍ തിരിച്ചറിഞ്ഞിരുന്നു. ഈ നമ്പര്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിച്ചപ്പോഴാണ് ഈ നമ്പരില്‍ കറുത്ത ഇന്നോവ ഇല്ലെന്നു മനസിലായത്. വെളുത്ത സ്വിഫ്റ്റ് കാറിന്റേതാണു സംശയിക്കുന്ന നമ്പരെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന കുറവിലങ്ങാട് എസ്‌ഐ എ.എസ്. സരിന്‍ പറഞ്ഞു.

കവര്‍ന്ന പണവുമായി സംഘം കുറവിലങ്ങാട് ദിശയിലേക്കും തുടര്‍ന്ന് കളത്തൂര്‍, കോതനല്ലൂര്‍ വഴി എറണാകുളം ഭാഗത്തേക്കും കടന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കവര്‍ച്ചാവിവരമറിഞ്ഞു സ്ഥലത്തെത്തിയവര്‍ വാഹനത്തെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കവര്‍ച്ച നടത്തി രക്ഷപ്പെടുന്നതിനിടയില്‍ കളത്തൂര്‍ ഭാഗത്തേക്കുള്ള യാത്രയ്ക്കിടെ പലതവണ വാഹനം അപകടത്തില്‍പ്പെടാന്‍ തുടങ്ങിയതായും ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. വാഹനത്തില്‍ മാരകായുധങ്ങള്‍ ഉണ്ടായിരുന്നതായും ബാങ്കുടമകള്‍ പറയുന്നു.

കവര്‍ച്ചയ്ക്ക് പിന്നില്‍ പാലാ കേന്ദ്രീകരിച്ചുള്ള കുപ്രസിദ്ധ മോഷണ സംഘമാണു പ്രവര്‍ത്തിച്ചതെന്നു സംശയം. സമാനരീതിയിലുള്ള മോഷണങ്ങളുമായി ബന്ധപ്പെട്ടവരുടെ ചിത്രങ്ങള്‍ അക്രമണത്തിനിരയായ സഹോദരങ്ങളെ പോലീസ് കാണിച്ചതോടെയാണ് ഇത്തരത്തിലുള്ള സൂചന കിട്ടിയിട്ടുള്ളത്.

കവര്‍ച്ച നടത്തിയ സംഘമെത്തിയ വാഹനം കഴിഞ്ഞ ദിവസങ്ങളില്‍ പാലായിലൂടെ സഞ്ചരിച്ചിരുന്നതായി ചില സൂചനകളുമുണ്ട്. ആക്രമണത്തിനിടയില്‍ കവര്‍ച്ചാസംഘത്തില്‍പ്പെട്ടവരെ നാട്ടുകാരായ ചിലരും കണ്ടിരുന്നു. ഇവരെയും പോലീസ് ചിത്രങ്ങള്‍ കാണിച്ചു വിവരങ്ങള്‍ തേടി. കവര്‍ച്ചക്കാര്‍ എത്തിയ വാഹനത്തിന്റെ വാതില്‍പ്പിടി പറിഞ്ഞ് ആക്രമിക്കപ്പെട്ടവരുടെ കൈയില്‍ കിട്ടിയത് അന്വേഷണത്തിനു സഹായകമാകുമെന്നു കരുതുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.