Latest News

കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു 18 മരണം

കൊല്‍ക്കത്ത:[www.malabarflash.com] നഗരത്തില്‍ പണിതുകൊണ്ടിരുന്ന രണ്ടു കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള മേല്‍പ്പാലത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു 18 പേര്‍ മരിച്ചു. അറുപതിലേറെപ്പേര്‍ക്കു പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്കു തിരക്കേറിയ തെരുവിലേക്കു പാലം തകര്‍ന്നുവീഴുകയായിരുന്നു. നഗരത്തിലെ മൊത്തവ്യാപാര കേന്ദ്രമായ ബുറാബസാറിനു സമീപമാണ് അപകടം.

നഗരത്തില്‍ ഏറ്റവും ഗതാഗതക്കുരുക്കേറിയ ഇടുങ്ങിയ തെരുവാണിത്. ഒട്ടേറെ വഴിയോരക്കച്ചവടക്കാരുടെ കേന്ദ്രമായ പാലത്തിനു കീഴെ നൂറുകണക്കിനു വാഹനങ്ങളും നിര്‍ത്തിയിട്ടിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ ഐവിആര്‍സിഎല്ലിനാണു നിര്‍മാണച്ചുമതല.

മുന്നൂറിലേറെ സൈനികരുടെ സഹായത്തോടെയാണു രക്ഷാപ്രവര്‍ത്തനം. കരസേനയുടെ ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍പേര്‍ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്.

വാഹനങ്ങള്‍ക്കും മനുഷ്യര്‍ക്കും മീതെ പാലം തകര്‍ന്നുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുമുണ്ട്.

കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്തു 2009ല്‍ നിര്‍മാണം തുടങ്ങിയതാണു മേല്‍പ്പാലം. സിപിഎമ്മാണു കരാര്‍ നല്‍കിയതെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മേല്‍പ്പാലം തകര്‍ന്നതു 'ദൈവത്തിന്റെ പ്രവൃത്തി' യാണെന്ന് ഐവിആര്‍സിഎല്ലിന്റെ എച്ച്ആര്‍ തലവന്‍ പാണ്ഡുരംഗറാവു പറഞ്ഞു.

സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നു കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു. സിബിഐ അന്വേഷിക്കണമെന്നു ബിജെപിയും ആവശ്യപ്പെട്ടു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.