Latest News

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണം: കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി:[www.malabarflash.com] മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പു റദ്ദാക്കണമെന്നാവശ്യപ്പെട്ടു കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടു നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണു സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്. മഞ്ചേശ്വരത്തെ ബി ജെ പി സ്ഥാനാര്‍ഥിയായ കെ. സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്കാണു മുസ്ലിം ലീഗിലെ ബി അബ്ദുള്‍ റസാഖിനോടു പരാജയപ്പെട്ടത്.

മഞ്ചേശ്വരത്തു തെരഞ്ഞെടുപ്പു കാലയളിവില്‍ നടന്ന വ്യാജ വോട്ടുകളെക്കുറിച്ചും വോട്ട് ഇരട്ടിപ്പിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്. തെരഞ്ഞെടുപ്പു റദ്ദാക്കാനുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നു സുരേന്ദ്രന്‍ പറഞ്ഞു.

അതേ സമയം നാല് മുന്‍ മന്ത്രിമാരുള്‍പ്പെടെ 11 ജനപ്രതിനിധികളുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.
പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, വി.എസ്. ശിവകുമാര്‍, കെ.സി. ജോസഫ് തുടങ്ങിയവരുടെ തെരഞ്ഞെടുപ്പ് റദ്ദാക്കാനാണ് ഹരജി. ഇവരുടെ വിജയം ജനപ്രാതിനിധ്യ നിയമപ്രകാരം നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി എതിര്‍ സ്ഥാനാര്‍ഥികളടക്കമുള്ളവരാണ് ഹൈകോടതിയെ സമീപിച്ചത്.
വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്റെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ആറന്മുളയില്‍ വീണ ജോര്‍ജിനെതിരെ ഡി.സി.സി ഭാരവാഹിയായ സോജിയും നേരത്തേ ഹരജി നല്‍കിയിരുന്നു. ഇതോടെ 13 തെരഞ്ഞെടുപ്പ് ഹരജികളാണ് നിലവിലുള്ളത്.

പാലായില്‍ കെ.എം. മാണിക്കെതിരെ എതിര്‍ സ്ഥാനാര്‍ഥി മാണി സി. കാപ്പനും വോട്ടറായ കെ.സി. ചാണ്ടിയുമാണ് ഹരജിക്കാര്‍. വൈദ്യുതി, വെള്ളം, വീട്ടുവാടകയിനങ്ങളില്‍ കുടിശ്ശികയില്ലെന്ന് സേവനദാതാക്കള്‍ വിശദീകരിക്കുന്ന സത്യവാങ്മൂലം കെ.എം. മാണി സമര്‍പ്പിച്ചില്ലെന്നാണ് മാണി സി. കാപ്പന്റെ ആരോപണം. നഷ്ടത്തിലായിരുന്ന മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് ആന്‍ഡ് പ്രോസസിങ് കോഓപറേറ്റിവ് സൊസൈറ്റിയിലേക്ക് കെ.എം. മാണി സ്വാധീനം ഉപയോഗിച്ച് നിക്ഷേപം എത്തിച്ചെന്നും നിക്ഷേപകര്‍ക്ക് പണം ലഭിച്ചതോടെ ഇവര്‍ അദ്ദേഹത്തിന് വോട്ടുചെയ്‌തെന്നുമാണ് കെ.സി. ചാണ്ടിയുടെ ആരോപണം.

കുഞ്ഞാലിക്കുട്ടി, ശിവകുമാര്‍, കെ.സി. ജോസഫ് എന്നിവര്‍ യഥാര്‍ഥ സ്വത്തുവിവരം മറച്ചുവെച്ച് പത്രിക നല്‍കിയെന്നാണ് പരാതി. കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങര സ്വദേശി മുജീബും തിരുവനന്തപുരത്ത് വി.എസ്. ശിവകുമാറിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന പി.ജി. ശിവകുമാറും ഇരിക്കൂറില്‍ കെ.സി. ജോസഫിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന എ.കെ. ഷാജിയുമാണ് ഹരജി നല്‍കിയത്. കോട്ടയം വടവാതൂര്‍ സ്വദേശിയായ കെ.സി. ജോസഫ് ശരിയായ വിലാസം മറച്ചുവെച്ച് ഇരിക്കൂര്‍ മണ്ഡലത്തിലുള്‍പ്പെട്ട വ്യക്തിയാണെന്ന് പ്രചരിപ്പിച്ചതായും ഹരജിയില്‍ പറയുന്നു.
അഴീക്കോട്ടുനിന്ന് ജയിച്ച കെ.എം. ഷാജിക്കെതിരെ എതിര്‍ സ്ഥാനാര്‍ഥി നികേഷ് കുമാറാണ് ഹരജി നല്‍കിയത്. ഇസ്ലാം മത വിശ്വാസിയല്ലാത്തയാള്‍ക്ക് വോട്ടുചെയ്യരുതെന്ന ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നും തനിക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചെന്നും നികേഷ് കുമാര്‍ ആരോപിക്കുന്നു.

പീഡനക്കേസിലെ പ്രതികളെ താന്‍ രക്ഷിച്ചെന്ന് കള്ളപ്രചാരണം നടത്തിയെന്നാണ് കരുനാഗപ്പള്ളിയില്‍ വിജയിച്ച ഇടതു സ്ഥാനാര്‍ഥി ആര്‍. രാമചന്ദ്രനെതിരെ യു.ഡി.എഫ് സ്ഥാനാര്‍ഥി സി.ആര്‍. മഹേഷ് നല്‍കിയ ഹരജിയില്‍ പറയുന്നത്. കൊടുവള്ളിയില്‍ കാരാട്ട് അബ്ദുറസാഖിനെതിരെ വോട്ടര്‍മാരായ കെ.പി. മുഹമ്മദ്, മൊയ്തീന്‍ കുഞ്ഞി എന്നിവരാണ് ഹരജി നല്‍കിയത്.
ലീഗ് സ്ഥാനാര്‍ഥി എം.എ. റസാഖിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിഡിയോദൃശ്യങ്ങള്‍ പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് ആക്ഷേപം. മങ്കടയില്‍ ടി.എ. അഹമ്മദ് കബീറിനെതിരെ ഇടതു സ്ഥാനാര്‍ഥി അഡ്വ. ടി.കെ. റഷീദലിയുടേതാണ് ഹരജി. വ്യാജ ആരോപണങ്ങള്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് ബുള്ളറ്റിന്‍ ഇറക്കിയെന്നാണ് പരാതി.
വടക്കാഞ്ചേരിയില്‍ കോണ്‍ഗ്രസിലെ അനില്‍ അക്കരയുടെ വിജയം ചോദ്യംചെയ്യുന്നതാണ് മറ്റൊരു ഹരജി.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.