Latest News

ട്വന്റി20 ലോകകപ്പ്; ഇംഗ്ലണ്ടിനെ വീഴ്ത്തി വിന്‍ഡീസ് രാജാക്കന്‍മാര്‍

കൊല്‍ക്കത്ത:[www.malabarflash.com] വെസ്റ്റിന്‍ഡീസ് കുട്ടിക്രിക്കറ്റിന്റെ പുതിയ ലോക രാജാക്കന്‍മാര്‍. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ട്വന്റി20 ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് വിന്‍ഡീസ് തങ്ങളുടെ രണ്ടാം ലോക കിരീടം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 19.4 ഓവറില്‍ ലക്ഷ്യം കണ്ടു. മര്‍ലോണ്‍ സാമുവല്‍സ് നടത്തിയ പോരാട്ടവും അവസാന ഓവറില്‍ ബ്രാത് വെയിറ്റ് അടിച്ച തുടര്‍ച്ചയായ നാലു സിക്‌സറുമാണ് വിന്‍ഡീസിനെ കിരീടത്തിലെത്തിച്ചത്.

സ്‌കോര്‍ ഇംഗ്ലണ്ട്: 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 155. വെസ്റ്റിന്‍ഡീസ് 19.4 ഓവറില്‍ ആറ് വിക്കറ്റിന് 161.

നേരത്തെ വൈകുന്നേരം വനിതാ ട്വന്റി കിരീടവും വിന്‍ഡീസ് നേടിയിരുന്നു. ഇതോടെ പുരുഷവനിതാ കിരീടം നേടുന്ന ആദ്യ രാജ്യമായി വിന്‍ഡീസ്.

അവസാന ഓവറില്‍ 19 റണ്‍സായിരുന്നു വിന്‍ഡീസിന് ആവശ്യം. ബെന്‍ സ്‌റ്റോക്‌സ് എറിഞ്ഞ ആദ്യ നാല് പന്തും ബ്രാത്ത് വെയ്റ്റ് സിക്‌സറിന് പറത്തി വിന്‍ഡീസിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. യഥാര്‍ഥ ട്വന്റി20 ടീമാണ് തങ്ങളെന്ന് തെളിയിക്കുന്നതായിരുന്നു അവസാന ഓവറില്‍ ബ്രാത് വെയ്റ്റിന്റെ വിളയാട്ടം.

വിന്‍ഡീസ് നിരയില്‍ അക്ഷരാര്‍ഥത്തില്‍ സാമുവല്‍സിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. ജോണ്‍സണ്‍ ചാള്‍സും അപകടകാരിയായ ക്രിസ് ഗെയിലും നേരത്തെ പുറത്തായി. ഗെയില്‍ നാലു റണ്‍സും ചാള്‍സ് ഒരു റണ്‍സുമാണ് എടുത്തത്. രണ്ടുപേരും ജോ റൂട്ടിന്റെ പന്തില്‍ സ്‌റ്റോക്‌സ് പിടിച്ച് പുറത്താവുകയായിരുന്നു. മൂന്നാമനായി ക്രീസില്‍ എത്തിയ സാമുവല്‍സിന് മറ്റുള്ള കളിക്കാരില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. ഇന്ത്യക്കെതിരായ മത്സരത്തിലെ ഹീറോ ലെന്‍ഡല്‍ സിമ്മണ്‍സിനെ വില്ലി വിക്കറ്റിനു മുന്നില്‍ കുടുക്കി. 27 പന്തില്‍ 25 രണ്‍സെടുത്ത ബ്രാവോ മാത്രമാണ് സാമുവല്‍സിന് ശേഷം രണ്ടക്കം കടന്ന ബാറ്റസ്മാന്‍. 66 പന്തില്‍ 85 റണ്‍സാണ് സാമുവല്‍സ് നേടിയത്. ഒമ്പത് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. പന്തില്‍ ലക്ഷ്യമില്ലാതെയുള്ള ഷോട്ട് കളിച്ച ബ്രാവോയെ ആദില്‍ റാഷിദിന്റെ പന്തില്‍ റൂട്ട് പിടിച്ച് പുറത്താക്കി.

ഇംഗ്ലണ്ടിനുവേണ്ടി വില്ലി മൂന്നും റൂട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 155 റണ്‍സെടുത്തത്. ജോ റൂട്ടും ജോസ് ബട്ട ലറുമാണ് ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയത്. റൂട്ട് 36 പന്തില്‍ 54ഉം ബട് ലര്‍ 22 പന്തില്‍ 36ഉം റണ്‍സ് സ്‌കോര്‍ ചെയ്തു. സിക്‌സറടിക്കാതെ ഏഴ് ഫോറുകള്‍ അടങ്ങുന്നതാണ് റൂട്ടിന്റെ ഇന്നിങ്‌സ്. മൂന്ന് സിക്‌സറും ഒരു ഫോറുമാണ് ബട് ലര്‍ അടിച്ചത്. ഇരുവരും പുറത്തായതോടെ ഇംഗ്ലീഷ് സ്‌കോറിന് വേഗത കുറയുകയായിരുന്നു. ജോ റൂട്ട് പുറത്തായ ശേഷം ഇംഗ്ലീഷ് സ്‌കോര്‍ 150 കടക്കുമോ എന്ന് സംശയമായിരുന്നു.

സാമുവല്‍ ബദ്രീയാണ് വിന്‍ഡീസ് ബൗളിങ് ഓപണ്‍ ചെയ്തത്. ഓപണര്‍ ജാസണ്‍ റോയിയെ ഇന്നിങ്‌സിന്റെ രണ്ടാമത്തെ പന്തില്‍ തന്നെ ബദ്രീ പുറത്താക്കുകയും ചെയ്തു. അടുത്ത ഓവറിലെ അവസാന പന്തില്‍ ആന്ദ്രെ റസല്‍ അലക്‌സ് ഹെയ് ല്‍സിനെ പുറത്താക്കി. പിന്നീട് എത്തിയ ജോ റൂട്ട് മികച്ച ഇന്നിങ്‌സ് കളിക്കുകയായിരുന്നു. അതിനിടയില്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ക്രീസില്‍ എത്തിയെങ്കിലും അഞ്ച് റണ്‍സെടുത്ത് മടങ്ങി. ബദ്രീയുടെ പന്തില്‍ സ്ലിപ്പില്‍ ഗെയ് ല്‍ പിടിച്ചാണ് മോര്‍ഗന്‍ മടങ്ങിയത്. ബട് ലറും റൂട്ടും പുറത്തായതോടെ മന്ദഗതിയിലായ ഇംഗ്ലീഷ് സ്‌കോര്‍ മാന്യമായ നിലയില്‍ എത്തിച്ചത് വില്ലിയും (14 പന്തില്‍ 21) സ്‌റ്റോക്‌സും (എട്ട് പന്തില്‍ 13) ജോര്‍ദനും (13 പന്തില്‍ 12) ചേര്‍ന്നാണ്.

വിന്‍ഡീസിനുവേണ്ടി സാമുവല്‍ ബ്രാത്വെയ്റ്റും ബ്രാവോയും മൂന്ന് വീതം വിക്കറ്റ് വീഴത്തി. ബദ്രീ രണ്ടും റസല്‍ ഒരു വിക്കറ്റും വീഴ്ത്തി.





Keywords: Sports News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.