Latest News

ഉദുമ തീപാറുന്ന പോരാട്ടത്തിനു വേദിയാവുന്നു, ശ്രീകാന്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി

ഉദുമ[www.malabarflash.com]: ഉദുമ മണ്ഡലം തീപാറുന്ന പോരാട്ടത്തിനു വേദിയാവുന്നു. ഇടതു -വലതു മുന്നണികളുടെ അതിശക്തരായ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ജില്ലാ പ്രസിഡന്റ്‌ കെ ശ്രീകാന്തിനെ ബി ജെ പി ഗോദയിലിറക്കി. ഇതോടെ സംസ്ഥാന തലത്തില്‍ത്തന്നെ എണ്ണം പറഞ്ഞ പോരാട്ടത്തിന്‌ ഉദുമ മണ്ഡലം തയ്യാറെടുത്തു.

മണ്ഡലം സ്വദേശിയും ജനസമ്മതനുമായ സി പി എമ്മിന്റെ സിറ്റിംഗ്‌ എം എല്‍ എ കെ കുഞ്ഞിരാമന്‍ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തോടൊപ്പം തന്നെ മണ്ഡലത്തില്‍ പ്രചരണമാരംഭിച്ചിരുന്നു.

മണ്ഡലത്തില്‍ പൊതുസമ്മതനും എല്ലാവര്‍ക്കും സുപരിചിതനുമായ കുഞ്ഞിരാമനെ നേരിടുന്നതിനു യു ഡി എഫ്‌ ശക്തനായ സ്ഥാനാര്‍ത്ഥിയായ കെ സുധാകരനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പു രംഗത്തു വേനല്‍ ചൂടിനെ മറികടക്കുന്ന ചൂടനുഭവപ്പെട്ടിരുന്നു. ഇതിനിടയിലാണ്‌ മണ്ഡലത്തില്‍ താമസക്കാരനും സുപരിചിതനുമായ കെ ശ്രീകാന്തിന്റെ രംഗപ്രവേശത്തോടെ സംസ്ഥാനത്ത്‌ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായി ഉദുമ മാറുമെന്നുറപ്പാണ്‌.

1977ല്‍ നിലവില്‍വന്ന ഉദുമ നിയോജകമണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പില്‍ത്തന്നെ തിരഞ്ഞെടുപ്പു ചൂട്‌ മണ്ഡലത്തെ ഇളക്കി മറിച്ചിരുന്നു. അന്നു ജനസംഘം നേതാവായിരുന്ന കെ ജി മാരാര്‍ ലോക്‌ദള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മണ്ഡലമാണിത്‌. അടിയന്തരാവസ്ഥക്കു ശേഷം നടന്ന ആ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ എന്‍ കെ ബാലകൃഷ്‌ണന്‍ കഷ്‌ടിച്ച്‌ 3545 വോട്ടിന്‌ വിജയിക്കുകയായിരുന്നു. കോണ്‍ഗ്രസിനെതിരെ മറ്റ്‌ എല്ലാ പാര്‍ട്ടികളും ചേര്‍ന്നു രൂപീകരിച്ച പാര്‍ട്ടിയായിരുന്നു ലോക്‌ദള്‍.

80ല്‍ വീണ്ടും നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ കെ ബാലകൃഷ്‌ണനെ സി പി എമ്മിലെ കെ പുരുഷോത്തമന്‍ 5020 വോട്ടിനു തോല്‍പ്പിച്ചു. 82 ല്‍ ഇടതു സ്വതന്ത്രന്‍ എം കുഞ്ഞിരാമന്‍ നമ്പ്യാര്‍ മുസ്ലീം ലീഗിലെ പി മുഹമ്മദ്‌ കുഞ്ഞിയെ 6619 വോട്ടിനു പരാജയപ്പെടുത്തി.85ല്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ സി പി എം സൗഹൃദം ഉപേക്ഷിച്ചു കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ സി പി എമ്മിലെ പുരുഷോത്തമന്‍ 816 വോട്ട്‌ ഭൂരിപക്ഷത്തോടെ മണ്ഡലം തിരിച്ചുപിടിച്ചു. 

87ല്‍ കോണ്‍ഗ്രസിലെ കെ പി കുഞ്ഞിക്കണ്ണന്‍ കെ പുരുഷോത്തമനെ 7845 വോട്ടിനുതോല്‍പ്പിച്ചു. 91ല്‍ പി രാഘവന്‍ കെ പി കുഞ്ഞിക്കണ്ണനെ 957വോട്ടിനു കീഴടക്കി. 96ല്‍ കുഞ്ഞിക്കണ്ണനെ 10395 വോട്ടിനാണ്‌ രാഘവന്‍ തോല്‍പ്പിച്ചത്‌.

2001 ല്‍ സി പി എമ്മിലെ കെ വി കുഞ്ഞിരാമന്‍ കോണ്‍ഗ്രസിലെ സി കെ ശ്രീധരനെ 9724 വോട്ടിനും 2006ല്‍ കുഞ്ഞിരാമന്‍ കോണ്‍ഗ്രസിലെ പി ഗംഗാധരന്‍ നായരെ 27, 294 വോട്ടിനും തോല്‍പ്പിച്ചു. കോണ്‍ഗ്രസിനു ദയനീയ പരാജയം നേരിട്ടത്‌ ആ തിരഞ്ഞെടുപ്പിലായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ കുഞ്ഞിരാമന്‍ കോണ്‍ഗ്രസിലെ സി കെ ശ്രീധരനെ 11, 380 വോട്ടിനു തോല്‍പ്പിച്ചു.

2011ല്‍ ബി ജെ പി യുടെ സുനിതാ പ്രശാന്തിന്‌ 13073 വോട്ട്‌ ലഭിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ യു ഡി എഫ്‌ സ്ഥാനാര്‍ത്ഥിക്ക്‌ ഇടതു സ്ഥാനാര്‍ത്ഥിയെക്കാള്‍ 835 വോട്ടു കൂടുതല്‍ ലഭിച്ചു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 13073വോട്ട്‌ ലഭിച്ച ബി ജെ പിക്കു ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ 24884 വോട്ട്‌ കിട്ടി. പിന്നീടു നടന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കു മണ്ഡലത്തില്‍ 25, 651 വോട്ട്‌ ലഭിച്ചു. 

യു ഡി എഫ്‌ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിയുള്‍പ്പെടെ പലമന്ത്രിമാര്‍ക്കുമെതിരെയും ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതും അവയോടു കെ പി സി സി പ്രസിഡന്റ്‌ വി എം സുധീരന്‍ പ്രകടിപ്പിച്ച പ്രതികരണത്തിന്റെ നാലയലത്തുപോലും സി പി എം എത്താതിരുന്നതും നിഷ്‌പക്ഷരായ വോട്ടര്‍മാരില്‍ മുന്നണികള്‍ക്കെതിരെ പ്രതിഷേധം ഉടലെടുക്കാനിടയാക്കിയിട്ടുണ്ട്‌. ഈ പ്രതിഷേധത്തെ അനുകൂലമാക്കിയെടുക്കുന്നതില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥിക്കായിരിക്കും വിജയമെന്നു കണക്കു കൂട്ടുന്നവരുമുണ്ട്‌. 

അതേ സമയം സി പി എമ്മിന്റെ ശക്തി കേന്ദ്രമെന്ന ഇടതു മുന്നണിയുടെ ആശ്വാസവും അങ്ങനെ ആര്‍ക്കും ഉദുമയില്‍ ആധിപത്യമൊന്നുമില്ലെന്ന യു ഡി എഫിന്റെ ഉറച്ച വിശ്വാസവും ബി ജെ പിയുടെ പോരാട്ടവും മണ്ഡലത്തില്‍ മുന്‍കൂട്ടി ഒരു പ്രവചനം അസാധ്യമാക്കുമെന്നുറപ്പാണ്‌.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.