Latest News

ദുബൈയില്‍ വാഹനാപകടം: ഏഴുമരണം; മലയാളിയടക്കം ആറ് ഇന്ത്യക്കാർ


ദുബായ് [www.malabarflash.com]: ദുബൈ-അബൂദബി എമിറേറ്റ്‌സ് റോഡില്‍ നിര്‍ത്തിയിട്ട ട്രക്കിന് പിന്നില്‍ മിനിബസ് ഇടിച്ച് മലയാളിയടക്കം ഏഴുപേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. മരിച്ച ഏഴു പേരില്‍ ആറ് ഇന്ത്യക്കാര്‍. ഇവരില്‍ ഒരു മലയാളിയെയും ഉത്തരേന്ത്യക്കാരനെയും തിരിച്ചറിഞ്ഞു. എന്‍ജിനീയറായ എറണാകുളം പിറവം സ്വദേശി എവിന്‍കുമാര്‍(29) ആണ് മരിച്ച മലയാളി. മറ്റൊരാള്‍ ഉത്തരേന്ത്യന്‍ സ്വദേശി ഹുസൈന്‍ ആണ്. അപകടത്തില്‍ 13 പേര്‍ക്കു പരുക്കേറ്റിരുന്നു. ഇവരെ ദുബായിലെ റാഷിദ്, ദുബായ്, അല്‍ ബറഹ, സൗദി ജര്‍മന്‍ ലൈഫ്‌ലൈന്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ദുബായിലെ സ്റ്റീല്‍ കമ്പനിയിലെ എന്‍ജിനീയര്‍മാരടക്കമുള്ള ജോലിക്കാര്‍ സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. ആകെ 20 പേരായിരുന്നു ബസിലുണ്ടായിരുന്നത്. എമിറേറ്റ്‌സ് റോഡ് ദുബായ് അബുദാബി റൂട്ടില്‍ ജബല്‍ അലി അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനടുത്തായി ചൊവ്വ രാവിലെ എട്ടോടെയായിരുന്നു അപകടം. പിക്കപ്പില്‍ ഇടിച്ചതിനെ തുടര്‍ന്ന് റോഡിന്റെ മൂന്നാമത്തെ ലൈനില്‍ നിര്‍ത്തിയിട്ടിരുന്ന, കരിങ്കല്‍ക്കഷ്ണങ്ങള്‍ കയറ്റിയ ട്രക്കിനു പിന്നില്‍ മിനി ബസ് ഇടിക്കുകയായിരുന്നുവെന്ന് ദുബായ് പൊലീസ് തലവന്‍ ലഫ്.ജനറല്‍ ഖാമിസ് മത്താര്‍ അല്‍ മസീന പറഞ്ഞു.
മിനി ബസ് പൂര്‍ണമായും തകര്‍ന്നു. പൊലീസെത്തിയാണ് മൃതദേഹങ്ങളും പരുക്കേറ്റവരെയും പുറത്തെടുത്തത്. സംഭവത്തെ തുടര്‍ന്ന് ഈ ഭാഗത്തു മണിക്കൂറുകളോളം ഗതാഗത സ്തംഭനമുണ്ടായി. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി. മരിച്ച മറ്റുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.