Latest News

പെരുന്നാള്‍ ഓര്‍മ്മ: ഉമ്മ കൊണ്ടുവന്ന ആ നീലപൊതി

അസര്‍ നമസ്‌കാരം തുടങ്ങാന്‍ സമയമായിക്കാണും..
ഉമ്മയുടെ കയ്യിലെ പൊതി കണ്ടപ്പോ ആകാംഷയായി..
പെരുന്നാള്‍ രാവിന്റെ അന്ന് പുത്തന്‍ ഡ്രസ്സെടുക്കാന്‍ ഞങ്ങളാരും പോയിരുന്നില്ല..[www.malabarflash.com]
എളാമ്മയുടെ കൂടെ ടൗണിലേക്കെന്നും പറഞ്ഞ്,
എങ്ങനെ പോകാനാ, ഇഷ്ടമുള്ളത് വാങ്ങാന്‍ നോക്കിയാല്‍ പൈസ തികയില്ലല്ലോ..
നീല കവറില്‍ പൊതിഞ്ഞ് കൊണ്ടു വന്നതില്‍ എന്താണെന്നറിയാന്‍ ആകാംഷയായിരുന്നു..
വലിയ വലിയ ടെക്‌സ്‌റ്റെയില്‍സിന്റെ പേരൊന്നും അതിലില്ല,ബ്ലാങ്കായ ഒരു നീല കവര്‍..അതിനകത്ത് കടലാസില്‍ പൊതിഞ്ഞു വെച്ചിരിക്കുവായിരുന്നു പെരുന്നാള്‍ കോടി..
'മോനെ ഇങ്ങട്ട് വാ, ഇത് ഇട്ടോക്ക്, ഷര്‍ട്ടേ ഉള്ളൂ ട്ടോ, പാന്റ് ഉമ്മച്ചി പിന്നെ വാങ്ങി തരാം, ഇപ്പഴത്തത് കേടായിട്ടിലല്ലൊ'
'ഹ്മ്മ്' മൂളി..
കാപ്പി നിറത്തിലൊരു കള്ളി ഷര്‍ട്ട് എനിക്കും,
വേറെയൊരു നിറത്തിലുള്ളത് ഇക്കാക്കും..അനിയന്മാര്‍ക്കും അങ്ങനെ തന്നെ..ഏറ്റവും ഇളയവനു വാങ്ങിച്ചു..
നല്ലത് തന്നെ..അവന്‍ കുഞ്ഞല്ലേ..
പെരുന്നാള്‍ പൈസ മുതലാളി തരാതെയായാല്‍ വീട്ടിലേക്ക് കയറി വരുന്ന ഉപ്പാന്റെ മുഖം നിങ്ങള്‍ കണ്ടിട്ടുണ്ടോ എപ്പോഴെങ്കിലും?
മക്കള്‍ക്ക് പുത്തന്‍ വസ്ത്രം കൊടുക്കാന്‍ പോലും കഴിയാതെ ഹൃദയം നുറുങ്ങി മൗനിയായി പോയി ഉറങ്ങിയ ഉപ്പാന്റെ മുഖം എന്റെ കണ്ണില്‍ നിന്നും പോകില്ല..
കോഴിക്കോട് എസ് എം സ്ട്രീറ്റിലെ തെരുവു കച്ചവടക്കാരനില്‍ നിന്നുംവാങ്ങിച്ച് വന്ന ആ വസ്ത്രം ഞാനണിഞ്ഞ ഏറ്റവും നല്ല തുണിയായി എനിക്കു തോന്നിയിട്ടുണ്ട്..
അന്നൊക്കെ ഉമ്മ വല്ലതും വാങ്ങിയോന്ന് ചോദിക്കാന്‍ പോലും ആവാത്ത പ്രായമായിരുന്നു,
ഇനി ഇന്നെങ്ങാനും ചോദിച്ചാലോ:
'ഉമ്മ ഒരു മാക്‌സി വാങ്ങി മോനെ '
എന്നാകും മറുപടി..
അല്ലെങ്കിലും ഈ ഉമ്മമാര്‍ക്ക് മാക്‌സിയില്‍ ആരോ കൈവിഷം കൊടുത്തപോലെയാ എല്ലാ പെരുന്നാള്‍ക്കും..
ഇഷ്ടപ്പെട്ടില്ലെങ്കിലും ഒന്നും മൂളാതെ അതിട്ട് കണ്ണാടി നോക്കി നിക്കും..
പേരകുട്ടി കരയുമെന്ന് മനസ്സിലാക്കിയ വല്ലിമ്മാന്റെ വക ഇരുപതുര്‍പ്പ്യ പെരുന്നാ പൈസ ആയി തന്നിട്ട് പറയും:
'ന്റെ കുട്ടിക്ക് മാത്രാ ഇരുപതുര്‍പ്പ്യ ട്ടോ,ആരോടും പറയരുതേ ബാകിള്ളോര്‍ക്കൊക്കെ പത്തുര്‍പ്പ്യേ കൊടുത്തിട്ടുള്ളൂ '
ഇത് കേള്‍ക്കുമ്പോ മനസ്സ് തണുക്കും..
നിലാവില്‍ വിരിഞ്ഞ ചന്ദ്രനെപോലെ പുഞ്ചിരിക്കും ,
കയ്യിലുള്ള തുണിക്ക് മൊഞ്ച് കൂടും..
ഉമ്മാന്റെ മുഖം പുഞ്ചിരിക്കും...
പൊന്നു മോന്റെ മുഖം വിഷമിരിക്കുന്നത് കാണന്‍ വയ്യാത്തോണ്ടാകും വല്ലിമ്മ ആ റോള്‍ ഏറ്റെടുത്ത് സന്തോഷിപ്പിച്ചത്...
ഇക്കാനോടും അനിയന്മാരോടും വല്ലിമ്മ എന്നോട് പറഞ്ഞപോലെ തന്നെയാണു പറഞ്ഞത് എന്ന് പിന്നീടാ മനസ്സിലാവുക..
അതും വല്ലിമ്മ പള്ളിക്കാട്ടില്‍ എത്തിയ ശേഷം..
എന്നും വെള്ളതുണി ഉടുത്ത് എല്ലാ പെരുന്നാള്‍ക്കും പള്ളിയിലേക്ക് പോകാറുള്ള ഉപ്പാനോട് അന്നൊന്നും ചോദിക്കാന്‍ കഴിഞ്ഞിരുന്നില്ല;
'ഉപ്പാ ഇത് പുത്യേതാണോ ' എന്ന്..
പള്ളി വിട്ട് വീട്ടിലെത്തിയാല്‍ കഴിക്കാനുള്ള സേമ്യ പായസവും പൊക്ക വടയും കല്ലുമ്മ കായയും ഇന്നും അങ്ങനെതന്നെ ഈ നെഞ്ചിലുണ്ട്...
ഇന്ന് രണ്ടും മൂന്നും ജോഡി വസ്ത്രം എടുക്കുമ്പോ ഉമ്മ ചോദിക്കാറുണ്ട്:
'ന്തിനാടാ ഇങ്ങനൊക്കെ എടുക്കണേ, ഒന്ന് പോരേ ' എന്ന്..
കാലം നമ്മള്‍ മറന്നാലും അവരു മറക്കോ..ഇല്ലല്ലോ..
'ഉമ്മ, ഉമ്മ..'
'ന്താടാ '
'ഇങ്ങട്ടൊന്ന് നോക്ക്യേ ഇങ്ങള്‍ '
'ആ നീ പറഞ്ഞോ ഉമ്മാക്ക് പണിയിണ്ട് '
'ഉമ്മ
നിങ്ങളന്ന് നീല കവറില്‍ പൊതിഞു കൊണ്ടു വന്ന പെരുന്നാള്‍ വസ്ത്രത്തിനെന്തൊരു മണമാ ല്ലെ ഇന്ന്..'
***************
ഷാഹിര്‍ കളത്തിങ്ങല്‍

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.