Latest News

ബസ്സില്‍ കടത്തിയ 2 ലക്ഷം രൂപയുടെ പാന്‍ ഉല്‍പ്പന്നങ്ങളും വിദേശ മദ്യവുമായി 3 പേര്‍ അറസ്റ്റില്‍


കാസര്‍കോട്‌: [www.malabarflash.com] കെ എസ്‌ ആര്‍ ടി സി ബസ്സില്‍ കടത്തിയ രണ്ട്‌ ലക്ഷത്തിലതികം രൂപയുടെ പാന്‍ ഉല്‍പ്പന്നങ്ങളും വിദേശ മദ്യവുമായി ഉത്തര്‍പ്രദേശ്‌ സ്വദേശികളായ മൂന്നംഗ സംഘത്തെ എക്‌സൈസ്‌ അറസ്റ്റ്‌ ചെയ്‌തു. ഉത്തര്‍പ്രദേശ്‌ ബല്ല്യ ജില്ലയിലെ ഇന്ദിരാനഗറില്‍ താമസിക്കുന്ന വിനോദ്‌കുമാര്‍ (27), മുന്ന (27), അനില്‍കുമാര്‍ പട്ടേല്‍ (35) എന്നിവരെയാണ്‌ കാസര്‍കോട്‌ എക്‌സൈസ്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ സി ഐ കെ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ പിടികൂടിയത്‌. വെള്ളിയാഴ്ച പുലര്‍ച്ചെ 1.20 വോടെ അടുക്കത്ത്‌ ബയലില്‍ വെച്ചാണ്‌ സംഭവം. കൊല്ലൂര്‍ മൂകാംബികയില്‍ നിന്ന്‌ കൊട്ടാരക്കരയിലേക്ക്‌ പോവുകയായിരുന്ന കെ എസ്‌ ആര്‍ ടി സി സൂപ്പര്‍ എക്‌സ്‌പ്രസ്സ്‌ ബസ്സില്‍ കടത്തിയതായിരുന്നു പാന്‍ ഉല്‍പ്പന്നങ്ങളും കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവും.കേരളത്തിലേക്ക്‌ കര്‍ണ്ണാടകയില്‍ നിന്ന്‌ മദ്യവും, പാന്‍ ഉല്‍പ്പന്നങ്ങളും വ്യാപകമായി കടത്തുന്നുണ്ടെന്ന സൂചനകളെത്തുടര്‍ന്ന്‌ പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ്‌ ഇത്‌ കണ്ടെത്തിയത്‌.
ബസ്സ്‌ അടുക്കത്ത്‌ബയലില്‍ തടഞ്ഞു പരിശോധന നടത്തിയപ്പോഴാണ്‌ പ്ലാസ്റ്റിക്‌ ചാക്കുകളില്‍ നിറച്ച പാന്‍ ഉല്‍പ്പന്നങ്ങളും മദ്യവും സീറ്റിനടിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്‌. ബസ്സിലുണ്ടായിരുന്ന മൂന്നംഗ ഉത്തര്‍പ്രദേശ്‌ സ്വദേശികളെ ചോദ്യം ചെയ്‌തപ്പോള്‍ തങ്ങള്‍ കടത്തിക്കൊണ്ടുവന്നതാണെന്ന്‌ ഇവര്‍ സമ്മതിച്ചു.
വിനോദ്‌കുമാറിനെയും മുന്നയെയും രണ്ട്‌ ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 3261 പാക്കറ്റ്‌ പാന്‍ ഉല്‍പ്പന്നങ്ങളുമായും, അനില്‍കുമാര്‍ പട്ടേലിനെ 35 പാക്കറ്റ്‌ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായാണ്‌ പിടികൂടിയതെന്ന്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ സി ഐ കെ കാര്‍ത്തികേയന്‍ പറഞ്ഞു.പാന്‍ ഉല്‍പ്പന്നങ്ങളും മദ്യവും കണ്ണൂരിലേക്ക്‌ കൊണ്ടുപോകാനായിരുന്നെന്ന്‌ പ്രതികള്‍ മൊഴി നല്‍കി. കണ്ണൂരിലെ ചെറുകിട വ്യാപാരികള്‍ക്ക്‌ വില്‍പ്പന നടത്താനാണ്‌ ഇവ കൊണ്ടുപോകുന്നതെന്നും പ്രതി എക്‌സൈസിനോട്‌ സമ്മതിച്ചു. കൂള്‍, വിമല്‍, ഹാന്‍സ്‌, രംഗീര്‍, ചതാവതി, സ്വാഗത്‌, ചുഹരിപതി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ലഹരി ഉല്‍പ്പന്നങ്ങളാണിത്‌. ലഹരിയുടെ തീവ്രതക്കനുസരിച്ചാണ്‌ ഇതിന്റെ വിലയും ഈടാക്കുന്നത്‌. കര്‍ണ്ണാടകയില്‍ നിന്ന്‌ തുച്ഛമായ വിലക്ക്‌ ലഭിക്കുന്ന പാന്‍ ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ എത്തിച്ച്‌ വന്‍ ലാഭമാണ്‌ വിതരണക്കാര്‍ നേടുന്നത്‌. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന്‌ എക്‌സൈസ്‌ സംഘം അറിയിച്ചു.
പരിശോധനയില്‍ സി ഐക്കൊപ്പം പ്രിവന്റീവ്‌ ഓഫീസര്‍ സി കെ അഷ്‌റഫ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ ഇ എന്‍ മധു, പി മനോജ്‌, ഡ്രൈവര്‍ രാജീവന്‍ എന്നിവരും ഉണ്ടായിരുന്നു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.