Latest News

തിരഞ്ഞെടുപ്പു കാലത്ത് വന്‍ ബാങ്ക് കവര്‍ച്ച ലക്ഷ്യമിട്ടെത്തിയ അഞ്ചംഗ സംഘം അറസ്റ്റില്‍

കോഴിക്കോട്:[www.malabarflash.com] തിരഞ്ഞെടുപ്പു കാലത്ത് വന്‍ ബാങ്ക് കവര്‍ച്ച ലക്ഷ്യമിട്ടെത്തിയ അഞ്ചംഗ സംഘത്തെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.

അത്തോളി സ്വദേശികളായ പുനത്തില്‍ ചാലില്‍ ജാബിര്‍ ( ജാഫര്‍ 34 ), സെയ്ഫുന്നിസ മന്‍സിലില്‍ മുഹമ്മദ് റാസിക്ക് (27), മിത്തല്‍ വീട്ടില്‍ ജറീഷ് (27), പെരിങ്ങളം അറപൊയല്‍ മുജീബ് (27), കൊല്ലം കൊട്ടാരക്കര സ്വദേശി ജോസ് തോമസ് (31) എന്നിവരെയാണ് ചേവായൂര്‍ എസ്‌ഐ യു. കെ ഷാജഹാനും സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള നോര്‍ത്ത് ഷാഡോ പൊലീസ് സംഘവും ചേര്‍ന്നു കണ്ണാടിക്കലില്‍നിന്ന് അറസ്റ്റ് ചെയ്തത്.

വാടകയ്ക്ക് എടുത്ത കാറില്‍ ഓക്‌സിജന്‍ സിലിണ്ടര്‍, വൈദ്യുത കട്ടര്‍, പൂട്ടു പൊളിക്കാനുള്ള ആധുനിക ബോള്‍ട്ട് കട്ടര്‍, ഗ്യാസ് സിലിണ്ടര്‍, കട്ടിങ് ടോര്‍ച്ച് എന്നിവയുമായി വരികയായിരുന്നു പ്രതികള്‍.

കരിക്കാംകുളം ബവ്‌റിജസ് ഔട്ട്‌ലെറ്റിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് ലോക്കര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കത്തിച്ചെങ്കിലും പൊളിക്കാന്‍ കഴിയാത്തതിനാല്‍ ശ്രമം ഉപേക്ഷിച്ചതായി പ്രതികള്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. അവിടെനിന്ന് അറുപതോളം മദ്യക്കുപ്പികളുമായി രക്ഷപ്പെട്ടു. അതേ ദിവസം, എരഞ്ഞിപ്പാലത്തെ ബവ്‌റിജസ് ഔട്ട്‌ലെറ്റിന്റെ പൂട്ട് ആധുനിക രീതിയിലുള്ള കട്ടര്‍ ഉപയോഗിച്ച് പൊട്ടിച്ച് അകത്ത് കടന്നു. ലോക്കര്‍ തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. തുടര്‍ന്ന് 200 മദ്യക്കുപ്പികളുമായി കടന്നു.

മറ്റൊരു ദിവസം രാത്രി കുന്നമംഗലത്തെ ബവ്‌റിജസ് ഔട്ട്‌ലെറ്റില്‍ എത്തി. ഇതിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി ഡ്രൈവറെ മോഷണസംഘത്തിലെ ഒരാള്‍ സമീപിച്ച് ഔട്ട്‌ലെറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണെന്നു പറഞ്ഞു വാഹനം മറ്റൊരു സ്ഥലത്തേക്കു മാറ്റി. തുടര്‍ന്നു പൂട്ടു പൊളിച്ച് അകത്തു കടക്കാന്‍ ശ്രമിച്ചെങ്കിലും സമീപത്തെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ടോര്‍ച്ച് അടിക്കുന്നതു കണ്ട് രക്ഷപ്പെടുകയായിരുന്നു.

പിന്നീട് തിരുവമ്പാടി ബവ്‌റിജസ് ഷോപ്പില്‍ എത്തി ബള്‍ബ് പൊട്ടിച്ച ശേഷം പൂട്ട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിലൂടെ ആളുകള്‍ വരുന്നതു കണ്ട് രക്ഷപ്പെട്ടു. പേരാമ്പ്രയിലെ ബവ്‌റിജസ് ഷോപ്പില്‍ എത്തി പൂട്ട് പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വാഹനം കണ്ട് രക്ഷപ്പെട്ടു.

പ്രതികള്‍ ജില്ലയിലെ ഇരുപതോളം മലഞ്ചരക്കു കടകളില്‍ കവര്‍ച്ച നടത്തി പതിനഞ്ച് ലക്ഷത്തോളം രൂപയുടെ കുരുമുളക്, അടയ്ക്ക, കശുവണ്ടി എന്നിവ മോഷ്ടിച്ചിട്ടുണ്ട്. രണ്ടര മാസം മുന്‍പ് പടനിലത്ത് നരിക്കുനി റോഡിലുള്ള മലഞ്ചരക്ക് സ്ഥാപനത്തില്‍ നിന്നു മൂന്നു ചാക്ക് അടയ്ക്ക മോഷ്ടിച്ചു. കുറ്റിയാടിയിലുള്ള മുഹമ്മദ് എന്ന ആളുടെ കട കുത്തിത്തുറന്നു രണ്ടു ചാക്ക് കുരുമുളകും മേപ്പയൂരിലെ മുഹമ്മദ് എന്ന ആളുടെ കടയില്‍ നിന്നു രണ്ടേമുക്കാല്‍ ക്വിന്റല്‍ കുരുമുളകും അത്തോളിയിലെ ഗോപാലന്‍ നായരുടെ കടയില്‍നിന്ന് രണ്ടു ചാക്ക് അടയ്ക്കയും ഒരു ചാക്ക് കശുവണ്ടിയും വലിയങ്ങാടിയിലെ അബ്ദുറഹിമാന്‍ എന്ന ആളുടെ കടയില്‍ നിന്നു രണ്ടര ചാക്ക് കുരുമുളകും വലിയങ്ങാടിയിലെ സനീഷിന്റെ സ്ഥാപനത്തില്‍ നിന്നു രണ്ടര ചാക്ക് കുരുമുളകും പയ്യോളി കീഴൂരിലെ പ്രശാന്തന്‍ എന്ന ആളുടെ കടയില്‍നിന്നു രണ്ടു ചാക്ക് കുരുമുളകും അരച്ചാക്ക് അടയ്ക്കയും നരിക്കുനിയിലെ കടയില്‍നിന്ന് അരച്ചാക്ക് അടയ്ക്കയും കവര്‍ന്നത് ഈ സംഘമാണെന്ന് സമ്മതിച്ചു.

നരിക്കുനിയിലെയും ഓമശേരിയിലെയും കടകളില്‍ പ്രതികള്‍ മോഷണം നടത്താന്‍ ശ്രമിച്ചിട്ടുണ്ട് ഗ്യാസ് സിലിണ്ടര്‍, ഓക്‌സിജന്‍ സിലിണ്ടര്‍ മറ്റുപകരണങ്ങള്‍ എന്നിവ പേരാമ്പ്രയിലെ ഷോപ്പില്‍ നിന്നും പുതിയാപ്പയിലെ വര്‍ക് ഷോപ്പില്‍ നിന്നും സംഘം മോഷ്ടിക്കുകയായിരുന്നു. റെയില്‍വേ സറ്റേഷന്‍ പരിസരത്തെ ഗ്യാസ് സിലിണ്ടര്‍ മോഷ്ടിച്ചതും ഇതേ സംഘമാണ്.മുജീബ് ആണ് മോഷണം ആസൂത്രണം ചെയ്യുന്നത്. ഇയാള്‍ നേരത്തെ പതിനഞ്ചിലധികം മാല പിടിച്ചുപറി കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജാബിര്‍ ഏഴു വാഹന മോഷണക്കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു. മുഹമദ് റാസിക്കും മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ജോസ് തോമസ് എക്‌സ്‌റേ വെല്‍ഡിങ് കോഴ്‌സ് പഠിച്ചിട്ടുണ്ട്. ലോക്കര്‍ തുറക്കുന്നതിലും വിദഗ്ധനുമാണ്.

ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട വയനാട് സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജെറീഷ് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലയിലെ ബവ്‌റിജസ് ഔട്ട്‌ലെറ്റുകളുടെ പരിസരത്ത് പോലീസ് ചമഞ്ഞു ഭീക്ഷണിപ്പെടുത്തി പണവും മദ്യവും തട്ടിയെടുക്കുകയും സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന കടകളില്‍ എത്തി മുതലാളിയുടെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന ആളാണെന്നു പോലീസ് പറഞ്ഞു.

പോലീസ് കമ്മിഷണര്‍ ഉമ ബഹ്‌റയുടെ നിര്‍ദേശത്തെത്തുടര്‍ന്നു സിറ്റി നോര്‍ത്ത് എസി കെ. അഷ്‌റഫ്, ചേവായൂര്‍ സിഐ എ.വി ജോണ്‍, നടക്കാവ് സിഐ മൂസ വള്ളിക്കാടന്‍, കോസ്റ്റല്‍ സിഐ ടി.കെ. അഷ്‌റഫ്, നടക്കാവ് എസ്‌ഐ ജി. ഗോപകുമാര്‍, ചേവായൂര്‍ എസ്‌ഐ യു.കെ. ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നോര്‍ത്ത് ഷാഡോ പോലീസിന്റെ സഹായത്തോടെ രാത്രികാല പരിശോധന കര്‍ശനമാക്കിയതാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.