Latest News

കാസര്‍കോട്ട് കലാപമുണ്ടാക്കാനുളള ആസൂത്രിത ശ്രമം പൊളിഞ്ഞു;പരാതിക്കാരനെതിരെ കേസ്‌

കാസര്‍കോട്‌:[www.malabarflash.com]കാസര്‍കോട്ട്‌ ലഹളയ്‌ക്കു ആസൂത്രിത ശ്രമം നടന്നതായി പോലീസ്‌ കണ്ടെത്തി. ഇതേ തുടര്‍ന്ന്‌ അക്രമത്തില്‍ പരിക്കേറ്റെന്ന വ്യാജേന ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിനും സുഹൃത്തിനും എതിരെ പോലീസ്‌ കേസെടുത്തു.

ചെട്ടുംകുഴി, ഹിദായത്ത്‌ നഗറിലെ പി.എ.അസ്‌ഹറുദ്ദീന്‍(24) ഇയാളുടെ സുഹൃത്ത്‌ സിദ്ദീഖ്‌ എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌. ഇന്ത്യന്‍ ശിക്ഷാ നിയമം 117-ഡി, (പോലീസിനെ തെറ്റിദ്ധരിപ്പിച്ച്‌ അന്വേഷണം വഴിതെറ്റിക്കല്‍),153-ഐ.പി.സി. (ആളുകള്‍ക്കിടയില്‍ സ്‌പര്‍ദ്ധ ഉണ്ടാക്കി ലഹളയ്‌ക്കു ശ്രമിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ കേസെടുത്തതെന്ന്‌ സി.ഐ. എം.പി. ആസാദ്‌ പറഞ്ഞു.

ഈ മാസം ഒന്നാം തീയ്യതി വൈകിട്ടോടെയാണ്‌ കേസിനാസ്‌പദമായ സംഭവത്തിനു തുടക്കം. കാസര്‍കോട്ടെ കടയില്‍ സെയില്‍സ്‌മാനായ താനും സുഹൃത്തും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ ആനവാതുക്കലില്‍ വച്ച്‌ ഓംനിവാനിലെത്തിയ ഒരു സംഘം തടഞ്ഞുനിര്‍ത്തി വെട്ടിപരിക്കേല്‍പ്പിച്ചുവെന്നു പറഞ്ഞാണ്‌ അസ്‌ഹറുദ്ദീന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്‌.

വിവരമറിഞ്ഞ്‌ സംഭവ സ്ഥലത്തേയ്‌ക്കു കുതിച്ചെത്തിയ ജില്ലാ പോലീസ്‌ ചീഫ്‌ തോംസണ്‍ ജോസിന്റെ നിര്‍ദ്ദേശ പ്രകാരം അക്രമികള്‍ക്കെതിരെ നരഹത്യാശ്രമത്തിനു കേസെടുക്കുകയും ചെയ്‌തിരുന്നു. പരിക്കേറ്റ അസ്‌ഹറുദ്ദീനില്‍ നിന്നും ജില്ലാ പോലീസ്‌ ചീഫ്‌ മൊഴിയെടുത്തിരുന്നു. അക്രമം നടന്നുവെന്നു പറഞ്ഞ സമയത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്തിലും വൈരുധ്യം തോന്നിയ പോലീസ്‌ ചീഫ്‌ വിശദമായ അന്വേഷണത്തിനു നിര്‍ദ്ദേശം നല്‍കി. അക്രമികളെന്നു സംശയം പ്രകടിപ്പിച്ചവരെ പോലീസ്‌ കസ്റ്റഡിയിലെടുത്തുവെങ്കിലും നിരപരാധികളാണെന്നു കണ്ടെത്തി തിരിച്ചയച്ചു.

സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ അസ്‌ഹറുദ്ദീനു പരിക്കേറ്റ ശേഷം കാസര്‍കോട്ടെ ചിലരുടെ ഫോണുകളിലേയ്‌ക്ക്‌ എത്തിയ സന്ദേശങ്ങളില്‍ അസ്വാഭാവികത ഉള്ളതായും പോലീസ്‌ കണ്ടെത്തി.തുടര്‍ന്ന്‌ കാസര്‍കോട്‌ നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസും വ്യാപാര സ്ഥാപനങ്ങളിലും സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ പരാതിക്കാരന്‍ പറഞ്ഞ സമയത്തു ഓംനിവാന്‍ ഓടുന്ന ദൃശ്യം കണ്ടെത്തിയില്ല. ഇതോടെ പരാതിക്കാരനിലേയ്‌ക്കു സംശയമുന നീണ്ടു.

സി.ഐ.മാരായ എം.പി. ആസാദ്‌, സി.കെ.സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ എസ്‌.ഐ.രഞ്‌ജിത്ത്‌ രവീന്ദ്രന്‍, എന്നിവര്‍ പരാതിക്കാരനില്‍ നിന്നും വിശദമായ മൊഴിയെടുത്തു. പോലീസിന്റെ തിരിച്ചും മറിച്ചുമുള്ള ചോദ്യം ചെയ്യലില്‍ അക്രമ സംഭവത്തിന്റെ ഉള്ളുകള്ളികള്‍ പുറത്തുവരികയായിരുന്നു.

അക്രമം ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്നു അസ്‌ഹറുദ്ദീന്‍ മൊഴി നല്‍കിയതായി പോലീസ്‌ അറിയിച്ചു. ബൈക്കില്‍ ആനവാതുക്കലില്‍ എത്തി ഒരു കടയില്‍ നിന്നു ബ്ലേഡുവാങ്ങുകയും സുഹൃത്തിന്റെ സഹായത്തോടെസ്വയം മുറിവേല്‍പ്പിക്കുകയുമായിരുന്നുവെന്നു അസ്‌ഹറുദ്ദീന്‍ മൊഴി നല്‍കിയതായി പൊലീസ്‌ പറഞ്ഞു. തുടര്‍ന്നാണ്‌ പോലീസ്‌ കേസെടുത്തത്‌. അന്വേഷണ സംഘത്തില്‍ ജില്ലാ പോലീസ്‌ ചീഫിന്റെ സ്‌ക്വാഡും ഷാഡോ പോലീസും ഉണ്ടായിരുന്നു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.