Latest News

കുറഞ്ഞ ചെലവിൽ ഇനി പറക്കാം, വ്യോമയാന നയം അംഗീകരിച്ചു; എയർ കേരളയും പ്രതീക്ഷയിൽ


ന്യൂഡൽഹി: വിമാനയാത്ര ജനകീയവും ‌ചെലവു കുറ‍ഞ്ഞതുമാക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യോമയാന നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. അരമണിക്കൂര്‍ യാത്രയ്ക്ക് 1,200 രൂപയും ഒരു മണിക്കൂറിന് 2,500 രൂപയുമായിരിക്കും പരമാവധി ടിക്കറ്റ് നിരക്ക്. കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ എയര്‍ കേരളയ്ക്ക് പുതിയ വ്യോമയാന നയം തുണയാകും.
രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്നതിന് 20 വിമാനങ്ങളും അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയുള്ള പരിചയവും വേണമെന്ന നിബന്ധനയാണ് എയര്‍ കേരളയ്ക്ക് തടസമായിരുന്നത്. പുതിയ വ്യോമയാന നയത്തില്‍ ഇത് ഒഴിവാക്കി. പകരം ആഭ്യന്തര സര്‍വീസിന്‍റെ തോത് അനുസരിച്ചുള്ള ഡൊമസ്റ്റിക് ഫ്ലൈയിങ് ക്രെഡിറ്റ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അരമണിക്കൂര്‍ ഒരുമണിക്കൂര്‍ യാത്രകളുടെ ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ചതോടൊപ്പം ആഭ്യന്തര സര്‍വീസുകളിലെ രണ്ടു ശതമാനം സെസ് എടുത്തുകളഞ്ഞു.
പുതിയ നയത്തിലെ മറ്റു പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്. വിമാനം റദ്ദുചെയ്യുമ്പോള്‍ നിര്‍ദിഷ്ട യാത്രാസമയത്തിന് 24 മണിക്കൂര്‍ മുന്‍പ് ഇക്കാര്യം യാത്രക്കാരെ അറിയിക്കണം. അല്ലാത്തപക്ഷം 10,000 രൂപവരെ നഷ്ടപരിഹാരം നൽകണം. യാത്രക്കാര്‍ക്ക് കൂടെ കൊണ്ടുപോകാവുന്ന 15 കിലോയ്ക്ക് പുറമെയുള്ള സാധനങ്ങള്‍ക്ക് ഒാരോ കിലോയ്ക്കും 100 രൂപയില്‍ കൂട‍ുതല്‍ ഈടാക്കാന്‍ പാടില്ലെന്നും നിർദേശമുണ്ട്.
റദ്ദുചെയ്ത ടിക്കറ്റുകളുടെ തുക 15 ദിവസത്തിനകം യാത്രക്കാര്‍ക്ക് കമ്പനികള്‍ മടക്കി നല്‍കണം. അംഗപരിമിതര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കണം. ക്യാന്‍സലേഷന്‍ കൂലി ടിക്കറ്റ് നിരക്കിനേക്കാള്‍ കൂടരുത്. പരിധിയിലേറെ ബുക്കിങ് ഉള്ളപ്പോള്‍ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് നിഷേധിച്ചാല്‍ 20,000 രൂപവരെ നഷ്ടപരിഹാരം നല്‍കണം. വ്യോയാനരംഗവുമായി ബന്ധപ്പെട്ട ഇടപാടുകള്‍, പരാതികള്‍, അന്വേഷണങ്ങള്‍ എന്നിവയ്ക്ക് ഡിജിസിഎ ഏകജാലക സംവിധാനം കൊണ്ടുവരും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.