Latest News

  

ഒമാനില്‍ മലയാളിയെ കവര്‍ച്ചാസംഘം തട്ടിക്കൊണ്ടു പോയി

ഒമാന്‍:[www.malabarflash.com] ഒമാനില്‍ കവര്‍ച്ചാസംഘം തട്ടിക്കൊണ്ടുപോയെന്നു കരുതുന്ന മലയാളിയായ പെട്രോള്‍ സ്‌റ്റേഷന്‍ മാനേജര്‍ക്കായി അന്വേഷണം തുടരുന്നു. മസ്‌കത്തില്‍നിന്നു 400 കിലോമീറ്റര്‍ അകലെ ഇബ്രി–ബുറൈമി റോഡില്‍ സുനീന പ്രദേശത്തു പ്രവര്‍ത്തിക്കുന്ന പെട്രോള്‍ സ്‌റ്റേഷനിലെ മാനേജരായ കോട്ടയം മണര്‍കാടു ചെറുവിലാകത്ത് ജോണ്‍ ഫിലിപ്പിനെ(46)യാണു തട്ടിക്കൊണ്ടുപോയത്.

വെള്ളിയാഴ്ച രാത്രി 11നു ജോണ്‍ ഒറ്റയ്ക്കായിരുന്നപ്പോഴാണു സംഭവം. സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് നഷ്ടപ്പെട്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. പമ്പിലെ ആ ദിവസത്തെ ആകെ പണം എണ്ണി തിട്ടപ്പെടുത്തി ബാങ്കിലടയ്‌ക്കേണ്ട ഉത്തരവാദിത്തം ജോണ്‍ ഫിലിപ്പിനാണ്. ജോണിനെ കൂടാതെ കൊല്ലം സ്വദേശിയായ ബാബുവും ഒമാന്‍ സ്വദേശിയുമാണ് ഇവിടെ ജോലിക്കുള്ളത്.

റംസാന്‍ നോമ്പായതിനാല്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മറ്റാരും ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. അടുത്തദിവസം രാവിലെ പമ്പിലെത്തിയ ബാബുവാണു സംഭവം പോലീസില്‍ അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും മറ്റുമായി ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പമ്പിന്റെ ഓഫിസ് പൂര്‍ണമായും തകര്‍ത്ത നിലയിലാണ്. കണക്കുകള്‍ എഴുതുന്ന പുസ്തകം രണ്ടായി മുറിഞ്ഞനിലയിലായിരുന്നു. തറയില്‍ രക്തത്തുള്ളികള്‍ കണ്ടെത്തിയതായും വിവരമുണ്ട്.

പമ്പിലുണ്ടായിരുന്ന 5000 റിയാലും (ഏകദേശം 8.3 ലക്ഷം രൂപ) നഷ്ടപ്പെട്ടതായാണു വിവരം. ജോണിന്റെ കാര്‍, ലേബര്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ പമ്പില്‍ തന്നെയുണ്ടായിരുന്നു. മലയാളികളായ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ജോണ്‍ ഫിലിപ്പിന്റെ ഭാര്യ ബിനു, മക്കളായ റോണക്, ആന്‍ മേരി എന്നിവര്‍ കഴിഞ്ഞ വേനലവധിക്കു മസ്‌കത്തിലുണ്ടായിരുന്നു. മേയ് ഏഴിനാണ് ഇവര്‍ തിരിച്ചെത്തിയത്.

സംഭവദിവസം ഇന്ത്യന്‍ സമയം രാത്രി ഒന്‍പതിനു ജോണ്‍ വീട്ടിലേക്കു വിളിച്ചിരുന്നതായി ഭാര്യ ബിനു പറഞ്ഞു. സംസാരത്തില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ലെന്നും ബിനു പറഞ്ഞു. 13 വര്‍ഷമായി പെട്രോള്‍ പമ്പിലെ മാനേജരായി ജോലിചെയ്യുന്ന ജോണിനു ഭീഷണിയൊന്നും നിലവില്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ക്ക് അറിയില്ല. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എംപിമാര്‍ക്കും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ജോസ് കെ.മാണി എംപി കേന്ദ്രമന്ത്രി സുഷമ സ്വരാജുമായും വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ടു.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.