Latest News

‘പകല്‍ക്കള്ളന്‍’ പോലീസ് പിടിയില്‍


ചങ്ങനാശേരി[www.malabarflash.com]: സംസ്ഥാന വ്യാപകമായി ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചു രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ മോഷണം നടത്തിവന്ന പോണ്ടിച്ചേരി സ്വദേശി പിടിയില്‍. പോണ്ടിച്ചേരി കാരക്കല്‍ നമ്പര്‍ 33 എല്‍.ജി.ആര്‍ കോളനിയില്‍ മേലേകാസകുടി ദീപക് ജാങ്ക്ളിനാണ് (22) അറസ്റ്റിലായത്. ചങ്ങനാശേരി മോര്‍ക്കുളങ്ങരയില്‍ കഴിഞ്ഞ 14ന് കക്കാട്ടു അരുണിന്‍െറ വീട്ടില്‍ മോഷണം നടന്നത് അയല്‍വാസികള്‍ പോലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പുഴവാതില്‍നിന്ന് ദീപക്കിനെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടുകാര്‍ ജോലിക്കുപോയ സമയം ഉച്ചക്ക് ഒന്നോടെ അടച്ചിട്ട വീടിന്‍െറ ജനാലവഴി അകത്തുകടന്നു 3500 രൂപയാണ് അപഹരിച്ചത്. നാട്ടുകാര്‍ കണ്ടതോടെ ഇവിടെനിന്ന് ചാടി രക്ഷപ്പെട്ടു.
രാത്രിയില്‍ ബസില്‍ യാത്ര ചെയ്ത് ഉറങ്ങുന്ന ദീപക് രാവിലെ മുതല്‍ ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചാണ് മോഷണം നടത്തുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ വിവിധ സ്റ്റേഷനുകളില്‍ 20ലേറെ കേസുകള്‍ ദീപക്കിന്‍െറ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. തമിഴ്നാട്ടില്‍ രണ്ടുതവണ ജയില്‍ ശിക്ഷയും അനുഭവിച്ചു. മൊബൈല്‍ ഉപയോഗിക്കാത്ത ദീപക്കിന്‍െറ കൈവശം പിടിയിലാകുമ്പോള്‍ സിം ഇല്ലാത്ത ഒരു ടാബ് ഉണ്ടായിരുന്നു. കോഴിക്കോട്ടുള്ള കടയില്‍നിന്ന് വാങ്ങിയതാണ് ഇതെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്.
എന്നാല്‍, ഇയാളുടെ പക്കല്‍ കോയമ്പത്തൂര്‍-തൃശൂര്‍, തൃശൂര്‍-കോട്ടയം, കോട്ടയം-ചങ്ങനാശേരി തുടങ്ങിയ ബസ് ടിക്കറ്റുകള്‍ കണ്ടെടുത്തു. ഇതില്‍നിന്ന് ഇയാള്‍ കോഴിക്കോട്ടു പോയില്ളെന്നു മനസ്സിലാക്കിയ പോലീസ് ടാബിന്‍െറ ഐ.എം.ഇ.എ നമ്പര്‍ ഉപയോഗിച്ചു നടത്തിയ അന്വേഷണത്തില്‍ ജൂലൈ 12ന് തളിപ്പറമ്പ് സ്വദേശിയായ പ്രവാസി ഉമാശങ്കറിന്‍െറ വീട്ടില്‍നിന്ന് മോഷണം പോയതാണെന്ന് മനസ്സിലാക്കി.

തുടര്‍ന്ന് വിശദമായ ചോദ്യംചെയ്തപ്പോള്‍ ഉമാശങ്കറിന്‍െറ വീട്ടില്‍ ആളില്ലാഞ്ഞ സമയം പിന്‍വാതില്‍ തുറന്ന് അകത്തുകയറി ഏഴു പവനും ടാബും മോഷ്ടിച്ചതായി സമ്മതിച്ചു. കൂടാതെ സമീപത്തെ മഠത്തില്‍ അബ്ദുല്ലയുടെ വീട്ടില്‍നിന്ന് 46,000 രൂപ അപഹരിച്ചതും ഇയാള്‍ തന്നെയാണെന്നും പോലീസ് പറഞ്ഞു.
2016 ഫെബ്രുവരിയില്‍ താമരശേരി ഈങ്ങാപ്പുഴയില്‍ മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ അപകടം ഉണ്ടായി പരിക്കേറ്റു ഒരു മാസത്തോളം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ജയിലില്‍വെച്ചു പരിചയപ്പെട്ട ദീപുരാജിനൊപ്പം മാനന്തവാടിയിലാണ് ദീപക്കിന്‍െറ താമസം.
മോഷ്ടിച്ച തുക കൊണ്ട് ഒരു ലക്ഷത്തില്‍പരം വിലവരുന്ന ആഡംബര ബൈക്ക് വാങ്ങിയിട്ടുണ്ട്. കൂടാതെ ഭാര്യയെ എം.ബി.എ പഠിപ്പിക്കുന്നുണ്ട്. ബാക്കി പണം അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ദീപക് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ളോമക്ക് ചേര്‍ന്നിട്ടുണ്ടെങ്കിലും പൂര്‍ത്തീകരിച്ചിട്ടില്ല. ചങ്ങനാശേരി ഡിവൈ.എസ്.പി കെ. ശ്രീകുമാര്‍, സി.ഐ സക്കറിയ മാത്യു, എസ്.ഐ സിബി തോമസ്, ഷാഡോ പോലീസിലെ കെ.കെ. റെജി, പ്രദീപ് ലാല്‍, സിബിച്ചന്‍ ജോസഫ്, ആന്‍റണി സെബാസ്റ്റ്യന്‍, പ്രദീഷ് രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.