Latest News

എസ് വൈ എസ് ധര്‍മസഞ്ചാരം 24ന് മഞ്ചേശ്വരത്ത് നിന്ന് തുടങ്ങും

കാസര്‍കോട്:[www.malabarflash.com] യുവത്വം നാടിന്റെ കരുത്ത് എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന നേതാക്കള്‍ നയിക്കുന്ന ധര്‍മ സഞ്ചാരത്തിന് ഏപ്രില്‍ 24ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക് മഞ്ചേശ്വരത്ത് തുടക്കം കുറിക്കും.

എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
ജനറല്‍ സെക്രട്ടറി മജീദ് കക്കാട് മുഖ്യപ്രഭാഷണം നടത്തും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ഥന നടത്തും. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി മഖ്ബറയില്‍ നടക്കുന്ന കൂട്ട സിയാറത്തിന് സയ്യിദ് ശഹീര്‍ ബുഖാരി നേതൃത്വം നല്‍കും.

സമസ്ത ജില്ലാ സെക്രട്ടറി എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ജില്ലാ എസ്.വൈ.എസ് പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍, കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് റഹീം സഖാഫി ചിപ്പാര്‍, എസ്.ജെ.എം ജില്ലാ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടി, എസ്.എം.എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പ്രസംഗിക്കും.
സംസ്ഥാനത്തെ 132 സോണുകളില്‍ പര്യടനം നടത്തി ഏപ്രില്‍ 15ന് തിരുവനന്തപുരത്താണ് ധര്‍മസഞ്ചാരം സമാപിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ രണ്ട് ദിവസങ്ങളായി നടക്കുന്ന സഞ്ചാരത്തിന് 12 സ്വീകരണ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

സുന്നി പ്രസ്ഥാനത്തിന്റെ യുവജന ഘടകമായ എസ് വൈ എസിന്റെ നയരേഖയും കര്‍മപദ്ധതികളും സോണ്‍ തലത്തില്‍ നടക്കുന്ന ധര്‍മസഞ്ചാരത്തില്‍ സംസ്ഥാന നേതാക്കള്‍ അവതരിപ്പിക്കും. യുവത്വത്തിന്റെ കരുത്ത് സമൂഹനന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയെന്നതാണ് എസ് വൈ എസ് ലക്ഷ്യമിടുന്നത്. തീവ്ര-ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യുവത്വത്തെ സജ്ജരാക്കുന്നതോടൊപ്പം രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും സാമൂഹിക സുരക്ഷിതത്വവും കാത്തുസൂക്ഷിക്കാന്‍ യുവാക്കളെ കര്‍മസജ്ജരാക്കുക എന്ന ലക്ഷ്യവും എസ് വൈ എസ് ധര്‍മ സഞ്ചാരം മുന്നോട്ട് വെക്കുന്നുണ്ട്.

യുവോര്‍ജ്ജം സേവന മേഖലയില്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിന് മാര്‍ നിര്‍ദ്ദേശം നല്‍കുന്നതോടൊപ്പം വിദ്യാഭ്യാസം, തൊഴില്‍, ഗവേഷണം, രാഷ്ട്രീയം, സാംസ്‌കാരികം തുടങ്ങി സര്‍വ്വ മേഖലകളിലും കേരളീയ യൗവ്വനത്തിന് പുതിയ അജണ്ട നിര്‍ണയിക്കുന്ന യുവജന സമീപന രേഖ തയ്യാറാക്കി സര്‍ക്കാറിനു സമര്‍പ്പിക്കും. പ്രവാസികള്‍ക്കും പ്രവാസ ഭൂമി വിട്ടൊഴിയുന്നവര്‍ക്കുമായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കര്‍മ പദ്ധതിയുടെ പ്രഖ്യാപനവും ധര്‍മ സഞ്ചാരത്തിലുണ്ടാകും. വെള്ളം, വായു, ഭക്ഷണം, പ്രകൃതി വിഭവങ്ങള്‍ തുടങ്ങിയവ ഭാവി തലമുറക്കു വേണ്ടി കാത്തു സൂക്ഷിക്കാന്‍ എസ്.വൈ.എസ് യുവജനങ്ങളെ പ്രാപ്തരാക്കും. പരിസ്ഥിതി കടന്നു കയറ്റങ്ങള്‍ക്കെതിരെ പുതിയ സമര മുഖം തുറക്കും.

ഓരോ സോണ്‍ കേന്ദ്രങ്ങളിലും ധര്‍മസഞ്ചാരത്തോടനുബന്ധിച്ച് പ്രകടനങ്ങളുണ്ടാകും.
എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി, സെക്രട്ടറി മുഹമ്മദ് പറവൂര്‍, സ്വാദിഖ് വെളിമുക്ക് എന്നിവരാണ് ധര്‍മസഞ്ചാരത്തിന്റെ സംസ്ഥാനതല കോ-ഓഡിനേറ്റര്‍മാര്‍.

സംസ്ഥാന നേതാക്കളായ പേരോട് അബ്ദു റഹ്മാന്‍ സഖാഫി, മജീദ് കക്കാട്, സി.പി സൈതലവി മാസ്റ്റര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, റഹ്മത്തുല്ലാഹ് സഖാഫി എളമരം, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി എറണാകുളം, എസ്. ശറഫുദ്ദീന്‍ തുടങ്ങിയവര്‍ ജാഥയില്‍ സ്ഥിരാംഗങ്ങളായി ഉണ്ടാകും.

സോണ്‍ സ്വീകരണ കേന്ദ്രങ്ങളില്‍ എസ് വൈ എസ് സംസ്ഥാന നേതാക്കള്‍ക്കു പുറമേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം തുടങ്ങിയ സംഘടനകളുടെ നേതാക്കളും സംബന്ധിക്കും.
വ്യാഴാഴ്ച രാവിലെ മഞ്ചേശ്വരത്തെ പ്രഥമ സ്വീകരണ ശേഷം ഉച്ചക്ക് രണ്ട് മണിക്ക് ഒരേ സമയം അഞ്ച് കേന്ദ്രങ്ങളില്‍ ധര്‍മസഞ്ചാരം നടക്കും. ഉപ്പള സിറ്റി ഹാള്‍, പുത്തിഗെ മുഹിമ്മാത്ത്(കുമ്പള), ബദിയടുക്ക ദാറുല്‍ ഇഹ്‌സാന്‍, ചട്ടഞ്ചാല്‍ കമ്മ്യൂണിറ്റി ഹാള്‍ (ഉദുമ), കാഞ്ഞങ്ങാട് വ്യാപാര ഭവന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന സംഗമത്തില്‍ സംസ്ഥാന നേതാക്കള്‍ വിഷയാവതരണം നടത്തും.
അന്ന് വൈകിട്ട് 4 മണിക്ക് ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍ സ്വീകരണ സംഗമങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കാസര്‍കോട് വിദ്യാനഗര്‍ സഅദിയ്യ സെന്റര്‍, മുള്ളേരിയ ഗാളിമുഖ ഖലീല്‍ സ്വലാഹ്, ബേഡകം പടുപ്പ് സ്വഫ പബ്ലിക്ക് സ്‌കൂള്‍, പരപ്പ ക്ലായിക്കോട് സുന്നി സെന്റര്‍ എന്നിവിടങ്ങളിലാണ് പരിപാടികള്‍.

25ന് വെള്ളിയാഴ്ച ജില്ലയില്‍ രണ്ട് സംഗമങ്ങളുണ്ടാകും. ഉച്ചക്ക് രണ്ട് മണിക്ക് ചെറുവത്തൂര്‍ നീലമ്പാറ മദ്രസ ഹാളിലും വൈകിട്ട് അഞ്ച് മണിക്ക് മെട്ടമ്മല്‍ സുന്നി സെന്ററിലുമാണ് സംഗമം. അന്ന് തന്നെ കണ്ണൂര്‍ ജില്ലയില എട്ട് കേന്ദ്രങ്ങളില്‍ പരിപാടികളുണ്ട്.
ജില്ലയില്‍ സംസ്ഥാന സാരഥികള്‍ക്കു പുറമെ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹനസന്‍, ജനറല്‍ സെക്രട്ടറി എന്‍.പി മുഹമ്മദ് സഖാഫി പാത്തൂര്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വതതില്‍ 11 അംഗ ജില്ലാ ക്യാബിനറ്റും ധര്‍മ സഞ്ചാരത്തെ അനുഗമിക്കും.

ധര്‍മ സഞ്ചാര പ്രചരണ ഭാഗമായി ജില്ലയില്‍ ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പും 12 സോണ്‍ ക്യാമ്പുകളും നടന്നു. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സര്‍ക്കിള്‍ പര്യടനവും സോണ്‍ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ യൂണിറ്റ് പര്യടനവും നടന്നുവരുന്നു.
പത്ര സമ്മേളനത്തില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹനസന്‍ എന്‍.പി മുഹമ്മദ് സഖാഫി പാത്തൂര്‍, സയ്യിദ് ജലാലുദ്ദീന്‍ സഅദി ബുഖാരി തങ്ങള്‍, ബശീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, കന്തല്‍ സൂപ്പി മദനി തുടങ്ങിയവര്‍ സംബന്ധിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.