Latest News

പെണ്‍വാണിഭക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു


കോഴിക്കോട് [www.malabarflash.com]: ബംഗ്ളാദേശ് പെണ്‍കുട്ടികളുള്‍പ്പെട്ട പെണ്‍വാണിഭക്കേസില്‍ ജാമ്യത്തിലിറങ്ങിയ വയനാട് മുട്ടില്‍ പുതിയപുരയില്‍ ബാവക്ക എന്ന സുഹൈലിനെ (44) കാപ്പ (കേരള ആന്‍റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷ്യന്‍ ആക്ട്) ചുമത്തി നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് പാളയത്തുവെച്ചാണ് അറസ്റ്റ്. വയനാട് ഭാഗത്തുനിന്ന് കുടുംബസമേതം പാളയത്ത് ബസിറങ്ങിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയുടെ പടമെടുക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ ശ്രമം ഭാര്യ തടയാന്‍ശ്രമിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി.
കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ പ്രതിയെ കാപ്പ ചുമത്താന്‍ ശിപാര്‍ശ ചെയ്തുകൊണ്ടുള്ള സിറ്റി പോലീസ് കമീഷണറുടെ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ തള്ളിയിരുന്നു. കലക്ടറുടെ നടപടിക്കെതിരെ പുനര്‍ജനി ചാരിറ്റബ്ള്‍ ട്രസ്റ്റ് കഴിഞ്ഞ ഏപ്രിലില്‍ നല്‍കിയ റിട്ട് ഹരജിയില്‍ ഒരാഴ്ചക്കകം തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കാമെന്ന് അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈകോടതിയെ അറിയിച്ചിരുന്നു. അപ്പോഴേക്കും ബംഗ്ളാദേശ് കേസില്‍ ശിക്ഷിക്കപ്പെട്ട് സുഹൈല്‍ ജയിലിലായിരുന്നതിനാല്‍ അറസ്റ്റ് ചെയ്യേണ്ട കാര്യമില്ളെന്നും ജാമ്യത്തില്‍ പുറത്തിറങ്ങുന്ന പക്ഷം പോലീസിന്‍െറ പുതിയ ശിപാര്‍ശയില്‍ കാപ്പ പ്രകാരം അറസ്റ്റ് ചെയ്യാമെന്നും ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചു. ഇതിനെ ചോദ്യംചെയ്ത് പുനര്‍ജനി നല്‍കിയ കോടതിയലക്ഷ്യ ഹരജിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍െറ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് കലക്ടറുടെ നിലപാട് ശരിവെച്ച് കേസ് തള്ളുകയുമായിരുന്നു.
സുഹൈല്‍ ജാമ്യത്തിലിറങ്ങിയ പശ്ചാത്തലത്തില്‍ പുനര്‍ജനി രണ്ടാമതും നല്‍കിയ റിട്ട് ഹരജിയില്‍ കഴിഞ്ഞ ദിവസം ഹൈകോടതി ജില്ലാ കലക്ടറോട് വിശദീകരണം തേടിയിരുന്നു. ഇതത്തേുടര്‍ന്ന് പോലീസ് കമീഷണര്‍ ജൂലൈ 17നു നല്‍കിയ പുതിയ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കാപ്പ ചുമത്താന്‍ ജില്ലാ കലക്ടര്‍ ജൂലൈ 19ന് ഉത്തരവിറക്കിയത്.കാപ്പ നിയമപ്രകാരമുള്ള വ്യവസ്ഥകളുടെ അഭാവത്തിലായിരുന്നു മുമ്പ് നടപടിയെടുക്കാതിരുന്നതെന്നാണ് കലക്ടറുടെ നിലപാട്.
ഒരു കേസില്‍പോലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നില്ല. പോലീസ് കമീഷണറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞ മൂന്ന് കേസുകളില്‍, ഒന്ന് വിചാരണ ഘട്ടത്തിലും മറ്റൊന്ന് അന്വേഷണ ഘട്ടത്തിലുമായിരുന്നു. മൂന്നാമത്തെ കേസ് പോലീസ് സ്വമേധയാ എടുത്തതായതിനാല്‍ കാപ്പക്ക് പരിഗണിക്കാവുന്നതായിരുന്നുമില്ല. മറ്റു പല കേസുകളിലുമെന്നപോലെ അറസ്റ്റിനുശേഷം വിഷയം അഡൈ്വസറി ബോര്‍ഡിനു മുന്നിലത്തെിയാല്‍ പ്രതി എളുപ്പത്തില്‍ രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ കൂടിയായിരുന്നു നടപടിയെന്നാണ് കലക്ടറുടെ വിശദീകരണം.
എരഞ്ഞിപ്പാലം ഫ്ളാറ്റില്‍ ബംഗ്ളാദേശ് യുവതി പീഡനത്തിനിരയായെന്ന കേസില്‍ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ തൃക്കരിപ്പൂര്‍ ഉദിരൂര്‍ അഞ്ചില്ലത്ത് ബദയില്‍ എ.ബി. നൗഫല്‍ (30), സുഹൈല്‍ (44), ഭാര്യ വയനാട് സുഗന്ധഗിരി പ്ളാന്‍േറഷന്‍സില്‍ അംബിക എന്ന സാജിത (35) എന്നിവര്‍ക്ക് മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി തടവും പിഴയും വിധിച്ചിരുന്നു. മൊത്തം എട്ട് പ്രതികളുള്ള കേസില്‍ അഞ്ചുപേരെ വെറുതെ വിട്ടു. സുഹൈലിന് അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും പിഴയടച്ചില്ളെങ്കില്‍ ആറുമാസം തടവുമാണ് ശിക്ഷ വിധിച്ചിരുന്നത്. പ്രതികളില്‍നിന്ന് കിട്ടുന്ന പിഴസംഖ്യയില്‍നിന്ന് ലക്ഷം രൂപ ബംഗ്ളാദേശ് യുവതിക്ക് ധാക്കയിലെ ഇന്ത്യന്‍ ഹൈകമീഷണര്‍ മുഖേന അയച്ചുകൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ കേസില്‍ പ്രതി അപ്പീല്‍ നല്‍കിയ സാഹചര്യത്തില്‍ ജാമ്യത്തിലിരിക്കെയാണ് പ്രതിയെ കാപ്പയില്‍ പിടികൂടിയത്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.