ന്യൂഡല്‍ഹി: [www.malabarflash.com] കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരില്‍ രണ്ടാമനും സ്വദേശത്തേക്ക് മടങ്ങാന്‍ സുപ്രീം കോടതി അനുമതി. കര്‍ശന ഉപാധികളോടെയാണ് സാല്‍വത്തോറെ ഗിറോണിന് നാട്ടിലേക്ക് പോകാന്‍ അനുമതി നല്‍കിയത്. അവധിക്കാല ബെഞ്ചിലെ ജസ്റ്റീസ് പ്രഫുല്ല സി. പന്ത്, ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് എന്നിവരുടേതാണ് ഉത്തരവ്.
കേസില്‍ അന്തിമ വിധി പ്രതികൂലമായാല്‍ മടങ്ങിവരുമെന്ന് നാവികന്‍ ഉറപ്പുനല്‍കണം. ഇക്കാര്യം ഇറ്റാലിയന്‍ അധികൃതരും എഴുതി നല്‍കണം. ഇറ്റലിയിലേക്ക് മടങ്ങിയാലും നാവികന്‍ ഇന്ത്യയുടെയും സുപ്രീം കോടതിയുടെയും അധികാര പരിധിക്കുള്ളിലായിരിക്കണം. ഇറ്റലിയില്‍ എത്തിയാലുടന്‍ അധികൃതര്‍ക്ക് പാസ്‌പോര്‍ട്ട് കൈമാറണം. ഇക്കാര്യം ഇറ്റാലിയന്‍ അധികൃതര്‍ കോടതിയില്‍ എഴുതി നല്‍കണം എന്നിവയാണ് സുപ്രീം കോടതി നല്‍കിയ ഉപാധികള്‍.
കേസില്‍ ജാമ്യം ലഭിച്ച ഗിറോണ്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണ് താമസിച്ചിരുന്നത്. ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി ഇറ്റലിയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് ഇളവ് നല്‍കുന്നതിനെ എതിര്‍ത്തിരുന്നില്ല.
കടല്‍ നിയമത്തില്‍ രാജ്യാന്തര ട്രിബ്യൂണലില്‍ നിന്ന് ഏപ്രില്‍ 29ന് വന്ന ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നാവികന്‍ കോടതിയെ സമീപിച്ചത്. ഇന്ത്ക്കും ഇറ്റലിക്കും ഒത്തുതീര്‍പ്പില്‍ എത്താന്‍ കഴിയുമെങ്കില്‍ നാവികന് സ്വദേശത്തേക്ക് മടങ്ങുന്നതില്‍ തെറ്റില്ലെന്നായിരുന്നു രാജ്യാന്തര ട്രിബ്യൂണലിന്റെ ഉത്തരവ്.
കേസില്‍ മറ്റൊരു പ്രതിയായ നാവികന്‍ മാസിമിലിയാനോ ലാത്തോറെ നേരത്തെ ഇറ്റലിയിലേക്ക് മടങ്ങിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ലാത്തോറെ അവിടെ ചികിത്സയിലാണ്.
2012 ല്‍ കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിലാണ് നാവികര്‍ നടപടി നേരിടുന്നത്. ഇന്ത്യന്‍ സമുദ്രത്തില്‍ ഇറ്റാലിയന്‍ എണ്ണ കപ്പലായ എം.ടി എന്റിക ലെക്‌സിയില്‍ നിന്നാണ് മത്സ്യത്തൊഴിലാളികള്‍ക്ക് വെടിയേറ്റത്. കപ്പലിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ചീഫ് മാസ്റ്റര്‍ സെര്‍ജന്റ് മാസിമിലിയാനോ ലത്തോറെ സെര്‍ജന്റ് മേജര്‍ സാല്‍വത്തോറെ ഗിറോണ്‍ എന്നിവരെ പ്രതിചേര്‍ത്ത് കേസെടുക്കുകയായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment