Latest News

എയര്‍പോര്‍ട്ടിലെ ടോയ്‌ലറ്റിലേക്ക് സാരി ധരിച്ചുപോയ നവവധു പര്‍ദ്ദയണിഞ്ഞ് മുങ്ങി

ഡല്‍ഹി:[www.malabarflash.com] മധുവിധു ആഘോഷം കഴിഞ്ഞ് ഡല്‍ഹി വിമാനത്താവളത്തിലെത്തിയതായിരുന്നു അവര്‍. ലഖ്‌നൗവിലേക്കുപോകാന്‍ വിമാനം കാത്തിരിക്കെ, ഫോണും പേഴ്‌സും ഭര്‍ത്താവിനെ ഏല്‍പിച്ച് ഭാര്യ ടോയ്‌ലറ്റില്‍പ്പോയി. ഏറെ നേരം കാത്തിരുന്നിട്ടും ഭാര്യയെ കാണാതായതോടെ ആശങ്കയായി. ഒടുവില്‍ അയാള്‍ക്ക് മനസ്സിലായി, ഭാര്യ കടന്നുകളഞ്ഞിരിക്കുന്നു.

വൈകിട്ട് ആറേകാലോടെ നീല സാരി ധരിച്ച യുവതി ടോയ്‌ലറ്റിലേക്ക് കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. മൂന്ന് മിനിറ്റിനുശേഷം പര്‍ദ ധരിച്ച മറ്റൊരു യുവതി പുറത്തേയ്ക്ക് വരുന്നുമുണ്ട്. പര്‍ദ ധരിച്ച യുവതി ടെര്‍മിനലില്‍നിന്ന് പുറത്തേയ്ക്ക് കടക്കുകയും അവിടെ വിഐപി പാര്‍ക്കിങ് ഏരിയയില്‍ നിന്ന യുവാവുമായി സംസാരിക്കുന്നതും ക്യാമറകളില്‍ വ്യക്തം.

തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതി യുവാവ് സിഐഎസ്.എഫ് അംഗങ്ങളെ അറിയിച്ചപ്പോള്‍ അവര്‍ ഈ ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. പര്‍ദ ധരിച്ച പെണ്‍കുട്ടിക്ക് തന്റെ ഭാര്യയുടെ രൂപവുമായി സാദൃശ്യമുണ്ടെന്ന് അയാള്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാല്‍ അത് തന്റെ ഭാര്യയാണെന്ന് വിശ്വസിക്കാന്‍ അയാള്‍ക്കായിട്ടില്ല.

യുവതിക്കായി പ്രദേശം മുഴുവന്‍ സിഐഎസ്എഫ് അധികൃതര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. പര്‍ദ ധരിച്ച പെണ്‍കുട്ടിയാകട്ടെ പാര്‍ക്കിങ് ഏരിയയിലെ മൂന്നാമത്തെ ലെയ്‌നിലെത്തി അയാള്‍ക്കൊപ്പം പോവുകയും ചെയ്തു.

നേരത്തെ, യുവതിയെ ടോയ്‌ലറ്റില്‍പ്പോയിട്ടും കാണാതായപ്പോള്‍ മറ്റൊരു സ്ത്രീയെക്കൊണ്ട് യുവാവ് അവിടെ തിരച്ചില്‍ നടത്തിയിരുന്നു. കുറേ നേരം സ്വയം തിരച്ചില്‍ നടത്തിയശേഷമാണ് അയാള്‍ സിഐഎസ്എഫ് അധികൃതരെ സമീപിച്ചത്. ഈ സമയത്തിനുള്ളില്‍ യുവതി കടന്നുകളയുകയും ചെയ്തു. 6.10നാണ് ഇവര്‍ ടെര്‍മിനലില്‍ എത്തിയത്. 6.17ന് പര്‍ദ ധരിച്ച യുവതി കടന്നുകളയുകയും ചെയ്തു. സംഭവത്തില്‍ ഭര്‍ത്താവിനെപ്പോലെതന്നെ അവിശ്വസനീയതയാണ് അധികൃതര്‍ക്കും.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.