Latest News

അധ്യാപകരെയും മാതാപിതാക്കളെയും ആശങ്കയിലാക്കി വിദ്യാര്‍ത്ഥി സംഘങ്ങള്‍ ബൈക്കില്‍ കറങ്ങുന്നു

കണ്ണൂര്‍:[www.malabarflash.com] അധ്യാപകരെയും മാതാപിതാക്കളെയും ആശങ്കയിലാക്കി നഗരത്തില്‍ വിദ്യാര്‍ത്ഥി സംഘങ്ങള്‍ ബൈക്കില്‍ ചുറ്റിക്കറങ്ങുന്നു. നഗരത്തിലെ പേര്കേട്ട ചില വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളാണ് സ്കൂളിലും വീട്ടിലുമറിയാതെ വാടക ബൈക്കുകളില്‍ കറങ്ങുന്നത്.

കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ടംഗ വിദ്യാര്‍ത്ഥി സംഘത്തെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തിയത്.
ലൈസന്‍സ് നേടാന്‍ പ്രായമാവാത്ത വിദ്യാര്‍ത്ഥികള്‍ വളരെ സമര്‍ത്ഥമായാണ് വാടകക്കും മറ്റും ബൈക്കുകള്‍ സംഘടിപ്പിക്കുന്നത്. 

രാവിലെ യൂനിഫോമില്‍ വീട്ടില്‍ നിന്നിറങ്ങുന്ന വിദ്യാര്‍ത്ഥി സംഘം വീട്ടില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ സൂക്ഷിച്ച ബൈക്കുകളില്‍ കയറിയാണ് സ്കുളിലേക്ക് പോവുന്നത്. യൂനിഫോമില്‍ ബൈക്കില്‍ യാത്രചെയ്യുന്നത് പോലീസിന്‍റെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ബാഗില്‍ കരുതിയ ടീഷര്‍ട്ട് ധരിച്ച് മുഖംമൂടി കണക്കെ മുഖത്ത് ടവല്‍കെട്ടിയാണ് യാത്ര ചെയ്യുന്നത്. സ്കൂളിന്‍റെ എതാണ്ട് ഒരു കിലോമീറ്റര്‍ അകലെയായി ബൈക്ക് ആളൊഴിഞ്ഞ പറമ്പിലൊ കെട്ടിടങ്ങളിലൊ സൂക്ഷിച്ച് വീണ്ടും യൂനിഫോം മാറിയാണ് സ്കൂളിലെത്തുന്നത്.[www.malabarflash.com]

വൈകീട്ട് സ്കൂള്‍ വിട്ടാല്‍ ബൈക്ക് ഒളിപ്പിച്ച് വെച്ച സ്ഥലത്തെത്തി യൂനിഫോമിന് പകരം ടീഷര്‍ട്ട് ധരിച്ച് നഗരങ്ങളിലൂടെ ചുറ്റിക്കറങ്ങിയാണ് വീട്ടിലെത്തുന്നത്. സ്കൂളില്‍ നിന്ന് ഇറങ്ങുമ്പോഴും വീട്ടിലെത്തുമ്പോഴും യൂനിഫോമിലായതിനാല്‍ വീട്ട്കാര്‍ക്കോ സ്കൂളില്‍ അധ്യാപകര്‍ക്കോ സംശയമൊന്നും തോന്നാറില്ല. അതു പോലെ തന്നെ വീട്ടില്‍ നിന്നിറങ്ങുമ്പോഴും സ്കൂളിലെത്തുമ്പോഴും ഇവര്‍ യൂനിഫോമില്‍ തന്നെ പ്രത്യക്ഷപ്പെടുകയാണ്. ഇത്തരത്തില്‍ വളരെ സമര്‍ത്ഥമായാണ് കുട്ടിസംഘങ്ങള്‍ വീട്ടിലും സ്കൂളിലും കാര്യങ്ങള്‍ നീക്കുന്നത്.

ഇവര്‍ ബൈക്ക് സംഘടിപ്പിക്കുന്ന രീതിയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാന്‍ കഴിഞ്ഞത്. ട്യൂഷന്‍ ഫീസില്‍ നിന്ന് പകുതി ഭാഗം അടിച്ചു മാറ്റുക, വീട്ടില്‍ നിന്നും ചെറിയ ചെറിയ മോഷണങ്ങള്‍, ഗിഫ്റ്റായി ലഭിക്കുന്ന വാച്ച്പോലുള്ള വിലകൂടിയ വസ്തുക്കള്‍ എന്നിവ വില്‍പ്പന നടത്തി കിട്ടുന്ന പണം കൊണ്ടാണ് സംഘം മാസവാടകക്കും മറ്റും ബൈക്കുകള്‍ എടുക്കുന്നത്..[www.malabarflash.com]

കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി ട്യൂഷന്‍ ടീച്ചര്‍ക്ക് ഒരു വര്‍ഷത്തെ ഫീസായി വീട്ടില്‍ നിന്ന് നല്‍കിയ 8000 രുപയില്‍ നിന്ന് 3000 രൂപ അടിച്ചു മാറ്റിയാണ് വാടക സംഘത്തില്‍ നിന്നും ബൈക്ക് തരപ്പെടുത്തിയത്. ട്യൂഷന്‍ ആധ്യാപികയോട് 3000 രൂപ കടം പറഞ്ഞാണ് ഈ വിദ്യാര്‍ത്ഥി വീട്ടുകാരെയും ട്യൂഷന്‍ അധ്യാപികയെയും കബളിപ്പിച്ചത്.
മറ്റൊരു വിദ്യാര്‍ത്ഥി അച്ഛന്‍ ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ നല്‍കിയ 17,000 രൂപ വിലമതിക്കുന്ന വാച്ച് തുച്ഛമായ 5000 രൂപക്ക് വിറ്റ് ആ പണം കൊണ്ട് ഒരുമാസത്തേക്ക് ബൈക്ക് വാടകക്ക് വാങ്ങുകയായിരുന്നു. കമ്മല്‍ മോഷണം നടത്തിയാണ് വിരുതനായ ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബൈക്ക് സംഘടിപ്പിച്ചത്. വീട്ടിലെ രണ്ട് കമ്മലുകളില്‍ ഒന്നാണ് വിദ്യാര്‍ത്ഥി ബൈക്കിനായി മോഷ്ടിച്ചത്. രണ്ടെണ്ണം മോഷ്ടിക്കുമ്പോള്‍ അത് കളവ് പോയതാണെന്ന് എളുപ്പത്തില്‍ വീട്ടുകാര്‍ക്ക് മനസിലാവുന്നത് ഒഴിവാക്കാനാണ് കുട്ടിയുടെ 'ഒറ്റക്കമ്മല്‍ മോഷണം'. ഈ കമ്മല്‍ വിറ്റ് കിട്ടിയ 15,000 രൂപക്ക് മൂന്നുമാസത്തേക്കാണ് ബൈക്ക് വാടകക്കെടുത്തത്. .[www.malabarflash.com]

ഇങ്ങനെ സംഘടിപ്പിക്കുന്ന ബൈക്കുകള്‍ സംഘങ്ങള്‍ മാറിമാറി ഓടിക്കുകയാണ്.നഗരത്തില്‍ ബൈക്കുകള്‍ വാടകക്ക് നല്‍കുന്ന വ്യക്തികളും സ്ഥാപനങ്ങളും യഥേഷ്ടമുണ്ട്. പലപ്പോഴും കുട്ടി സംഘങ്ങള്‍ വ്യക്തികളെയാണ് സമീപിക്കാറ്. ഇവിടെ 200 മുതല്‍ 500 രൂപവരെ ദിവസ വാടകക്ക് ബൈക്ക് ലഭിക്കും. 

ഇങ്ങനെ ബൈക്ക് വാടകക്ക് നല്‍കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളൊന്നും ഈ സംഘങ്ങളും വ്യക്തികളും പാലിക്കാറില്ല. വാഹനങ്ങളുടെ രേഖകള്‍, വാങ്ങാനെത്തുന്നവര്‍ക്ക് ലൈസന്‍സുണ്ടോ ഈ വക കാര്യങ്ങളൊന്നും അവര്‍ അന്വേഷിക്കാറില്ല. ബൈക്കുമായി കറങ്ങുന്ന വിദ്യാര്‍ത്ഥി സംഘം അപകടത്തില്‍ പെടുകയോ പോലീസ് പിടിയിലാവുകയോ ചെയ്താല്‍ കെണില്‍പെടുന്നത് മാതാപിതാക്കളോ വാഹന ഉടമയോ ആയിരിക്കും.

വിദ്യാര്‍ത്ഥികളുടെ ബൈക്ക് ഭ്രമം ചൂഷണം ചെയ്യുന്ന സംഘവും നഗരത്തില്‍ വിലസുന്നുണ്ട്. ഇത്തരക്കാരില്‍ നിന്നും ബൈക്ക് വാടകക്ക് വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ചിലപ്പോള്‍ വലിയ കുരുക്കിലാണ് ചെന്ന്‌പെടുന്നത്‌. 
വാടകക്ക് നല്‍കിയ ബൈക്ക് മോഷ്ടിക്കപ്പെട്ടതാണെങ്കില്‍ കെണിയുന്നത് ഒന്നുമറിയാത്ത വിദ്യാര്‍ത്ഥികളും മാതാപിതാക്കളുമാവും. 

പോലീസ് പിടിയിലായ വിദ്യാര്‍ത്ഥികളെ രക്ഷിക്കാനും ഇത്തരക്കാരില്‍ ചിലര്‍ എത്താറുണ്ട്. വീട്ടിലറിയാതെ പോലീസ് കേസില്‍ നിന്നും രക്ഷപ്പെട്ടിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ പ്രത്യുപകാരമായി ഇവര്‍ക്ക് എത്തരത്തിലുള്ള ഉപകാരവും ചെയ്യാന്‍ മടിക്കാറില്ല. പോലീസ് സ്റ്റേഷനില്‍ നിന്നും സംഘത്തിന്‍റെ സഹായത്താല്‍ പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളെ ചില സംഘങ്ങള്‍ കഞ്ചാവ് വാഹകരായും മറ്റും ഉപയോഗപ്പെടുത്തുന്ന രീതി പാലക്കാട് പോലുള്ള ജില്ലകളില്‍ വ്യാപകമാണ്. ഇത്തരത്തിലുള്ള പ്രവണതകള്‍ കണ്ണൂരിലുമുണ്ടോ എന്ന കാര്യം അന്വേഷിക്കേണ്ടതുണ്ട്.

വിദ്യാര്‍ത്ഥി സംഘങ്ങളുടെ ബൈക്ക് സഞ്ചാരം സ്കൂള്‍ അധികൃതരുടെയും പോലീസിന്‍റെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ പ്രവണത തടയാനും വിദ്യാര്‍ത്ഥികളെ ബോധവല്‍കരിക്കാനും ഒരു കൂട്ടായ്മ രൂപീകരിക്കാനുള്ള നീക്കത്തിലാണ് രക്ഷിതാക്കള്‍. 

വിദ്യാര്‍ത്ഥികളുടെ ഇത്തരം അനധികൃത നീക്കങ്ങള്‍ കണ്ടെത്താന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചുകഴിഞ്ഞു. ബൈക്കില്‍ കറങ്ങുന്നതടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഫോട്ടോ എടുത്ത് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാനാണ് തീരുമാനം. അധികൃതരുടെ ഭാഗത്ത് നിന്നും ഉചിതമായ നടപടികളാണ് ഇനി ആവശ്യം.
(കടപ്പാട്: സുദിനം)






Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.